പശ്ചിമ ബംഗാൾ സംഘർഷം; കേസ് സിബിഐ അന്വേഷിക്കും, ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി

പശ്ചിമബം​ഗാളിൽ എട്ട് പേർ കൊല്ലപ്പെട്ട രാംപൂർഹട്ട് ബിർഭും സംഘർഷത്തിന്റെ അന്വേഷണ ചുമതല ഇനി സിബിഐയ്ക്ക് . കൊൽക്കത്ത ഹൈക്കോടതി അന്വേഷണം സിബിഐക്ക് കൈമാറി. കേസ് വിവരങ്ങൾ സിബിഐക്ക് കൈമാറാൻ പ്രത്യേക അന്വേഷണ സംഘത്തോട് കോടതി ഉത്തരവിടുകയായിരുന്നു.

രാംപൂർഹട്ടിൽ സംഘർഷം നടന്നയിടത്ത് പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇന്നലെ സന്ദർശനം നടത്തിയിരുന്നു. സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം കടുപ്പിക്കുന്ന സാഹചര്യത്തിലായിരുന്നു സന്ദർശനം. കുറ്റവാളികളെ വെറുതെ വിടില്ലെന്ന് മമത ബാനർജി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ സഹായധനം നൽകും. സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും മമത കൂട്ടിച്ചേർത്തു.

സംഭവത്തില്‍ സ്വമേധയാ കേസെടുത്ത കൽക്കട്ട ഹൈക്കോടതി, തെളിവുകൾ സുരക്ഷിതമാക്കാൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നും സാക്ഷിക്ക് സംരക്ഷണം നൽകണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഘർഷം നടത്തിയ 22 പേരാണ് ഇതുവരെ അറസ്റ്റിലായത് . അക്രമത്തിൽ പങ്കുള്ള കൂടുതൽ പേർക്കായി തെരച്ചിൽ നടത്തുന്നുണ്ടെന്ന് ബംഗാൾ പൊലീസ് അറിയിച്ചു. സംഘർഷത്തെക്കുറിച്ച് ബംഗാൾ സർക്കാർ ഉടൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് കൈമാറും.

രാംപൂർഹാട്ടിലെ ബിര്‍ഭൂമിലുണ്ടായ സംഘര്‍ഷത്തില്‍ മമത സർക്കാരിനെതിരായ വിമർശനം ശക്തമാക്കുകയാണ് പ്രതിപക്ഷ പാർട്ടികള്‍. വസ്തുതാ അന്വേഷണത്തിനായി ബിജെപി കേന്ദ്ര നേതൃത്വം യുപി മുൻ ഡിജിപിയും എംപിയുമായ ബ്രജ്‍ലാലിന്‍റെ നേതൃത്വത്തിലുള്ള അഞ്ച് അംഗ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

സംഘർഷത്തെ കുറിച്ച് അന്വേഷിക്കാന്‍ ബംഗാള്‍ പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം രാംപൂര്‍ഹട്ടിലെത്തിയിരുന്നു . ഫോറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. എന്നാല്‍ അന്വേഷണ സംഘത്തിന് വിശ്വാസ്യതയില്ലെന്ന് ബംഗാള്‍ ഗവർണര്‍ ജഗ്ദീപ് ധാൻകര്‍ കുറ്റപ്പെടുത്തിയിരുന്നു. അതിക്രമം നടക്കുമ്പോള്‍ തനിക്ക് നോക്കി നില്‍ക്കാനാകില്ലെന്നും മമതക്കുള്ള മറുപടിയായി ഗവർണര്‍ പറഞ്ഞു. ബാലാവകാശ കമ്മീഷനും വിഷയത്തില്‍ ബംഗാള്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here