ആർക്കും തോൽപ്പിക്കാനാകാത്ത പെൺകുട്ടിയാണ് ഭാവന ; ടി പത്മനാഭൻ

ആർക്കും തോൽപ്പിക്കാനാകാത്ത പെൺകുട്ടിയാണ് ഭാവനയെന്ന് സാഹിത്യകാരൻ ടി പത്മനാഭൻ. അതിജീവിതയായ നടിയുടെ ചലച്ചിത്ര മേളയിലെ രംഗപ്രവേശത്തെ ആവേശത്തോടെയാണ് കണ്ടത്. രാജ്യാന്തര ചലച്ചിത്രമേളയിൽ വനിതാ സംവിധായകരുടെ സാന്നിദ്ധ്യം മാത്രമല്ല അതിജീവിതയ്ക്ക് ലഭിച്ച കൈയ്യടിയാണ് തന്നെ അത്ഭുതപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണം. തൊഴിൽ രംഗത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ ഇനിയും വെളിച്ചത്ത് വരേണ്ടതുണ്ട്. തെറ്റ് ചെയ്തവർ അനുഭവിക്കണം. ഇതൊന്നും കണ്ടില്ലെന്ന് നടിക്കാതെ ഇവിടെ ഒരു താരചക്രവർത്തിമാർക്കും വാഴാൻ കഴിയില്ലെന്നും ടി. പത്മനാഭൻ പറഞ്ഞു.

ഭാവന അപരാജിതയായ പെൺകുട്ടിയാണെന്നും ടി പത്മനാഭൻ ഐ എഫ് എഫ് കെ സമാപന സമ്മേളന വേദിയിൽ പ്രതികരിച്ചു. ഇത് സ്ത്രീകളുടെ ചലച്ചിത്ര മേളയാണ്. സ്ത്രീകളുടെ വിജയം ഉദ്ഘോഷിക്കുന്ന ചലച്ചിത്ര മേളയാണിതെന്നും ടി പത്മനാഭൻ അഭിപ്രായപ്പെട്ടു.

സാഹിത്യകാരൻ ടി പത്മനാഭന്റെ വാക്കുകൾ

26 കൊല്ലം നീണ്ടു നിൽക്കുന്ന ഈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു വർഷം ആണ് ഇത്തവണത്തേതെന്ന് ഞാൻ പറയുവാൻ ആഗ്രഹിക്കുന്നു. കാരണം ഇത് സ്ത്രീകളുടെ ചലച്ചിത്രോത്സവം ആയിരുന്നു. ഇവിടെ പ്രദർശിപ്പിച്ച സിനിമകളിൽ ഭൂരിഭാഗവും സ്ത്രീകളാണ് ഡയറക്ട് ചെയ്തത് എന്നതുകൊണ്ട് മാത്രമല്ല ഞാനിത് പറയുന്നത്. ഇതിൻറെ ഉദ്ഘാടന ദിവസം ഞാൻ എന്റെ വീട്ടിലെ ചെറിയ മുറിയിൽ ടെലിവിഷൻ നോക്കി ഇരിക്കുകയായിരുന്നു.

അഭൂതപൂർവമായ ഒരു കാഴ്ചയാണ് കണ്ടത്. അപരാജിതയായ ഒരു പെൺകുട്ടി. ഒരിക്കലും ഒരാൾക്കും തോൽപ്പിക്കാൻ കഴിയാത്ത ഒരു പെൺകുട്ടി. ശ്രീ രഞ്ജിത്ത് അവരെ വേദിയിലേക്ക് ആനയിക്കുന്നു. ആദ്യം അത്ഭുതമായിരുന്നു കാണികൾക്ക്. അവിടെ ഉണ്ടായിരുന്ന കാണികൾക്ക് മാത്രമല്ല, ടെലിവിഷനിലൂടെ ലോകമെമ്പാടുമുള്ള കാണികൾക്കും ഞാനടക്കമുള്ളവർക്കും അത്ഭുതമായിരുന്നു ഇവരുടെ പരസ്യമായുള്ള രംഗപ്രവേശം.

പക്ഷേ പിന്നീട് നിലയ്ക്കാത്ത കരഘോഷം ആയിരുന്നു. അതുകൊണ്ട് മാത്രമാണ് ഞാൻ പറയുന്നത് ഇത്തവണത്തേത് സ്ത്രീകളുടെ വിജയം ഉദ്ഘോഷിക്കുന്ന ഒരു ചലച്ചിത്രോത്സവം ആണ് എന്ന്. അവരുടെ കേസിലേയ്ക്കൊന്നും ഞാൻ പോകുന്നില്ല. ഞാൻ നിയമം പഠിച്ചവനാണ്. പക്ഷേ ഈ സന്ദർഭത്തിൽ അതിലേക്ക് പോകുന്നില്ല. ഒരു കാര്യം പറയാം. തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം. ശിക്ഷിക്കപ്പെട്ടേ പറ്റൂ…….

എത്ര വലിയവനായാലും ഒരു തരത്തിലുമുള്ള ദാ​ക്ഷിണ്യത്തിനും അവർ അർഹരാകുകയില്ല. സുഹൃത്തുക്കളെ നമ്മുടെ കേരളം ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് പല വിഷയത്തിലും മുന്നിലാണ്. ഇപ്പോഴും മുന്നിലേക്കുള്ള പ്രയാണം തുടർന്നു കൊണ്ടേയിരിക്കുകയാണ്.

പുതിയ കാലഘട്ടത്തിന്റെ ഏറ്റവും വലിയ കലാരൂപമാണ് സിനിമ. ആ സിനിമയുടെ പല മേഖലകളിൽ വനിതകൾ ജോലി ചെയ്യുന്നുണ്ട്.അഭിനേത്രികൾ മാത്രമായിട്ടല്ല, പാട്ടുകാരികൾ മാത്രമായിട്ടല്ല, പല പല മേഖലകളിലും അവർ തങ്ങളുടെ സാന്നിധ്യം വിളിച്ചു പറയുന്നു.

പക്ഷേ അവർക്ക് കിട്ടുന്ന പരിചരണം എന്താണ്..? ഈ അപരാജിതയുടെ കേസ് വന്നതിനുശേഷമാണ് കുറെയൊക്കെ കാര്യങ്ങൾ ലോകത്തിന് മുന്നിൽ വന്നത്. ഇനിയും വരാൻ ഉണ്ടാകും. ഇത് തുടർന്നും അനുവദിക്കാൻ പറ്റുമോ..?

ഇത്തരം പ്രവൃത്തികൾ ചെയ്ത് എല്ലാവർക്കും ഇവിടെ താരചക്രവർത്തിമാരായി വാഴാൻ കഴിയില്ല. ഈ മേള ഇത്രയും ഭംഗി ആക്കിയതിന് കേരള ഗവൺമെൻറിനും രഞ്ജിത്തിനും സഹപ്രവർത്തകർക്കും എല്ലാവർക്കും എല്ലാ ആശംസകളും നേരുന്നു……

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News