കെ റെയില്‍ ; ഒരാളുടെയും കിടപ്പാടം ഇല്ലാതാക്കില്ല, ഒരാളെയും ദ്രോഹിക്കില്ല – മുഖ്യമന്ത്രി

പ്രതിപക്ഷത്തിന്റെ കമ്മീഷൻ ആരോപണത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചില ദുഷ്ട മനസ്സുകളാണ് കെ-റെയിൽ പദ്ധതിക്ക് പിന്നിൽ കമ്മീഷൻ ആരോപണം ഉന്നയിക്കുന്നത്.അർദ്ധ സത്യങ്ങൾ പ്രചരിപ്പിക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.

കെ-റെയിൽ പദ്ധതി ഒരാളുടെയും കിടപ്പാടം ഇല്ലാതാക്കില്ല. പദ്ധതിയുടെ പേരിൽ ഒരാളെയും ദ്രോഹിക്കില്ല. പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. ഇപ്പോൾ നടക്കുന്ന സമരങ്ങൾ നാടിൻറെ ആകെയുള്ള സമരമല്ല. വരും തലമുറക്കും നാടിന്റെ ഭാവിക്കും വേണ്ടിയാണ് സർക്കാർ നിലകൊള്ളുന്നത്. കല്ലുകൾ പിഴുതെറിഞ്ഞതുകൊണ്ട് കെ-റെയിൽ പദ്ധതി ഇല്ലാതാകില്ല. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തന്നെയാണ് മുന്നോട്ടുപോകുന്നത്.

കെ-റെയിൽ പദ്ധതിക്കെതിരെ വിചിത്രമായ സഖ്യമാണ് ഇപ്പോൾ രൂപപ്പെട്ടിരിക്കുന്നത്. മാധ്യമങ്ങൾക്കെതിരേയും മുഖ്യമന്ത്രി തുറന്നടിച്ചു. സമരങ്ങൾക്ക് വൈകാരിക മുഖം നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം. ചില മാധ്യമങ്ങൾ അർദ്ധ സത്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

രാഷ്ട്രീയമായ ഭയം കൊണ്ട് പ്രതിപക്ഷം ഒരു സംസ്ഥാനത്തിൻറെ വികസനം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നു. ഒരു വികസനവും ഈ സർക്കാർ നടപ്പാക്കരുത്, അതാണ് ആവശ്യം. ഗെയിൽ പദ്ധതിയും, കൂടങ്കുളം ലൈനുമൊക്കെ നടപ്പാക്കാനായെങ്കിൽ കെ-റെയിൽ പദ്ധതിയും തീരുമാനിച്ചതുപോലെ മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here