രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് കൊടിയിറക്കം

കാഴ്ച്ചപൂരത്തിന് തിരി താഴ്ന്നു , 26 മത് രാജ്യാന്തര ചലചിത്രമേളക്ക് കൊടിയിറങ്ങി. പുരുഷാധിപത്യ സാമൂഹിക വ്യവസ്ഥിതിക്കെതിരെയുള്ള കോസ്റ്റാറിക്കന്‍ ചിത്രം ക്ലാരാ സോളക്ക് സുവര്‍ണ ചകോരം. കമീലാ കംസ് ഔട്ട് റ്റു നെറ്റിന്റെ സംവിധായിക ഇനേസ് ബാരിയോ യൂയെവോ മികച്ച സംവിധായിക. മികച്ച മലയാള ചിത്രം ആവാസ വ്യൂഹം. ഫിപ്രസി പുരസ്‌കാരം യു റീസെമ്പില്‍ മി എന്ന ചിത്രത്തിന്. തമിഴ് ചിത്രം കൂഴങ്കലിന് 2 നേട്ടങ്ങള്‍.

പുരുഷാധിപത്യ സാമൂഹിക വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടമാണ് പ്രമേയമാക്കിയ കോസ്റ്റാറിക്കന്‍ ചിത്രം ക്ലാരാ സോളയാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം നേടിയത്. 20 ലക്ഷം രൂപയും പ്രശസ്തി പത്രവും ആണ് പുരസ്‌ക്കാരം. പ്രേക്ഷകപ്രീതി ഉള്‍പ്പെടെ മൂന്ന് പുരസ്‌കാരം വിനോദ് രാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം കൂഴങ്കല്‍ നേടി. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം,രാജ്യാന്തര മല്‍സര വിഭാഗത്തില്‍ ജൂറി പുരസ്‌ക്കാരം എന്നിവയാണ് കൂഴങ്കല്‍ നേടിയത്.

ഇനേസ് ബാരിയോ യൂയെവോയ്ക്കാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം. രജതചകോരം ചിത്രം കമീലാ കംസ് ഔട്ട് റ്റു നെറ്റ് . മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരത്തിന് ദിനാ അമര്‍ സംവിധാനം ചെയ്ത യു റീസെമ്പില്‍ മി തെരഞ്ഞെടുക്കപ്പെട്ടു . ഈ വിഭാഗത്തിലെ മികച്ച മലയാള ചിത്രം കൃഷണാനന്ദ് സംവിധാനം ചെയ്ത ആവാസ വ്യൂഹമാണ് .ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്.എഫ്എസ്.എ. – കെ.ആര്‍ മോഹനന്‍ പുരസ്‌കാരത്തിന് പ്രഭാഷ് ചന്ദ്ര സംവിധാനം ചെയ്ത അയാം നോട്ട് ദി റിവര്‍ ഝലവും മലയാള ചിത്രമായ താരാ രാമാനുജന്‍ സംവിധാനം ചെയ്ത നിഷിദ്ധോയും തെരെഞ്ഞെടുക്കപ്പെട്ടു.

മേളയിലെ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം കൃഷണാനന്ദ് സംവിധാനം ചെയ്ത ആവാസ വ്യൂഹം നേടി. രാജ്യാന്തര മത്സര വിഭാഗത്തിലെ ചിത്രങ്ങളില്‍ മികച്ച പ്രകടനത്തിനുള്ള പ്രത്യേക പരാമര്‍ശത്തിനു കമീലാ കംസ് ഔട്ട് റ്റു നെറ്റിലെ അഭിനേത്രി നീന ഡിയംബ്രൗസ്‌കി അര്‍ഹയായി. ഇസ്രയേല്‍ ചിത്രം ലെറ്റ് ഇറ്റ് മി മോര്‍ണിംഗും ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. ലോക സിനിമയുടെ ചരിത്രം കാണിക്കുന്ന മ്യൂസിയം തിരുവനന്തപുരത്ത് സ്ഥാപിക്കുമെന്ന് മേളയുടെ സമാപനം ഉദ്ഘാടനം ചെയ്ത് കൊണ്ട് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

മേള കാണാന്‍ തലസ്ഥാനത്ത് എത്താന്‍ കഴിയാത്തവര്‍ക്ക് വേണ്ടി മറ്റ് സ്ഥലങ്ങളിലും പ്രദര്‍ശനം സര്‍ക്കാരിന്റെ സജീവ പരിഗണയില്‍ എന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. സ്ത്രീകളുടെ വിജയം ഉദ്‌ഘോഷിക്കുന്ന ചലച്ചിത്ര മേളയാണ് ഇതെന്ന് ചടങ്ങില്‍ പങ്കെടുത്ത കഥാകൃത്ത് ടി പദ്മനാഭന്‍ അഭിപ്രായപ്പെട്ടു.

ഹേമാ , അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സിനിമമേഖലക്കായി നിയമം നിര്‍മ്മിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ ഉറപ്പ് നല്‍കി. സ്വയംവരം സിനിമക്ക് 50 വര്‍ഷം തികയുന്ന സാഹചര്യത്തില്‍ അടൂര്‍ ഗോപാലകൃഷണനെ ചടങ്ങില്‍ ആദിരിച്ചു. ബോളിവുഡ് താരം നവാസുദീന്‍ സിദ്ദിഖി ചടങ്ങില്‍ പ്രസംഗിച്ചു. ചലചിത്ര അക്കാദമി ഭാരവാഹകള്‍ ആയ രജ്ഞിത്ത്, പ്രേംകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. റാണി ജോര്‍ജ് സ്വാഗതവും സി അജോയി നന്ദിയും പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News