യുക്രൈനിൽ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 300 പേർ

താല്‍ക്കാലിക അഭയാര്‍ത്ഥി ക്യാംപായി പ്രവര്‍ത്തിച്ചിരുന്ന മരിയുപോളിലെ തിയറ്ററിന് നേരെയുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 300ഓളം പേരെന്ന് യുക്രൈന്‍. മാര്‍ച്ച് 16നാണ് മരിയുപോളിലെ തിയറ്ററിന് നേരെ റഷ്യ ബോംബ് വര്‍ഷിച്ചത്. സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിന് പേര്‍ അഭയം തേടിയിരുന്ന ഇടമായിരുന്നു മരിയുപോളിലെ ഈ ഡ്രാമാ തിയറ്റര്‍. നിലവില്‍ മരിയുപോളുമായുള്ള ബന്ധങ്ങള്‍ പൂര്‍ണമായി അറ്റനിലയിലാണുള്ളതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇവിടേക്ക് അവശ്യ വസ്തുക്കള്‍ അടക്കമുള്ളവയുടെ വിതരണവും ചുരുങ്ങിയ നിലയിലാണ്. യുക്രൈന്‍റെ തുറമുഖ നഗരമാണ് മരിയുപോള്‍. റഷ്യന്‍ വിമാനങ്ങള്‍ തിയറ്ററിന് നേരെ ബോംബ് വര്‍ഷിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. തിയറ്ററിന്‍റെ മധ്യഭാഗം ആക്രമണത്തില്‍ തകര്‍ന്നതായാണ് പുറത്ത് വന്ന ചിത്രങ്ങളില്‍ നിന്ന് വ്യക്തമായിരുന്നത്.

നേരത്തെ മരിയുപോളിലെ മുസ്ലിം പള്ളിക്ക് നേരയുണ്ടായ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കുട്ടികളടക്കം 80ഓളം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് യുക്രൈന്‍ വിദേശകാര്യമന്ത്രാലയം വിശദമാക്കിയത്. മരിയുപോളില്‍ പള്ളിയില്‍ അഭയം തേടിയ പൗരന്മാര്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നും യുക്രൈന്‍ വ്യക്തമാക്കി. സുല്‍ത്താന്‍ സുലൈമാന്റെയും ഭാര്യ റോക്‌സോളാനയുടെയും പേരിലുള്ള പള്ളിക്ക് നേരെയാണ് ഷെല്ലാക്രമണം നടത്തിയത്. 34 കുട്ടികളും സ്ത്രീകളുമടക്കം 84 പേര്‍ കൊല്ലപ്പെട്ടെന്നും യുക്രൈന്‍ ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here