‘കെ-റെയിലില്‍ ബലം പ്രയോഗിച്ച് ആരുടെയും ഭൂമി ഏറ്റെടുക്കില്ല’; കോടിയേരി ബാലകൃഷ്ണൻ

കെ-റെയിലില്‍ ബലം പ്രയോഗിച്ച് ആരുടെയും ഭൂമി ഏറ്റെടുക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തൃപ്തികരമായ വില നിശ്ചയിച്ച് പണം കൈമാറിയശേഷം മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളൂ. കെ-റെയില്‍ പദ്ധതി നടപ്പിലാക്കുകയെന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടാണെന്നും കെ-റെയിലിനെതിരെ നടക്കുന്നത് അരാജക സമരമെന്നും കോടിയേരി പറഞ്ഞു.

കേരളത്തിന്റെ വികസനത്തില്‍ നാഴിക്കല്ലാകുന്ന കെ-റെയില്‍ പദ്ധതിയെ അട്ടിമറിക്കാനുള്ള പ്രതിപക്ഷ നീക്കത്തെ തുറന്നുകാട്ടുന്നതാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനം.

എല്‍ഡിഎഫ് പ്രകടനപത്രിക മുന്നോട്ടുവച്ച പദ്ധതിയാണ് തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ നാലു മണിക്കൂര്‍കൊണ്ട് എത്താനുള്ള സില്‍വര്‍ ലൈന്‍ പദ്ധതി. എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ഉണ്ടായാല്‍ കെ- റെയില്‍ എന്ന ആശയം യാഥാര്‍ഥ്യമാക്കുമെന്ന് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനമാണ് സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കാന്‍ മുന്നോട്ടുപോകുന്നത്. ഇപ്പോള്‍ യുഡിഎഫും ബിജെപിയും മതതീവ്രവാദ ശക്തികളും ചേര്‍ന്ന് കുപ്രചാരണം നടത്തുകയും സര്‍ക്കാരിനെതിരെ അരാജക സമരം നടത്തുകയുമാണെന്നും കോടിയേരി പറയുന്നു.

ജനങ്ങളുടെയും സംഘടനകളുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാരിന് മടിയില്ല. ഇപ്പോള്‍ നടക്കുന്നത് സാമൂഹ്യാഘാത പഠനത്തിനുവേണ്ടിയുള്ള നടപടിയാണ്. ഇതിനുശേഷം ഒരു വിദഗ്ധ സമിതിയെ നിശ്ചയിച്ച് ഭൂമി നഷ്ടപ്പെടുന്നവരില്‍നിന്ന് അഭിപ്രായം കേട്ട് ചര്‍ച്ച നടത്തി സ്ഥലത്തിന്റെ വില നിശ്ചയിക്കും. തൃപ്തികരമായ വില നിശ്ചയിച്ച് പണം കൈമാറിയശേഷം മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളൂ. ബലം പ്രയോഗിച്ച് ഒരാളുടെയും ഭൂമി ഏറ്റെടുക്കുകയില്ല. ഈ വസ്തുതകള്‍ മറച്ചുവച്ച് പ്രതിപക്ഷത്തിന്റെയും വര്‍ഗീയ ശക്തികളുടെയും അരാജക സമരത്തിന് നല്ലൊരു പങ്ക് മാധ്യമങ്ങള്‍ പഴയകാല കമ്യൂണിസ്റ്റ് വിരുദ്ധ സമീപനത്തോടെ ഉശിര് പകരുന്നുണ്ട്. വാഗ്ദാന ലംഘനം നടത്തി ജനങ്ങളെ കഷ്ടപ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ വഞ്ചകഭരണത്തെ തുറന്നുകാണിക്കുകയാണ് വേണ്ടതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News