ചിരിസല്ലാപവുമായി വൈദ്യുതി മന്ത്രിയും മുന്‍ മന്ത്രിയും വൈദ്യുതി ഭവനില്‍

നര്‍മ സല്ലാപവുമായി വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയും മുന്‍ വൈദ്യുതി മന്ത്രി എം.എം. മണിയും വൈദ്യുതി ബോര്‍ഡ് ആസ്ഥാനമായ വൈദ്യുതി ഭവനില്‍. സ്വതസിദ്ധ ശൈലിയില്‍ ഇരുവരും അനുഭവങ്ങളും ഫലിതവും കുശലവുമൊക്കെ പങ്കുവച്ചതോടെ വേദി ചിരികൊണ്ടു നിറഞ്ഞു. വൈദ്യുതി ബോര്‍ഡും കേരള കാര്‍ട്ടൂണ്‍ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച കാര്‍ട്ടൂണ്‍ ക്യാംപിന്റെ സമാപന ചടങ്ങായിരുന്നു വേദി.

ദുരിതപൂരിതമായ കൊവിഡ് കാലത്തു മനുഷ്യ മനസിന് ആശ്വാസം പകരാന്‍ കാര്‍ട്ടൂണ്‍ അടക്കമുള്ള കലാരൂപങ്ങള്‍ക്കു കഴിഞ്ഞതായി പരിപാടിയില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. സാധാരണക്കാരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഏറ്റവും ഉതകുന്ന മാധ്യമമാണു കാര്‍ട്ടൂണുകള്‍. സര്‍ക്കാര്‍ സംവിധാനങ്ങളും ഈ രീതിയില്‍ ചിന്തിച്ചാല്‍ പദ്ധതികളുടെ ഗുണഫലങ്ങള്‍ അതിവേഗം താഴേത്തട്ടിലേക്കെത്തും. ചെയ്യുന്ന ഓരോ കാര്യങ്ങളും താഴേത്തട്ടിലെ സാധാരണക്കാരനെ ഉദ്ദേശിച്ചായിരിക്കണമെന്നും വൈദ്യുതി ബോര്‍ഡിന്റെ വികസന പദ്ധതികളില്‍ ഈ ചിന്ത സദാ വേണമെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്‌നങ്ങളെ ഏറ്റവും ലളിതമായും സരസമായും അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയാണു കാര്‍ട്ടുണുകളെ ജനപ്രിയമാക്കിയതെന്നു മുന്‍ വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. കാര്യങ്ങളെ സൂക്ഷ്മതയോടെയും ലളിതവുമായും അവതരിപ്പിക്കുകയും ശക്തമായ സന്ദേശങ്ങള്‍ കാണുന്നവര്‍ക്കു നല്‍കുകയും ചെയ്യുന്നുവെന്നതാണു കാര്‍ട്ടൂണുകളുടെ പ്രത്യേകത. സംഘര്‍ഷഭരിതമായ സാഹചര്യങ്ങളില്‍ ആശ്വാസം പകരാന്‍ കാര്‍ട്ടൂണുകള്‍ വലിയ പങ്കുവഹിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇരുവരുടേയും പ്രസംഗശൈലിയെക്കുറിച്ചും രീതികളെക്കുറിച്ചുമെല്ലാം ചോദിച്ചപ്പോള്‍ അതൊക്കെ സ്വാഭാവികമായി സംഭവിക്കുന്നതാണെന്നും ഒരിക്കലും അറിഞ്ഞുകൊണ്ടു ചെയ്തിട്ടില്ലെന്നുമായിരുന്നു മറുപടി. ഓരോ ആളുകള്‍ക്കും അവരുടേതായ ശൈലികളുണ്ടാകും. അത് ചിലപ്പോഴെങ്കിലും ചിരിയൊരുക്കാന്‍ കാരണമാകുന്നതില്‍ സന്തോഷമേയുള്ളൂവെന്നും ഇരുവരും പറഞ്ഞു.

വേദിയില്‍ ഒരുക്കിയ ബോര്‍ഡില്‍ ഇരുവരും ചിത്രം വരച്ചാണു പരിപാടി അവസാനിപ്പിച്ചത്. വൈദ്യുതി ബോര്‍ഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബി. അശോക് മന്ത്രിയേയും മുന്‍ മന്ത്രിയേയും പരിപാടിയിലേക്കു സ്വാഗതം ചെയ്തു. കാര്‍ട്ടൂണിസ്റ്റ് ഉണ്ണിക്കൃഷ്ണന്‍ മോഡറേറ്ററായിരുന്നു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News