സാമ്പത്തികപ്രതിസന്ധിയില്‍ കൂപ്പുകുത്തി ശ്രീലങ്ക; പട്ടിണി മുന്നില്‍ക്കണ്ട് ജനം പലായനം തുടങ്ങി

സാമ്പത്തികപ്രതിസന്ധിയില്‍ കൂപ്പുകുത്തി ശ്രീലങ്ക കലങ്ങിമറിയുന്നു. ജനജീവിതം താറുമാറായി. പട്ടിണി മുന്നില്‍ക്കണ്ട് ജനം പലായനം തുടങ്ങി.
ശ്രീലങ്കയിലെ സാമ്പത്തിക മാന്ദ്യവും മനുഷ്യര്‍ അനുഭവിക്കുന്ന ദുരിതവും സകല പരിമിതിയും കടന്നിരിക്കുകയാണ്. ഭക്ഷ്യ ക്ഷാമവും മരുന്ന് ക്ഷാമവും കൊണ്ട് ജനങ്ങള്‍ മരിച്ചു വീഴുന്നു, പെട്രോള്‍ പമ്പുകളില്‍ പെട്രോള്‍ കിട്ടാനില്ല. ചോദ്യ പേപ്പര്‍ അച്ചടിക്കാനുള്ള പേപ്പറുകള്‍ ഇല്ലാത്തതിനാല്‍ പരീക്ഷ പോലും വേണ്ടാന്ന് വെച്ചിരിക്കുകയാണ്. പാചക വാതക വില കുത്തനെ കൂടിയതിനാല്‍ മണ്ണെണ്ണയിലേക്ക് തിരിഞ്ഞ ജനത്തിന് അതും കിട്ടാനില്ല.

ശ്രീലങ്കയില്‍നിന്ന് പലായനംചെയ്ത ആറ് അഭയാര്‍ഥികളാണ് തമിഴ്‌നാട്ടിലെത്തിയിരിക്കുന്നത്. രാമേശ്വരത്തിനു സമീപം ദ്വീപില്‍ കുടുങ്ങിയ മൂന്നു കുട്ടികളടക്കം ആറ് ശ്രീലങ്കന്‍ പൗരന്മാരെയാണ് ഇന്ത്യന്‍ തീരസംരക്ഷണസേന രക്ഷപ്പെടുത്തി രാമേശ്വരത്തെത്തിച്ചത്.

മൂന്നു പതിറ്റാണ്ടോളം നീണ്ട ആഭ്യന്തര യുദ്ധം അടക്കം ഒട്ടേറെ വെല്ലുവിളികളെ നേരിട്ടവരാണു ശ്രീലങ്കന്‍ ജനത. വീണ്ടും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ ജനങ്ങള്‍ തെരുവുകളില്‍ പ്രതിഷേധം തുടരുന്നു. ഇന്ധനത്തിനായി ജനങ്ങള്‍ തെരുവുകളില്‍ നടത്തുന്ന പ്രതിഷേധത്തെ തുടര്‍ന്ന് പെട്രോള്‍ പമ്പുകളില്‍ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. അവശ്യസാധനങ്ങള്‍ക്ക് പൊള്ളുന്ന വിലയാണ്.

ഇന്ധനം വാങ്ങാന്‍ ഡോളര്‍ ഇല്ലാത്തതാണു പ്രതിസന്ധിക്കു കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. കൈവശമുള്ള വിദേശനാണയ ശേഖരമാവട്ടെ മുന്‍പെടുത്ത ചൈനീസ് വായ്പകളുടെ പലിശ അടയ്ക്കാന്‍പോലും തികയില്ല. പ്രതിസന്ധിക്കു കാരണങ്ങള്‍ വേറെയുമുണ്ട്. സമ്പദ്വ്യവസ്ഥയ്ക്ക് അടിപതറുന്നതു തിരിച്ചറിഞ്ഞ് യുഎസ് ഡോളറുമായുള്ള വിനിമയത്തിലെ നിയന്ത്രണം നീക്കി ശ്രീലങ്കന്‍ രൂപയെ ‘സ്വതന്ത്ര വിനിമയ’ വ്യവസ്ഥയിലാക്കാന്‍ സര്‍ക്കാര്‍ തയാറാകുമെന്നായിരുന്നു പരക്കെയുള്ള വിശ്വാസം. എന്നാല്‍, രൂപയുടെ മൂല്യം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തുടര്‍ന്ന കടുംപിടിത്തമാകട്ടെ വ്യാപക തിരിച്ചടി സൃഷ്ടിച്ചെന്നു മാത്രമല്ല, പ്രവാസി ശ്രീലങ്കക്കാര്‍ നാട്ടിലേക്കു പണം അയയ്ക്കുന്നതു കുറയാനും ഇടയാക്കി. വിദേശനാണയ വരവു കുത്തനെ ഇടിഞ്ഞതോടെ യാഥാര്‍ഥ്യം അംഗീകരിച്ച ശ്രീലങ്കന്‍ സര്‍ക്കാര്‍ അടുത്തിടെ ഡോളറുമായുള്ള വിനിമയത്തിലെ നിയന്ത്രണം നീക്കി. പക്ഷേ, വിദേശനാണയ വരവ് പഴയ രീതിയിലാവാനും സ്ഥിതിഗതികള്‍ മെച്ചപ്പെടാനും സമയമെടുക്കും.

രാജ്യം ഇതുവരെ നേരിട്ടതില്‍ ഏറ്റവും ഭീകരമായ സാമ്പത്തിക പ്രതിസന്ധിയാണു രാജപക്സെ കുടുംബം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ അഭിമുഖീകരിക്കുന്നത്. അധികാരത്തിലേറിയ ഉടന്‍, ദേശീയ സുരക്ഷയും സാമ്പത്തികമുന്നേറ്റവുമൊക്കെ ലക്ഷ്യമിട്ടു പ്രസിഡന്റ് സ്വീകരിച്ച ദൂരക്കാഴ്ചയില്ലാത്ത നയതീരുമാനങ്ങളാണ് ശ്രീലങ്കന്‍ സമ്പദ്വ്യവസ്ഥയെ ഇന്നത്തെ നിലയില്ലാക്കയത്തിലേക്കു നയിച്ചതെന്നു കരുതുന്നവരാണേറെയും. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നതില്‍ ഗോട്ടബയ രാജപക്സെയും മറ്റു നേതാക്കളും ദയനീയമായി പരാജയപ്പെട്ടു. കുമിഞ്ഞുകൂടുന്ന കടബാധ്യതയ്ക്കൊപ്പം സര്‍ക്കാര്‍ പിന്തുടര്‍ന്ന ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള സാമ്പത്തിക നയങ്ങള്‍ കൂടിയായതോടെ രാജ്യം കടുത്ത പ്രതിസന്ധിയിലായി.

2015 – 2019 കാലത്ത് മൈത്രിപാല സിരിസേന പ്രസിഡന്റായിരിക്കെ, രാജ്യത്തിന്റെ കടബാധ്യത 42.8% വര്‍ധിച്ചെന്നാണു ശ്രീലങ്കയിലെ സാമ്പത്തികരംഗത്തെ വിദഗ്ധരുടെ കൂട്ടായ്മയായ വെരിറ്റാസ് റിസര്‍ച്ചിന്റെ കണക്ക്. ഈ അധികബാധ്യതയില്‍ 89.8 ശതമാനവും അതിനു മുന്‍പു പ്രസിഡന്റായിരുന്ന മഹിന്ദ രാജപക്സെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സ്വീകരിച്ച വായ്പകളുടെ പലിശയാണ്. തന്റെ നാടായ ഹംബന്‍തോട്ടയിലെ തുറമുഖവും വിമാനത്താവളവും ക്രിക്കറ്റ് സ്റ്റേഡിയവും പോലുള്ള വന്‍കിട പദ്ധതികള്‍ക്കു പണം കണ്ടെത്താനായിരുന്നു മഹിന്ദ ചൈനയില്‍നിന്നു വന്‍തുക വായ്പ സ്വീകരിച്ചത്. ശതകോടികള്‍ മുടക്കി പണിത ഈ വമ്പന്‍ പദ്ധതികളെല്ലാം വെള്ളാനകളായതോടെ പലിശഭാരം താങ്ങാനാവാതെ ശ്രീലങ്ക വലയുകയാണ്.

ശ്രീലങ്കയുടെ തിരിച്ചുവരവെന്ന് പറയുന്നത് വിദൂര സ്വപ്നമാണ്. വിവിധ കേന്ദ്രങ്ങളില്‍നിന്നു സഹായം ലഭിച്ചാലും ശ്രീലങ്ക സാമ്പത്തികമായി തിരിച്ചുവരുമോയെന്നത് വലിയൊരു ചോദ്യ ചിഹ്നമാണ്. എന്തായാലും കാത്തിരുന്ന് തന്നെ കാണേണ്ടിവരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News