ഫിലിപ്പോ ഒസെല്ലായെ മടക്കി അയച്ച നടപടി ദുരൂഹം; കേന്ദ്രം വിശദീകരണം നൽകണം; എം എ ബേബി

രാജ്യാന്തര തലത്തില്‍ പ്രശസ്തനായ നരവംശ, സാമൂഹ്യ ശാസ്ത്രജ്ഞന്‍ ഫിലിപ്പോ ഓസെല്ലയെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് സ്വദേശത്തേക്കു തിരിച്ചയച്ച സംഭവം നടന്നത് ഈ വ്യാഴാഴ്ചയാണ്. യുകെയിലെ സസെക്‌സ് സര്‍വകലാശാലയിലെ പ്രൊഫസറായ അദ്ദേഹം കേരളത്തിലെ സമൂഹം, സമ്പദ്‌വ്യവസ്ഥ, മതം എന്നിവയെക്കുറിച്ചുള്ള ലോകത്തിലെ ഏറ്റവും മികച്ച ഗവേഷകരിൽ ഒരാളാണ്.

അനായാസം മലയാളം സംസാരിക്കുന്ന ഒസെല്ല, മൂന്ന് പതിറ്റാണ്ടുകളായി സംസ്ഥാനത്തെക്കുറിച്ചുള്ള വളരെ ആഴത്തിലുള്ള പഠനം നടത്തി. അദ്ദേഹത്തിന്റെ കൃതികളുടെ വ്യാപ്തിയിൽ അദ്ദേഹം ഇതുവരെയുള്ള മറ്റ് ഇന്ത്യക്കാരും വിദേശികളുമായ മിക്ക പണ്ഡിതന്മാരെയും മറികടക്കുന്നു.

എം എ ബേബിയുടെ കുറിപ്പ്

ഫിലിപ്പോ ഒസെല്ലായെ രാജ്യത്ത് പ്രവേശിക്കാൻ അനുവദിക്കാതെ വിമാനത്താവളത്തിൽ നിന്ന് മടക്കി അയച്ചത് വളരെ ദുരൂഹമായിരിക്കുന്നു. കേരളത്തെക്കുറിച്ച് പഠനം നടത്തുന്ന യൂറോപ്യൻ പണ്ഡിതരിൽ പ്രമുഖനാണ് അദ്ദേഹം. കേരളത്തിലെ പ്രമുഖ സർവകലാശാലകളും അക്കാദമിക് സ്ഥാപനങ്ങളും ചേർന്നു നടത്തുന്ന ഒരു അക്കാദമിക് കോൺഫറൻസിൽ പങ്കെടുക്കാനാണ് അദ്ദേഹം തിരുവനന്തപുരത്ത് വന്ന് ഇറങ്ങിയത്.

വന്ന വിമാനത്തിൽ തന്നെ അദ്ദേഹത്തെ തിരിച്ചയച്ച ഇമിഗ്രേഷൻ അധികൃതർ വളരെ മോശമായി പെരുമാറി എന്നും പറയുന്നു. കാരണം ചോദിക്കാൻ ശ്രമിച്ച അദ്ദേഹത്തോട് ഇനി മിണ്ടിയാൽ തടവിലാക്കിക്കളയും എന്നാണ് മറുപടി പറഞ്ഞത്.

രക്തസമ്മർദ്ദത്തിനുള്ള മരുന്ന് ബാഗിൽ നിന്ന് എടുക്കാൻ പോലും അദ്ദേഹത്തെ അനുവദിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു. ഗവേഷണത്തിനുള്ള ഒരു വർഷത്തെ വിസ ഉള്ള അദ്ദേഹത്തെ, കഴിഞ്ഞ മുപ്പതു വർഷമായി കേരളത്തിൽ വന്നു പഠനം നടത്തുന്ന വ്യക്തിയെ ഇങ്ങനെ കൈകാര്യം ചെയ്തത് ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ പോലും അത്ഭുതകരമാണ്.

കേരളത്തിലെ ഈഴവസമുദായത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന്റെ സ്വാധീനം, മുസ്ലിം സമുദായത്തിലെ നവോത്ഥാനം എന്നീ വിഷയങ്ങൾ പഠിച്ചിട്ടുള്ള അദ്ദേഹം കേരളതീരത്തെ മത്സ്യത്തൊഴിലാളികളിൽ കോവിഡും കാലാവസ്ഥാ മാറ്റവും ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള കോൺഫറൻസിൽ പങ്കെടുക്കാൻ ആണ് ഇത്തവണ വന്നത്.

വ്യവസ്ഥാപിത വിസ ഉള്ള ഒരു പണ്ഡിതനെ തിരിച്ചയച്ച കാര്യത്തിൽ ഇന്ത്യൻ സർക്കാർ ഒരു വിശദീകരണം നല്കേണ്ടതാണ്. ലോകമെങ്ങും നിന്നുള്ള പണ്ഡിതരുമായി നമ്മുടെ സർവകലാശാലകളിലെ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും അധ്യാപകർക്കും ബൗദ്ധിക കൊടുക്കൽ വാങ്ങൽ ഉണ്ടാവേണ്ടതാണ്. അതിന് വേണ്ടിയുള്ള പല ശ്രമങ്ങളും കേരള സർക്കാർ നടത്തിയിട്ടുണ്ട്. മറ്റു പ്രധാന സർവകലാശാലകളും നടത്തുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News