അരാംകോ എണ്ണ ശുദ്ധീകരണശാലയില്‍ ഹൂതി ആക്രമണം; ക്രൂഡ് ഓയില്‍ വിലയില്‍ വര്‍ധനവ്

ജിദ്ദയിലെ അരാംകോ എണ്ണ ശുദ്ധീകരണശാലയിലേക്ക് ഹൂതി വിമതര്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു. ക്രൂഡ് ഓയില്‍ വിലയില്‍ ഒരു ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ എണ്ണവില ബാരലിന് 120 ഡോളറിന് മുകളിലെത്തുകയായിരുന്നു.

ബ്രെന്റ് ക്രൂഡ് 1.62 ഡോളര്‍ അഥവാ 1.4 ശതമാനം ഉയര്‍ന്ന് ബാരലിന് 120.65 ഡോളറായി ഉയര്‍ന്നു. മൂന്ന് ഡോളറിന്റെ ഇടിവുണ്ടായ ശേഷം ഹൂതി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും ഉയരുകയായിരുന്നു. താഴ്ന്നു നിന്നിരുന്ന യുഎസ് വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡ് മൂല്യവും ഉയര്‍ന്നിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വിതരണത്തിന് തടസമുണ്ടാകില്ല എന്നാണ് ഹൂതി ആക്രമണത്തിനുശേഷം സൗദി അറിയിച്ചിരിക്കുന്നത്.

ജിദ്ദയിലെ അരാംകോ എണ്ണ ശുദ്ധീകരണ ശാലയിലെ 2 ടാങ്കുകള്‍ക്കും സാംതയിലെ വൈദ്യുതി വിതരണ കേന്ദ്രത്തിനും മിസൈല്‍ ആക്രമണത്തില്‍ തീ പിടിക്കുകയായിരുന്നു. ദഹ്റാന്‍ ജൂനൂബിലെ നാഷണല്‍ വാട്ടര്‍ കമ്പനിയുടെ ടാങ്കിനു ചോര്‍ച്ചയുണ്ടായി. തെക്കന്‍ അതിര്‍ത്തി പ്രദേശങ്ങളായ ജിസാന്‍, നജ്റാന്‍ എന്നീ സ്ഥലങ്ങളിലെ ജനവാസ കേന്ദ്രങ്ങളില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായി.

ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. 9 ഡ്രോണുകള്‍ തകര്‍ത്തതായി സഖ്യസേന അറിയിച്ചു. ജിദ്ദയില്‍ ഫോര്‍മുല വണ്‍ കാറോട്ട മത്സരം ആരംഭിച്ച ദിവസം തന്നെയാണ് നഗരത്തില്‍ വലിയ തോതിലുള്ള ആക്രമണം ഉണ്ടായത്. എന്നാല്‍ ജനജീവിതത്തെ ബാധിച്ചില്ല. റോഡുകളും വാണിജ്യ കേന്ദ്രങ്ങളും പാര്‍ക്കുകളുമെല്ലാം സാധാരണ പോലെയായിരുന്നു. ജിദ്ദ വിമാനത്താവളത്തില്‍ ചില വിമാനങ്ങളുടെ ഷെഡ്യൂളുകളില്‍ ചെറിയ മാറ്റം ഉണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News