ഐ.പി.എല്‍ പതിനഞ്ചാം പതിപ്പിന് ഇന്ന് തുടക്കം

ഐ.പി.എല്ലിന്റെ പതിനഞ്ചാം പതിപ്പിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും.

രാത്രി 7:30 ന് മുംബൈ വാങ്കഡേ സ്റ്റേഡിയത്തിലാണ് മത്സരം. 10 ടീമുകളെ 5 വീതമുള്ള 2 ഗ്രൂപ്പുകളായി തിരിച്ചാണ് ഇത്തവണ മത്സരങ്ങൾ.അതിവേഗ ക്രിക്കറ്റ് പ്രേമികൾക്ക് ഇനിയുള്ള 2 മാസക്കാലം ആവേശ രാവുകളാണ്.70 ലീഗ് മത്സരങ്ങൾ ഉൾപ്പെടെ ആകെ 74 മത്സരങ്ങളാണ് പുത്തൻ സീസണിൽ ഉണ്ടാവുക.

ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്ടനായി രവീന്ദ്ര ജഡേജയും കൊൽക്കത്തയുടെ നായകനെന്ന നിലയിൽ മറുനാടൻ മലയാളി താരം ശ്രേയസ് അയ്യരും അരങ്ങേറ്റം കുറിക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട് ഇന്നത്തെ മത്സരത്തിന്. കഴിഞ്ഞ സീസണിലെ ഫൈനലിൽ കൊൽക്കത്തയെ 27 റൺസിന് തോൽപിച്ചായിരുന്നു ചെന്നൈയുടെ കിരീട നേട്ടം.

ബാറ്റിംഗിലും ബോളിംഗിലും ശക്തമായ നിരയുമാണ് ചെന്നൈ പുത്തൻ സീസണിന് ഇറങ്ങുന്നത്. കഴിഞ്ഞ സീസണിലെ ഓറഞ്ച് ക്യാപ്പ് ജേതാവ് റുതു രാജ്ഗെയ്ക് വാദ്, അമ്പാട്ടി റായുഡു, എം എസ് ധോണി, ഡ്‌വെയ്ൻ ബ്രാവോ എന്നിവരാണ് നാല് തവണ ചാമ്പ്യന്മാരായ സൂപ്പർ കിങ്സ് നിരയിലെ പ്രധാന താരങ്ങൾ .

ഓൾ റൌണ്ടർമാരുടെ നിറസാന്നിധ്യം നിലവിലെ ചാമ്പ്യന്മാർക്ക് പ്ലസ് പോയിന്റാണ്. മലയാളി പേസർ കെ.എം ആസിഫും ടീമിൽ ഉണ്ട്. ഫാഫ് ഡ്യൂപ്ലെസിയുടെ അസാന്നിധ്യം ടോപ് ഓർഡറിനെ ബാധിക്കും. വിജയത്തുടക്കം കുറിക്കാനുറച്ചാണ് ചെന്നൈയുടെ പടയൊരുക്കം. അതേസമയം 2012, 2014 വർഷങ്ങളിലെ ചാമ്പ്യന്മാരായ കൊൽക്കത്ത മൂന്നാം കിരീടം നോട്ടമിട്ടാണ് സീസണിനിറങ്ങുന്നത്.

മുൻ സീസണുകളെ അപേക്ഷിച്ച് ഏറെ സന്തുലിതമാണ് നൈറ്റ് റൈഡേഴ്സ്. തട്ടുപൊളിപ്പൻ ഫോമിലുള്ള നായകൻ ശ്രേയസ് അയ്യരാണ് ബാറ്റിംഗിന്റെ നട്ടെല്ല്. വെങ്കിടേഷ് അയ്യർ രഹാനെ, അലക്സ് ഹെയിൽസ്, മുഹമ്മദ് നബി , നിതീഷ് റാണ എന്നിവരാണ് ടീമിലെ മറ്റ് പ്രധാന ബാറ്റർമാർ.

കിടിലൻ ഓൾ റൌണ്ടർമാരായ ആന്ദ്രേ റസ്സൽ, സുനിൽ നരൈൻ എന്നിവരും നടപ്പ് സീസണിൽ ടീമിലുണ്ട്. പാറ്റ് കമ്മിൻസ് , ഉമേഷ് യാദവ്, ടീം സൌത്തി എന്നിവർക്കാണ് പേസ് ബോളിംഗിന്റെ ചുക്കാൻ . ജാക്ക് കല്ലിസാണ് ടീമിന്റെ മുഖ്യ പരിശീലകൻ. ടീമുകൾ ഇതുവരെ 26 മത്സരങ്ങളിൽ മുഖാമുഖം വന്നപ്പോൾ 17 ലും വിജയം ചെന്നൈക്ക് ഒപ്പമായിരുന്നു.

8 തവണ മാത്രമാണ് കൊൽക്കത്ത ജയിച്ചത്. ഏതായാലും കഴിഞ്ഞ സീസണിലെ ഫൈനലിന്റെ അതി വാശിയേറിയ റീപ്ലേയ്ക്കാണ് മുംബൈ വാങ്കഡേ സ്‌റ്റേഡിയത്തിൽ അരങ്ങൊരുങ്ങുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News