രക്തസാക്ഷി സ്മരണയിൽ ഒഞ്ചിയം

സിപിഐ(എം) പാർട്ടി കോൺഗ്രസ് വീണ്ടും മലബാറിലെത്തുമ്പോൾ രക്തസാക്ഷി സ്മരണയിലാണ് ഒഞ്ചിയം ഗ്രാമം. ജീവരക്തം കൊണ്ട് ഒഞ്ചിയത്തെ ചുവപ്പിച്ച ധീര രക്തസാക്ഷികളുടെ ഓർമ്മകൾക്ക് ഏപ്രിൽ 30ന്, എഴുപത്തിനാലാണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ജ്വലിക്കുന്ന ഓർമ്മകളാണ് ഒഞ്ചിയം രക്തസാക്ഷിത്വം പകരുന്നത്. ഓരോ കമ്യൂണിസ്റ്റ് കാരൻ്റെയും അഭിമാനമാണ് അവരുടെ ജീവിതം.

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ തുടക്കം മുതൽ പാർട്ടിയോട് ചേർന്ന് നിന്ന പ്രദേശമാണ് ഒഞ്ചിയം. വാഗ്ഭടാനന്ദ ഗുരുദേവൻ്റെ നവോത്ഥാന പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമായിരുന്നു ഒഞ്ചിയത്തെ കാരക്കാട് പ്രദേശം.

ജന്മിത്വത്തിനും കൊളോണിയൽ ഭരണാധികാരത്തിനുമെതിരായ പ്രവർത്തനങ്ങളിൽ ഒഞ്ചിയത്തെ യുവാക്കൾ ആകൃഷ്ടരായ്. 1939 ൽ മണ്ടോടി കണ്ണൻ്റെ നേതൃത്യത്തിൽ ഇവിടെ കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യ സെൽ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു.

ഭക്ഷ്യക്ഷാമവും വിലക്കയറ്റവും ജനജീവിതത്തെ വേട്ടയാടിയിരുന്ന നാല്‍പ്പതുകളില്‍ പൂഴ്ത്തിവെപ്പുകാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കും അവരുടെ സംരക്ഷകരായ ഭരണവര്‍ഗ രാഷ്ട്രീയക്കാര്‍ക്കുമെതിരെ കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകര്‍ ജനങ്ങളെ സമരസജ്ജരാക്കി.

1947 ൽ അധികാരത്തിൽ വന്ന കോൺഗ്രസ് സർക്കാർ ജന്മിമാരുടെയും സമ്പന്നവർഗത്തിൻ്റേയും താൽപര്യങ്ങളാണ് സംരക്ഷിച്ചത്. ജന്മിത്വത്തിന്നും ക്രൂരതകൾക്കുമെതിരെ വിപ്ലവ പ്രക്ഷോഭങ്ങൾ ഉയർന്ന കാലം.

1948 ഫെബ്രുവരിയിൽ കൽക്കത്തയിൽ നടന്ന രണ്ടാം പാർട്ടി കോൺഗ്രസിൻ്റെ തീരുമാനങ്ങൾ വിശദീകരിക്കാനായ് പാർട്ടിയുടെ കുറുമ്പ്രനാട് താലൂക്ക് കമ്മിറ്റിയോഗം ഒഞ്ചിയത്ത് ചേരാൻ നിശ്ചയിച്ചു. ഈ വിവരം അറിഞ്ഞാണ് എം എസ് പി സംഘം നേതാക്കളെ പിടികൂടാൻ മുക്കാളിയിലെത്തിയത്.

പുലർച്ചെ 4ന് അവർ മണ്ടോടി കണ്ണൻ്റെ വീട്ടിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കര്‍ഷക കാരണവര്‍ പുളിയുള്ളതില്‍ ചോയിയെയും മകന്‍  കണാരനെയും പിടികൂടി. പോലീസ് സേന ചെന്നാട്ട് വയലിൽ എത്തിയപ്പോഴേക്കും നാട്ടുകാർ തടിച്ചുകൂടി.

ജനക്കൂട്ടത്തിനുനേരെ 17 റൗണ്ട് വെടിയുതിര്‍ത്തു. ചെന്നാട്ട്താഴെ വയലില്‍ എട്ട് കമ്യൂണിസ്റ്റ് പോരാളികള്‍ പിടഞ്ഞുവീണു. അളവക്കന്‍ കൃഷ്ണന്‍, മേനോന്‍ കണാരന്‍, പുറവില്‍ കണാരന്‍, പാറോള്ളതില്‍ കണാരന്‍, കെ എം ശങ്കരന്‍, സി കെ ചാത്തു, വിപി ഗോപാലന്‍, വട്ടക്കണ്ടി രാഘൂട്ടി.

പിന്നീട് നടന്ന നരനായാട്ട് ഒഞ്ചിയം ഗ്രാമത്തെ പിച്ചിച്ചീന്തി. മണ്ടോടി കണ്ണനും കൊല്ലാച്ചേരി കുമാരനും മൃഗീയമായ മര്‍ദനത്തെത്തുടര്‍ന്ന് രക്തസാക്ഷികളായി. 1949 മാര്‍ച്ച് 4 നാണ് മണ്ടോടി കണ്ണന്‍ രക്തസാക്ഷിയാകുന്നത്.

ലോക്കപ്പ് മുറിയില്‍ പൈശാചികമായ മര്‍ദനത്തെ തുടര്‍ന്ന് സ്വന്തം ശരീരത്തില്‍നിന്ന് ഒലിച്ചിറങ്ങിയ രക്തത്തില്‍ കൈമുക്കി അരിവാള്‍ചുറ്റിക വരച്ച വിപ്ളവധീരതയുടെ പര്യായമാണ് മണ്ടോടി കണ്ണന്‍.

1948 ലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഭരണകൂടം നടത്തിയ ഭീകരമായ കമ്യൂണിസ്റ്റ് വേട്ടയെ പ്രതിരോധിച്ചവരാണ് ഒഞ്ചിയം രക്തസാക്ഷികള്‍. വിപ്ലവ സമരപാതയിലെ സൂര്യതേജസ്സായി ഇന്നും ഒഞ്ചിയം രക്തസാക്ഷികള്‍ ജ്വലിച്ച് നിൽക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News