അഗസ്ത്യ 2022; പാരമ്പര്യ ഗോത്ര കലാപ്രദര്‍ശനത്തിന് തുടക്കം

ഗോത്രജനതയുടെ തനത് ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിനും വിപണി കണ്ടെത്തുന്നതിനുമായി സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ഗോത്ര കലാപ്രദർശന വിപണന മേള -‘അഗസ്ത്യ 2022’ന് തിരുവനന്തപുരം പാളയം മഹാത്മ അയ്യങ്കാളി ഹാളിൽ തുടക്കമായി.

മേളയുടെ ഉദ്ഘാടനം വട്ടിയൂർക്കാവ് എം.എൽ.എ വി.കെ.പ്രശാന്ത് നിർവഹിച്ചു. കൊവിഡിന് ശേഷം വിപണിയും സമൂഹവും പുതിയ ഉണർവിലേക്ക് വരുന്ന സാഹചര്യത്തിൽ ഇത്തരം മേളകൾ സംഘടിപ്പിക്കുന്നത് ഗോത്രവിഭാഗങ്ങൾക്ക് അവരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാനും പ്രദർശിപ്പിക്കാനും ഏറെ സഹായകമാകുമെന്ന് എം.എൽ.എ പറഞ്ഞു.

ഗോത്രവിഭാഗങ്ങൾക്കായി സർക്കാർ നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്നും ഇവയെല്ലാം അർഹരിലേക്ക് സമയബന്ധിതമായി എത്തിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ അദ്ധ്യക്ഷനായിരുന്നു.കൊവിഡ് കാലത്ത് കൈമോശം വന്ന കൂട്ടായ്മകൾ സജീവമാകുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഗോത്ര വിഭവങ്ങൾ പരിചയപ്പെടുന്നതിനൊപ്പം പരമ്പരാഗത ചികിത്സാ രീതികളും ഗ്രോത്രകലകളും സംരക്ഷിക്കുകയും അവ പൊതുജന മധ്യത്തിൽ അവതരിപ്പിക്കുകയുമാണ് മേളയുടെ ലക്ഷ്യം. എല്ലാ ദിവസവും വൈകുന്നേരം അഞ്ച് മുതൽ ഗോത്രകലകളുടെ പ്രദർശനവും കലാപരിപാടികളുമുണ്ട്.

വിവിധ ആദിവാസി ഊരുകളിലെ ഗോത്രവിഭാഗക്കാർ തയ്യാറാക്കിയ ഉത്പന്നങ്ങളും നാടൻ വിഭവങ്ങളും ആസ്വദിക്കാനും വാങ്ങാനും കഴിയുന്ന സ്റ്റാളുകളും മേളയിൽ ഒരുക്കിയിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, പട്ടികവർഗ വികസന ഡയറക്ടർ ടി.വി.അനുപമ, പട്ടിക വർഗ വികസന വകുപ്പ് ഉദ്യോഗസ്ഥർ, ഊരു മൂപ്പൻമാർ തുടങ്ങിയവരും പങ്കെടുത്തു.

മാർച്ച് 27 ന് സമാപന സമ്മേളനം സി.കെ ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel