പഞ്ചാബിൽ പുതിയ മാറ്റവുമായി AAP; ‘എം.എൽ.എമാർക്ക് ഇനി ഒറ്റ പെൻഷൻ’

പഞ്ചാബിൽ ഇനിമുതൽ എംഎൽഎമാർക്ക് ഒരു പെൻഷൻ മാത്രമേ ലഭിക്കൂവെന്ന് മുഖ്യമന്ത്രി ഭഗവന്ത് മൻ പ്രഖ്യാപിച്ചു. എം.എൽ.എമാർക്കുള്ള കുടുംബ പെൻഷൻ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.നിയമസഭാ സാമാജികരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച് പഞ്ചാബിലെ ആം ആദ്മി പാർട്ടി സർക്കാർ രംഗത്ത് വന്നിരിക്കുകയാണിപ്പോൾ.

കൂടുതൽ തവണ എംഎൽഎമാരായവർക്ക് ഓരോ ടേമിനും വെവ്വേറെ പെൻഷൻ ലഭിക്കുന്നുണ്ട്. ഇതാണ് ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നത്. എത്രതവണ എംഎൽഎമാരായാലും ഇനി ഒരു പെൻഷനു മാത്രമേ അർഹതയുണ്ടാകൂ. കഴിഞ്ഞ തവണ പ്രതിപക്ഷത്തായിരിക്കുമ്പോഴും ‘ഒരു എംഎൽഎ, ഒരു പെൻഷൻ’ എന്ന ആവശ്യം എഎപി ഉയർത്തിയിരുന്നു.

മൂന്നും അഞ്ചും ആറും തവണയൊക്കെ തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാർ ലക്ഷക്കണക്കിനു രൂപയാണ് പെൻഷനായി കൊണ്ടുപോകുന്നതെന്ന കാര്യം ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രഖ്യാപനം നടത്തി ഭഗവന്ത് മൻ പറഞ്ഞു. പലരും സഭയിൽ വരിക പോലും ചെയ്യുന്നില്ല. ഓരോ മാസവും 3.50 ലക്ഷം മുതൽ 5.25 ലക്ഷം വരെ പെൻഷൻ വാങ്ങുന്നവരുണ്ട്. ഇത് സംസ്ഥാന ഖജനാവിന് ബാധ്യതയായിരിക്കുകയാണ്. പാർലമെന്റ് അംഗങ്ങളായവരും അക്കൂട്ടത്തിലുണ്ട്. ആ വകയിലും അവർ പെൻഷൻ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എംഎൽഎമാരുടെ പെൻഷൻ വെട്ടിക്കുറച്ചതുവഴി ലാഭിക്കുന്ന പണം ജനക്ഷേമത്തിനായി ഉപയോഗിക്കും. നേരത്തെ മുഴുവൻ നിയമസഭാ സാമാജികരുടെയും കുടുംബ പെൻഷനുകൾ വെട്ടിച്ചുരുക്കാൻ താൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നുവെന്നും മൻ പറഞ്ഞു.

ഒരു ഊഴത്തിന് 75,150 രൂപയാണ് എംഎൽഎമാർക്ക് പെൻഷനായി ലഭിക്കുന്നത്. തുടർന്നുള്ള ഓരോ ഊഴത്തിനും പെൻഷൻ തുകയുടെ 66 ശതമാനം കൂടുതലായും ലഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here