ഖത്തർ ലോകകപ്പിന് ഇറ്റലിയില്ല; യോഗ്യത നേടാനാകാതെ പുറത്ത്‌

മുൻ ചാമ്പ്യന്മാരായ ഇറ്റലി ഖത്തർ ലോകകപ്പിന് യോഗ്യത നേടാനാകാതെ പുറത്ത്. പ്ലേ ഓഫ് സെമി ഫൈനലിൽ നോർത്ത് മാസിഡോണിയയാണ് എതിരില്ലാത്ത ഒരു ഗോളിന് ഇറ്റലിയെ അട്ടിമറിച്ചത്. അതേസമയം തുർക്കിയെ 3-1 ന് തകർത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ പ്ലേ ഓഫിന്റെ ഫൈനലിൽ കടന്നു.

അസൂറിപ്പട ഇക്കുറിയും ലോകകപ്പിന് ഉണ്ടാകില്ല. കാൽപന്ത് കളി ചരിത്രത്തിലെ തന്നെ വൻ അട്ടിമറികളിൽ ഒന്നിനാണ് പാലെർമോയിലെ റെൻസോബാർബെറോ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
ഖത്തർ ലോകകപ്പിന്റെ പ്ലേ ഓഫ് സെമി ഫൈനലിൽ നോർത്ത് മാസിഡോണിയയുടെ അട്ടിമറിയിൽ ഇറ്റലിയുടെ മോഹങ്ങൾ അസ്തമിച്ചു.

കളിയിൽ മേധാവിത്വം ഇറ്റലിക്കായിരുന്നെങ്കിലും 92ആം മിനുട്ടിലെ അഭിശപ്ത നിമിഷം എല്ലാം തുലച്ചു. ബോക്സിന് പുറത്ത് നിന്ന് ഒരു ലോ സ്ട്രൈക്കിലൂടെ അലക്സാണ്ടര്‍ ട്രാജ്കോവ്സ്‌കിയിലൂടെ അസൂറികളുടെ ഹൃദയം തകർത്ത ഗോൾ. ഫൈനൽ വിസിൽ മുഴങ്ങിയതോടെ ലോക ഫുട്ബോളിൽ പിറന്നത് നോർത്ത് മാസിഡോണിയൻ ചരിത്രം. കഴിഞ്ഞ ലോകകപ്പിന് ഇറ്റലി യോഗ്യത നേടിയിരുന്നില്ല.

1958-ന് ശേഷം തുടർച്ചയായ രണ്ടാം തവണയാണ് ഇറ്റലി ലോകകപ്പിൽ നിന്നും പുറത്താകുന്നത്. ഖത്തറിൽ അവസാന ലോകകപ്പ് കളിച്ച് വിരമിക്കാമെന്ന കില്ലീനിയും ബൊനൂച്ചിയും ഉൾപ്പെടെയുള്ള ഇതിഹാസ പ്രതിരോധ നിര താരങ്ങളുടെ മോഹങ്ങളും ഇതോടെ അവസാനിച്ചു. മറ്റൊരു മത്സരത്തിൽ തുർക്കിയെ 3-1 ന് തകർത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ഫൈനൽ റൌണ്ടിലേക്ക് കടന്നു.

ഒട്ടാവിയോ, ജോട്ട, നൂനെസ് എന്നിവർ പറങ്കിപ്പടക്കായി ഗോളുകൾ നേടി. തുർക്കിയുടെ ആശ്വാസ ഗോൾ യിൽമാസിന്റെ വകയായിരുന്നു. പോളണ്ട്, വെയിൽസ്, സ്വീഡൻ ടീമുകളും ഖത്തർ ലോകകപ്പിന്റെ പ്ലേ ഓഫിൽ കടന്നു.

ഈ മാസം 29 ന് നടക്കുന്ന പ്ലേ ഓഫ് ഫൈനൽ റൌണ്ട് മത്സരങ്ങളിൽ പോർച്ചുഗൽ നോർത്ത് മാസിഡോണിയയെയും പോളണ്ട് സ്വീഡനെയും നേരിടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here