ഇമ്രാനെതിരെയുള്ള അവിശ്വാസ പ്രമേയം പരിഗണിച്ചില്ല; ദേശീയ അസംബ്ലി പിരിഞ്ഞു

പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം പരിഗണിക്കാതെ പാക്കിസ്ഥാന്‍ ദേശീയ അസംബ്ലി പിരിഞ്ഞു. അസംബ്ലിയിലെ അന്തരിച്ച അംഗങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷം പിരിയുന്നതായി സ്പീക്കര്‍ അസദ് ഖൈസര്‍ അറിയിക്കുകയായിരുന്നു.

മാര്‍ച്ച് 28ന് അസംബ്ലി വീണ്ടും ചേരും. ഇമ്രാന്‍ ഖാന് എതിരായ അവിശ്വാസ പ്രമേയം പരിഗണിക്കാത്തതിനു സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചു. ഇമ്രാനെ സംരക്ഷിക്കാനാണു സ്പീക്കര്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷം ആരോപണം നടത്തി.

ഇമ്രാനെതിരെ അവിശ്വാസപ്രമേയം വോട്ടിനിടുമ്പോള്‍ വോട്ടുചെയ്യുമെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ 24 വിമതര്‍ പരസ്യപ്രഖ്യാപനം നടത്തിയിരുന്നു. പ്രതിപക്ഷകക്ഷിയായ പിഎംഎല്‍- നവാസ് വിഭാഗം, പിപിപി എന്നിവയിലെ നൂറോളം എംപിമാരാണ് പ്രമേയത്തെ പിന്തുണയ്ക്കുന്നത്.

എന്നാല്‍ ഇമ്രാനെ പിന്തുണയ്ക്കുന്ന എംക്യുഎം-പി, പിഎംഎല്‍-ക്യു എന്നീ കക്ഷികള്‍ ഇമ്രാനില്ലാത്ത സര്‍ക്കാര്‍ എന്ന ഒത്തുതീര്‍പ്പ് നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. അഴിമതി, സാമ്പത്തിക പ്രതിസന്ധി, വിദേശ നയത്തിലെ പാളിച്ചകള്‍ തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസം കൊണ്ടുവന്നത്. സൈന്യത്തിന്റെ പിന്തുണ നഷ്ടമായതും ഇമ്രാനു തിരിച്ചടിയാകുമെന്നാണു പൊതുവിലുള്ള നിരീക്ഷണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here