ഇനി മുതല്‍ വനിതാ ഐ പി എല്ലും; ഗാംഗുലിയുടെ നിര്‍ണായക പ്രഖ്യാപനം

അടുത്ത വര്‍ഷം മുതല്‍ പുരുഷന്മാരുടെ ഐ.പി.എല്ലിനു പുറമേ വനിതാ ഐ.പി.എല്ലും സംഘടിപ്പിക്കും. നിരന്തര ആവശ്യങ്ങള്‍ക്കൊടുവിലാണ് ബി.സി.സി.ഐ. നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. ഇതു സംബന്ധിച്ച് ധാരണയായതായി ബി.സി.സി.ഐ. അധ്യക്ഷനും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനുമായ സൗരവ് ഗാംഗുലി അറിയിച്ചു.ഇതിനു മുന്നോടിയായി ഇത്തവണത്തെ ഐ.പി.എല്ലിന്റെ പ്ലേ ഓഫ് മത്സരങ്ങള്‍ക്കിടെ വനിതാ താരങ്ങളുടെ നാലു പ്രദര്‍ശന മത്സരങ്ങള്‍ നടത്താനും ബി.സി.സി.ഐ. തീരുമാനിച്ചു. അഞ്ചോ ആറോ ടീമുകളെ ഉള്‍പ്പെടുത്തിയാകും അടുത്ത വര്‍ഷം വനിതാ ഐ.പി.എല്‍. സംഘടിപ്പിക്കുക.

വനിതാ ഐ.പി.എല്‍. വേണമെന്ന ആവശ്യം ഉയര്‍ന്നിട്ട് വര്‍ഷങ്ങളായിരുന്നു. പലകുറി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമംഗങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചിട്ടും ബി.സി.സി.ഐ. അനുകൂല തീരുമാനമെടുത്തിരുന്നില്ല. ഈ വര്‍ഷം ആവശ്യം ശക്തമായതോടെ ബി.സി.സി.ഐ. ഒടുവില്‍ വഴങ്ങുകയായിരുന്നു.ഈ വര്‍ഷം പ്ലേ ഓഫിന്റെ ഇടവേളയില്‍ മൂന്നു വനിതാ ടീമുകള്‍ ഉള്‍പ്പെടുന്ന നാലു മത്സരങ്ങളാണ് കളിക്കുക. പരസ്പരം ഏറ്റുമുട്ടി ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന രണ്ടു ടീമുകള്‍ തമ്മില്‍ ഫൈനല്‍ എന്ന രീതിയിലാണ് ഇത് സംഘടിപ്പിക്കുന്നത്.

നിലവില്‍ ഇന്ത്യന്‍ വനിതാ താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുമതിയുണ്ട്. ഓസ്ട്രേലിയിലെ വനിതാ ബിഗ് ബാഷ് ലീഗില്‍ അടക്കം ഇന്ത്യന്‍ താരങ്ങള്‍ കളിക്കുകയും ചെയ്യുന്നുണ്ട്. അടുത്ത വര്‍ഷം വനിതാ ഐ.പി.എല്‍. തുടങ്ങുന്നതോടെ പുരുഷ താരങ്ങളെപ്പോലെ വനിതാ താരങ്ങളെയും വിദേശ ലീഗുകളില്‍ നിന്നു വിലക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here