ഇറ്റാലിയന്‍ പൗരനെ തിരിച്ചയച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹം: കോടിയേരി ബാലകൃഷ്ണന്‍

നരവംശ ശാസ്ത്രജ്ഞനായ ഇറ്റാലിയന്‍ പൗരന്‍ ഫിലിപ്പോ ഒസെല്ലയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഒരു കാരണവും വ്യക്തമാക്കാതെ തിരികെ അയച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

തിരിച്ചയക്കാനുള്ള കാരണം വ്യക്തമാക്കാനോ അത് അദ്ദേഹത്തെ ബോധിപ്പിക്കാനോ വിമാനത്താവള അധികൃതര്‍ തയാറായിരുന്നില്ല എന്നാണ് അറിയുന്നതെന്നും കേന്ദ്ര നിര്‍ദേശ പ്രകാരം എമിഗ്രേഷന്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയ ഈ വിലക്ക് അനീതിയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയിലൂടെ പറഞ്ഞു.

മസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന ഗവേഷക സെമിനാറില്‍ പങ്കെടുക്കാനാണ് ഫിലിപ്പോ ഒസെല്ലോ തിരുവനന്തപുരത്ത് എത്തിയത്. ഇന്ത്യയില്‍ ഗവേഷണം നടത്താനും സാമൂഹിക വിഷയങ്ങള്‍ പരിശോധിക്കാനും അനുവാദം നല്‍കുന്ന ഗവേഷക വിസയുണ്ടായിട്ടും വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങുന്നത് വിലക്കിയത് എന്തിനെന്നു വ്യക്തമാക്കാന്‍ കേന്ദ്രം തയാറാകണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഇംഗ്ലണ്ടിലെ ഫാല്‍മര്‍ പ്രദേശത്ത് 1959ല്‍ സ്ഥാപിച്ച സസക്സ് സര്‍വ്വകലാശാലയിലെ നരവംശശാസ്ത്ര-ദക്ഷിണേഷ്യന്‍ പഠന വിഭാഗം പ്രഫസറാണ് ഫിലിപ്പോ ഒസെല്ല. നരവംശശാസ്ത്രത്തില്‍ ഇന്റര്‍നാഷണല്‍ ഡെവലപ്പ്മെന്റ്, കള്‍ച്ചറല്‍ സ്റ്റഡീസ്, ഗ്ലോബല്‍ സ്റ്റഡീസ് എന്നീ മേഖലകളിലും അദ്ദേഹം ഗവേഷണം ചെയ്യുന്നു. കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക മാറ്റങ്ങളെ കുറിച്ച് കഴിഞ്ഞ 30 വര്‍ഷമായി ഗവേഷണം ചെയ്യുന്ന ഫിലിപ്പോ നിരവധി തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. 1980കള്‍ മുതല്‍ കേരളവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് അദ്ദേഹം.

അന്നൊന്നുമില്ലാത്ത എന്തു പ്രശ്‌നമാണ് ഇപ്പോഴുണ്ടായതെന്ന് പൊതു സമൂഹം അറിയേണ്ടതുണ്ടെന്നും ഫിലിപ്പോ ഒസെല്ലെയോടുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം അറിയിക്കുന്നതിനൊപ്പം ഈ കാര്യത്തില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ കേന്ദ്രം തയ്യാറാകണമെന്നും കോടിയേരി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News