ഇനി മിണ്ടിയാൽ തടവിലാക്കിക്കളയും!!! കേന്ദ്രം തിരിച്ചയച്ച ഫിലിപ്പോ ഒസെല്ലാ ആരാണ്?

രാജ്യം നാണക്കേട് കൊണ്ട് തലകുനിക്കുകയാണ്. ഇന്ത്യൻ ഭരണകൂടത്തിന്റെ നെറികെട്ട പ്രവർത്തികളുടെ അനന്തരഫലം അനുഭവിക്കുന്നത് ഞാനും നിങ്ങളും ഉൾപ്പെടുന്ന സമൂഹം തന്നെയാണ്. രാജ്യാന്തര തലത്തില്‍ പ്രശസ്തനായ നരവംശ, സാമൂഹ്യ ശാസ്ത്രജ്ഞനായ ഫിലിപ്പോ ഓസെല്ലയെ ഇന്ത്യയിൽ കാലു കുത്താൻ അനുവദിക്കാതെ വന്ന വിമാനത്തിൽ തന്നെ തിരിച്ചയച്ചത് ലോകം ചർച്ചചെയ്യുകയാണ്. ഒന്നോർക്കുക നേട്ടങ്ങളുടെ പേരിലല്ല ഈ ചർച്ച നാണക്കേടിന്റെ പേരിലാണ് .

കേരളത്തിലെ പ്രമുഖ സർവകലാശാലകളും അക്കാദമിക് സ്ഥാപനങ്ങളും ചേർന്നു നടത്തുന്ന ഒരു അക്കാദമിക് കോൺഫറൻസിൽ പങ്കെടുക്കാനാണ് ഓസെല്ല തിരുവനന്തപുരത്ത് വന്നത്. വന്ന വിമാനത്തിൽ തന്നെ അദ്ദേഹത്തെ തിരിച്ചയച്ച ഇമിഗ്രേഷൻ അധികൃതർ വളരെ മോശമായി പെരുമാറിയത് . കാരണം ചോദിക്കാൻ ശ്രമിച്ച അദ്ദേഹത്തോട് ഇനി മിണ്ടിയാൽ തടവിലാക്കിക്കളയും എന്നാണ് മറുപടി പറഞ്ഞത്.കേന്ദ്രത്തിന്റെ ധാർഷ്ട്യം ഇന്ത്യൻ ജനതയുടെ അഭിമാനത്തിനും സംസ്കാരത്തിനും മുറിവേൽപ്പിച്ചിരിക്കുകയാണ്.

ര ഗവേഷണത്തിനുള്ള ഒരു വർഷത്തെ വിസ ഉള്ള ഓസെല്ലയെ, കഴിഞ്ഞ മുപ്പതു വർഷമായി കേരളത്തിൽ വന്നു പഠനം നടത്തുന്ന വ്യക്തിയെ ഇങ്ങനെ കൈകാര്യം ചെയ്തത് ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ പോലും അത്ഭുതകരമാണ്.

ആരാണ് ഒസെല്ലാ….

യുകെയിലെ സസെക്‌സ് സര്‍വകലാശാലയിലെ പ്രൊഫസറായ അദ്ദേഹം കേരളത്തിലെ സമൂഹം, സമ്പദ്‌വ്യവസ്ഥ, മതം എന്നിവയെക്കുറിച്ചുള്ള പഠനം നടത്തുന്ന ലോകത്തിലെ ഏറ്റവും മികച്ച ഗവേഷകരിൽ ഒരാളാണ്. മൂന്ന് പതിറ്റാണ്ടുകളായി സംസ്ഥാനത്തെക്കുറിച്ചുള്ള വളരെ ആഴത്തിലുള്ള പഠനം നടത്തുന്ന ഒസെല്ല അനായാസം മലയാളം സംസാരിക്കും മറ്റ് ഇന്ത്യക്കാരും വിദേശികളുമായ മിക്ക പണ്ഡിതന്മാരെയും മറികടക്കുന്ന തരത്തിൽ വ്യാപ്തിയുള്ളതാണ് അദ്ദേഹത്തിന്റെ കൃതികൾ.

കരോലിൻ ഒസെല്ലയ്‌ക്കൊപ്പം തയ്യാറാക്കിയ ഒസെല്ലയുടെ ഗവേഷണങ്ങൾ, ഹിന്ദു പിന്നാക്ക സമുദായങ്ങൾ, ശബരിമല, ആധുനികത, സാമൂഹിക പ്രവണതകൾ, കുടിയേറ്റം, കേരളത്തിലെ മുസ്ലീം സമുദായത്തിലെ ഫാഷൻ, ശ്രീലങ്കയിലെയും കേരളത്തിലെയും മുസ്ലീം ചാരിറ്റി സംഘടനകൾ എന്നീ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.കരോലിൻ ഒസെല്ലയ്‌ക്കൊപ്പം രചിച്ച ഈഴവരെക്കുറിച്ച് പ്രതിപാദിക്കുന്ന ‘സോഷ്യൽ മൊബിലിറ്റി ഇൻ കേരള: മോഡേണിറ്റി ആൻഡ് ഐഡന്റിറ്റി ഇൻ കോൺഫ്ലിക്ട്’ എന്ന കൃതി അദ്ദേഹത്തിന്റെ പ്രധാന കൃതിയായി കണക്കാക്കുന്നു.

ലോകം ബഹുമാനിക്കുന്ന 65 കാരനായ ഒസല്ലയുടെ കൃതികൾ ദക്ഷിണേഷ്യയിലെയും കേരളത്തിലെയും പണ്ഡിതന്മാർക്ക് അത്യന്താപേക്ഷിതമായ വായനയായി കണക്കാക്കപ്പെടുന്നു.

മതം, ലിംഗഭേദം, വ്യാപാരം
‘മെൻ ആൻഡ് മാസ്കുലിനിറ്റീസ് ഇൻ സൗത്ത് ഇന്ത്യ’ (2006), ‘മൈഗ്രേഷൻ, മോഡേണിറ്റി ആൻഡ് സോഷ്യൽ ട്രാൻസ്ഫോർമേഷൻ ഇൻ സൗത്ത് ഏഷ്യ’ (എഡി., 2003), ‘ഇസ്‌ലാമിക് റിഫോം ഇൻ സൗത്ത് ഏഷ്യ’ (2011), ‘ റിലീജിയൻ ആൻഡ് മൊറാലിറ്റി ഓഫ് മാർകറ്റ്’ (2017); എന്നിവ അടക്കമുള്ളവയാണ് അദ്ദേഹത്തിന്റെ മറ്റ് കൃതികൾ.

ഇതിനു പുറമെ ലേഖനങ്ങളും പ്രബന്ധങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ട ചിലത്: ‘റീലീജിയോസിറ്റി ആൻഡ് അദേഴ്സ്: ലൈവ്ഡ് ഇസ്‌ലാം ഇൻ വെസ്റ്റ് ആഫ്രിക്ക ആൻഡ് സൗത്ത് ഇന്ത്യ’ (2020), ”യൂ കാൻ ഗിവ് ഈവൻ ഇഫ് യു ഒൺലി ഹാവ് ടെൻ റുപീസ്!’: മുസ്ലീം ചാരിറ്റി ഇൻ എ കൊളംബോ ഹൗസിംഗ് സ്‌കീം (2018), ‘ഇന്ത്യൻ പഞ്ചാബി സ്‌കിൽഡ് മൈഗ്രന്റ്‌സ് ഇൻ ബ്രിട്ടൻ: ഓഫ് ബ്രെയിൻ ഡ്രെയിൻ ആൻഡ് അണ്ടർ എംപ്ലോയ്‌മെന്റ്’ (2013), ‘അയ്യപ്പൻ ശരണം: മാസ്കുലിനിറ്റി ആൻഡ് ദ ശബരിമല പിൽഗ്രിമേജ് ഇൻ കേരള’ (2003), ‘മുസ്ലീം ഓണ്ടർപ്രിണ്യൂവേഴ്സ് ഇൻ പബ്ലിക് ലൈഫ് ബിറ്റ്വീൻ ഇന്ത്യ ആൻഡ് ദ ഗൾഫ് : മേക്കിങ് ഗുഡ് ആൻഡ് ഡൂയിങ് ഗുഡ്’ (2010).

ഒസെല്ലയുടെ 2012 ലെ ‘മലബാർ സീക്രട്ട്‌സ്: സൗത്ത് ഇന്ത്യൻ മുസ്‌ലിം മെൻസ് (ഹോമോ)സോഷ്യാലിറ്റി അക്രോസ് ദ ഇന്ത്യൻ ഓഷ്യൻ’ എന്ന ലേഖനം ഉസ്മാൻ, സക്കീർ എന്നീ കഥാപാത്രങ്ങളിലൂടെ മലബാറിലെ പ്രധാനമായും മുസ്‌ലിം പുരുഷന്മാർക്കിടയിലെ സ്വവർഗരതിയെക്കുറിച്ച് ചർച്ച ചെയ്തു. ദക്ഷിണേഷ്യയിലെ ലിംഗഭേദം വിശകലനം ചെയ്യുന്നതിനായി വലിയഗ്രാമം ഗ്രാമത്തെക്കുറിച്ചുള്ള ഒരു നരവംശശാസ്ത്ര പഠനമായിരുന്നു അദ്ദേഹത്തിന്റെ ‘മെൻ ആൻഡ് മാസ്കുലിനിറ്റീസ് ഇൻ സൗത്ത് ഇന്ത്യ’ എന്ന പുസ്തകം. ‘മുസ്ലിം സ്റ്റൈൽ ഇൻ സൗത്ത് ഇന്ത്യ’ (2007) എന്ന ലേഖനം മുസ്ലീം സ്ത്രീകളുടെ വസ്ത്രധാരണത്തിലെ മാറ്റങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നു. “എല്ലാ സമുദായങ്ങളിലും രണ്ട് ലിംഗക്കാർക്കുമുള്ള വസ്ത്രധാരണരീതി 19-ാം നൂറ്റാണ്ട് മുതൽ തുടർച്ചയായി പുനർനിർമ്മിക്കപ്പെടുന്നു” എന്ന് അതിൽ ചൂണ്ടിക്കാട്ടു.

ദ അൺബെയറബിൾ ലൈറ്റ്നസ് ഓഫ് ട്രസ്റ്റ്: ട്രേഡ്, കൺവിവിയലിറ്റി ആൻഡ് ദ ലൈഫ് വേൾഡ് ഓഫ് ഇന്ത്യൻ എക്സ്പോർട് ഏജന്റ്സ് ഇൻ യിവു, ചേന’ (2021) എന്ന പഠനം ചൈന, യുഎഇ, ഇന്ത്യ എന്നിവിടങ്ങളിലെ ഫീൽഡ് സന്ദർശനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ചൈനയിലെ യിവു ആസ്ഥാനമായുള്ള ചെറുകിട ഇന്ത്യൻ കയറ്റുമതി ഏജന്റുമാരെക്കുറിച്ച് അതിൽ പറയുന്നു. വേഗത്തിലുള്ള ചരക്കുകൾ, ഹ്രസ്വകാല നേട്ടങ്ങൾ, കുറഞ്ഞ മാർജിനുകൾ എന്നിവയാൽ വിപണിയെ അമിതമായി നിർണ്ണയിക്കുന്ന വിലകുറഞ്ഞ ചരക്കുകളിലെ ആഗോള വാണിജ്യ കേന്ദ്രമായ യിവുവിലെ വിശ്വാസത്തിന്റെ പ്രവർത്തനത്തെ ഈ പഠനം ചിത്രീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here