ADVERTISEMENT
ബംഗാളിലെ ഭീർഭൂം ജില്ലയിൽ നടന്ന കൂട്ടക്കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. ബംഗാൾ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിടാനും കോടതി ഉത്തരവിട്ടു.
കൊൽക്കത്ത ഹൈക്കോടതിയാണ് കേസ് സിബിഐക്ക് കൈമാറിയത്. ലഭ്യമായ എല്ലാ വിവരവും സിബിഐക്ക് കൈമാറണമെന്നും കേസിൽ നിർണായക പുരോഗതിയുണ്ടാകണമെന്നും സിബിഐയോട് കോടതി നിർദ്ദേശിച്ചു. കേന്ദ്ര ഏജൻസിക്ക് അന്വേഷണം കൈമാറരുതെന്ന മമത സർക്കാരിന്റെ നിർദ്ദേശം തള്ളിക്കൊണ്ടാണ് കോടതി വിധി.
സ്ത്രീകളും കുട്ടികളുമടക്കം എട്ട് പേരെ ക്രൂരമായി മർദ്ദിച്ച ശേഷം ജീവനോടെ കത്തിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് വിഷയത്തിൽ കോടതി ഇടപെടുന്നത്.
ഭർഷാർ ഗ്രാമത്തിലെ പഞ്ചായത്ത് പ്രധാനും തൃണമൂൽ കോൺഗ്രസ് നേതാവുമായ ഭാധു ഷേയ്‌ഖ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. തൃണമൂൽ കോൺഗ്രസിലെ രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളാണ് സംഘർഷത്തിന് പിന്നിലെന്നാണ് സൂചന.
മുപ്പത്തിയെട്ട് വയസ് മാത്രം പ്രായമുള്ള ഭാധു ഷേയ്‌ഖ് മേഖലയിലെ പ്രമുഖ നേതാവായിരുന്നു. വൈകുന്നേരം ചായക്കടയിലിരുന്ന ഇയാൾക്കെതിരെ അക്രമി സംഘം പെട്രോൾ ബോംബ് എറിയുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ഭാധു ഷെയ്‌ഖിന്റെ ജീവൻ രക്ഷിക്കാനായില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.