വൈദ്യുതി മേഖലയില്‍ സമഗ്ര മാറ്റത്തിന് പദ്ധതി

സംസ്ഥാന ഗ്രിഡില്‍ വൈദ്യുതി പ്രസരണ വിതരണ നഷ്ടം 10 ശതമാനത്തില്‍ താഴെ എത്തിക്കാനും പ്രതി യൂണിറ്റ് നഷ്ടം 30 പൈസയില്‍ നിന്ന് പൂജ്യമാക്കി കെ.എസ്.ഇ.ബി. അടക്കമുള്ള 40-ലധികം പൊതുമേഖലാ വിതരണ കമ്പനികളുടെ നഷ്ടം ഒഴിവാക്കാനുമുള്ള കേന്ദ്ര വിതരണ പരിഷ്‌കാര പദ്ധതി (RDSS) വൈദ്യുതി മേഖലയില്‍ സമഗ്രമാറ്റം ലക്ഷ്യമിടുന്നു.

12,200 കോടി രൂപയുടെ പദ്ധതിയില്‍ 4000 കോടി രൂപയിലധികം ചിലവിട്ട് വിതരണ ശൃംഖലാനഷ്ടം കുറയ്ക്കുന്ന സാങ്കേതിക പരിപാടിയും, 8200 കോടി രൂപയോളം ചിലവിട്ട് 40 ലക്ഷം ഉപഭോക്താക്കള്‍ക്ക് 2023-ല്‍ മുന്‍കൂര്‍ പണമടയ്ക്കുന്ന സ്മാര്‍ട്ട് മീറ്ററുകള്‍ ഘടിപ്പിക്കാനുമാണ് പദ്ധതി. വൈദ്യുതി പ്രസരണ വിതരണ മേഖലയില്‍ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ വൈദ്യുതി തടസ്സങ്ങള്‍ ഒഴിവാക്കി, ഗുണമേന്മയുള്ള വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കും.

4 വര്‍ഷം കൊണ്ട് 200 യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും മുന്‍കൂര്‍ പണമടയ്‌ക്കേണ്ട മീറ്ററുകള്‍ രാജ്യത്താകെ നിലവില്‍ വരും. എല്ലാ സര്‍ക്കാര്‍-പൊതുമേഖലാ ഉപഭോക്താക്കള്‍ക്കും വ്യവസായ, വാണിജ്യ ഉപഭോക്താക്കള്‍ക്കും 2023-നകം സ്മാര്‍ട്ട് മീറ്ററുകള്‍ കേന്ദ്രം മീറ്ററിംഗ് ചട്ടം ഭേദഗതി ചെയ്ത് നിര്‍ബന്ധമാക്കിയിരുന്നു.

പത്തുവര്‍ഷം സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിച്ച് പരിശോധിക്കുന്നതിന്റെയും ഇതിനെ കെ.എസ്.ഇ.ബി. കമ്പ്യൂട്ടര്‍ ശൃംഖലയുമായി ഘടിപ്പിക്കുന്നതിന്റെയും ചിലവ് പ്രതി മീറ്റര്‍ 6000 രൂപയായി കേന്ദ്രം കണക്കാക്കുന്നു. ഇതിന്റെ 15 ശതമാനം കേന്ദ്രവിഹിതമായി ലഭിക്കും. പദ്ധതിക്കായി സ്മാര്‍ട്ട് മീറ്ററുകള്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളാണ് വാങ്ങി നല്‍കുക.

മൊബൈല്‍ പ്രീപെയ്ഡ് സംവിധാനം പോലെ കെ.എസ്.ഇ.ബി. അംഗീകൃത ആപ് മുഖേനയാവും ഇനിമുതല്‍ സ്മാര്‍ട്ട് മീറ്ററില്‍ വൈദ്യുതി ഷെഡ്യൂള്‍ ചെയ്യേണ്ടത്. ആവശ്യമായ യൂണിറ്റുകള്‍ക്ക് മാത്രം ഉപഭോക്താക്കള്‍ മുന്‍കൂര്‍ പണമടച്ചാല്‍ മതി.

കേന്ദ്ര പദ്ധതി പൊതു ഉപദേഷ്ടാക്കളായി കേന്ദ്ര പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷനേയും സ്മാര്‍ട്ട് മീറ്റര്‍ നടപ്പിലാക്കുന്നതിന് റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷനേയും അംഗീകാരം നേടിയ കണ്‍സള്‍ട്ടന്റുമാരായി നിയമിച്ചു. കേന്ദ്ര മാനദണ്ഡപ്രകാരം ആദ്യഘട്ടത്തില്‍ തന്നെ പദ്ധതി സമര്‍പ്പിച്ച സംസ്ഥാനങ്ങളില്‍ കേരളവും പെടുന്നു.

ചൊവ്വാഴ്ച നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍ കേന്ദ്ര ഊര്‍ജ്ജ സെക്രട്ടറി അലോക് കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പദ്ധതി അവലോകന യോഗം കേരളത്തില്‍ പദ്ധതി അടങ്കല്‍ മാറ്റം കൂടാതെ അംഗീകരിച്ചതായാണ് സൂചന. കേരള ഊര്‍ജ്ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ, വൈദ്യുതി ബോര്‍ഡ് കമ്പനി ചെയര്‍മാന്‍ ഡോ. ബി. അശോക് എന്നിവര്‍ കേരളത്തെ പ്രതിനിധീകരിച്ചു.

വൈദ്യുതി പ്രസരണ വിതരണ മേഖലയില്‍ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനായി കാതലായ മാറ്റങ്ങള്‍ കമ്പ്യൂട്ടര്‍വല്‍കൃത മീറ്ററിംഗ്, എനര്‍ജി അക്കൌണ്ടിംഗ് എന്നിവയിലൂടെ നിലവില്‍ വരും. സമയബന്ധിതമായി പദ്ധതിരേഖകള്‍ തയ്യാറാക്കിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വൈദ്യുതി വകുപ്പ് മന്ത്രി അഭിനന്ദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News