പോരാട്ടങ്ങളുടെ തീച്ചൂളകളിൽ പാകപ്പെട്ട കമ്മ്യൂണിസ്റ്റുകാരൻ…ഹർകിഷൻ സിംഗ് സുർജിത്

സ്വതന്ത്രപൂർവ്വ ഇന്ത്യ കണ്ട വിപ്ലവകാരിയായ സ്വാതന്ത്ര്യസമര പോരാളി.പഞ്ചാബിലെ ഗോതമ്പ് പാടങ്ങൾക്ക് തീപിടിപ്പിച്ച അതുല്യനായ കർഷക നേതാവ്. വിഘടനവാദ-വർഗ്ഗീയ പ്രസ്ഥാനങ്ങളുടെ നിത്യവിമർശകൻ.നീണ്ട 13 വർഷക്കാലം സിപിഐഎം ജനറൽ സെക്രട്ടറി. ജീവിതാന്ത്യം വരെയും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ സ്പന്ദനമായി മാറിയ, സഖാവ് ഹർകിഷൻ സിംഗ് സുർജിത്.

1932 മാർച്ച്‌ 23 ഭഗത് സിംഗ് ഒന്നാം രക്തസാക്ഷി ദിനം, നിറഞ്ഞ സൈനിക വിന്യാസവുമായി പഞ്ചാബിലെ ഹോഷിയാൻ കോടതിവളപ്പ്, ചീറിപ്പാഞ്ഞുവന്ന വെടിയുണ്ടകളെ അവഗണിച്ചു ബ്രിട്ടന്റെ യൂണിയൻ ജാക്ക് താഴെയിറക്കി ത്രിവർണ്ണ പതാക ഉയർത്തുമ്പോൾ സുർജിത്തിന് പ്രായം 16 വയസ്സ്. ബ്രിട്ടീഷ് സാമ്രാജ്യത്തോടുള്ള അടങ്ങാത്ത കലാപങ്ങളായിരുന്നു ഹർകിഷൻ സിംഗ് സുർജിത്തിന്റെ ബാല്യവും കൗമാരവും.

1916 ൽ പഞ്ചാബിലെ ബഡാല ഗ്രാമത്തിൽ തീക്ഷ്ണമായ സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങൾക്കിടയിലേക്കായിരുന്നു സുർജിത്തിന്റെ ജനനം.നിരോധിക്കപ്പെട്ട കർഷക തൊഴിലാളികൾക്ക് പാർട്ടിയോഗം ചേരാൻ സൗകര്യം ചെയ്തുകൊടുത്തതിന്റെ പേരിൽ സ്കൂളിൽ നിന്ന് പുറത്തേക്ക്.

പതിനഞ്ചാം വയസ്സിൽ സമരജീവിതത്തിലേക്ക് കാലെടുത്തുവച്ച സുർജിത് പിന്നീട് രചിച്ചത് പകരം വയ്ക്കാനില്ലാത്ത പോരാട്ടചരിത്രം. ഭഗത് സിംഗിന്റെ രക്ത സാക്ഷിത്വം ചെലുത്തിയ സ്വാധീനമാണ് സുർജിത്തിനെ വിപ്ലവജീവിതത്തിലേക്ക് നയിച്ചത്.

ഹോഷിയാൻപൂർ കേസിന്റെ വിചാരണവേളയിൽ കോടതിയോട് തന്റെ പേര് ‘ലണ്ടൻ തോഡാ സിംഗ്’ അഥവാ ‘ലണ്ടനെ തകർക്കുന്ന സിംഗ്’ എന്നുറക്കെ പ്രഖ്യാപിച്ച് നാലുവർഷക്കാലം ജയിൽവാസം.

1934 ൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ ചേർന്ന അദ്ദേഹം പഞ്ചാബിലെ കിസാൻ സഭയുടെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു, ഇതേ വർഷം പഞ്ചാബിൽ നിന്ന് നാടുകടത്തപ്പെട്ട സുർജിത് ഉത്തർപ്രദേശിലെത്തുകയും ചിങ്കാരിയെന്ന പത്രം ആരംഭിക്കുകയും ചെയ്തു.

രണ്ടാം ലോകമഹായുദ്ധ കാലത്ത് കമ്മ്യൂണിസ്റ്റുകാർ രാജ്യവ്യാപകമായി വേട്ടയാടപ്പെട്ടു. ഒളിവിൽ പോയെങ്കിലും 1940 ൽ സുർജിത് അറസ്റ്റിലായി. സമാനതകളില്ലാത്ത ക്രൂരതകൾക്കായിരുന്നു ലഹോറിലെ ചെങ്കോട്ട ജയിൽ പിന്നീട് സാക്ഷ്യം വഹിച്ചത്.

കൊടിയ മർദ്ദനവും ഇരുട്ടറ വാസവും സുർജിത്തിന്റെ കാഴ്ചശക്തിയെ ബാധിച്ചെങ്കിലും പോരാട്ട വീര്യത്തിന് ശമനം ഉണ്ടാക്കിയില്ല. ഏറെ വൈകി മെഡിക്കൽ റിപ്പോർട്ടുകൾ പരിഗണിച്ച ബ്രിട്ടീഷ് ഭരണകൂടം അദ്ദേഹത്തെ ദിയോജി ജയിലിലേക്ക് മാറ്റി.

1947 ൽ ഇന്ത്യ സ്വാതന്ത്ര്യം നേടുന്ന വേളയിൽ പഞ്ചാബിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി സെക്രട്ടറിയായിരുന്നു അദ്ദേഹം.പാർട്ടി നിരോധനത്തെ തുടർന്ന് ഒളിവും ജയിൽവാസവും അനുഭവിച്ച സുർജിത് 1954 ൽ ഓൾ ഇന്ത്യ കിസാൻ സഭയുടെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

മൂന്നാം പാർട്ടി കോൺഗ്രസിൽ കേന്ദ്രകമ്മിറ്റിയിലേക്കും പോളിറ്റ്ബ്യൂറോയിലേക്കും എത്തിച്ചേർന്ന സുർജിത്,1964 ൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി പിളർന്നപ്പോൾ സിപിഐഎം ന്റെ ആദ്യ പോളിറ്റ്ബ്യൂറോയിലെ ഒൻപത് അംഗങ്ങളിൽ ഒരാളായി.

അരനൂറ്റാണ്ടിലധികം പോളിറ്റ്ബ്യൂറോ അംഗമായിരുന്ന സുർജിത് 1992 ൽ ഇ എം എസിന്റെ പിൻഗാമിയായി പാർട്ടി ജനറൽ സെക്രട്ടറി പഥത്തിലെത്തി. ഇന്ത്യയുടെ പാർലമെന്ററി ചരിത്രത്തിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ നിർണായക ശക്തിയായി നിലനിർത്താൻ അദ്ദേഹത്തിലെ രാഷ്ട്രീയ തന്ത്രജ്ഞന് സാധിച്ചു.

സോവിയറ്റ്‌ പതനത്തിന് ശേഷവും ഇന്ത്യയിലെ വർഗ്ഗബഹുജന അടിത്തറ ഇളകാതെ സൂക്ഷിച്ചും അമേരിക്കൻ സാമ്രാജ്യത്തെ വെല്ലുവിളിച്ച് ഫിദലിന്റെ തോൾചേർന്നും സുർജിത് പാർട്ടിയെ നയിച്ചു.10 വർഷക്കാലത്തെ ജയിൽവാസവും 8 വർഷത്തെ ഒളിവും, മർദ്ദനവും തളർത്താത്ത പോരാട്ട വീര്യം.

സാമ്രാജ്യത്വ സമരത്തിന്റെ തീച്ചൂളയിൽ വളർന്ന് ഇന്ത്യൻ ഇടതുപക്ഷത്തിന്റെ അമരക്കാരനായി, അടിയന്തരാവസ്ഥയോടും പൊരുതി, ചൂഷിത വർഗ്ഗ വിമോചനത്തിന്റെ പ്രത്യേയ ശാസ്ത്ര വാഹകനായ സഖാവ് ഹർകിഷൻ സിംഗ് സുർജിത് 2008 ഓഗസ്റ്റ് ഒന്നിന് ലോകത്തോട് വിടപറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News