മത ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്താനുളള ശ്രമം ചെറുക്കണം; മന്ത്രി വി.ശിവന്‍കുട്ടി

സ്വാതന്ത്ര്യത്തിനും രാജ്യപുരോഗതിക്കും മഹത്തായ സംഭാവനകളര്‍പ്പിച്ച മുസ്ലിംകളുള്‍പ്പടെയുളള ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുന്നതിനും പാര്‍ശ്വവല്‍കരിക്കുന്നതിനുമുളള ഗൂഢ ശ്രമങ്ങളെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി ചെറുക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. തിരുവനന്തപുരം വലിയ ഖാസിയായി ചുമതലയേറ്റ ചന്തിരൂര്‍ വി.എം അബ്ദുല്ലാഹ് മൗലവിയുടെ സ്ഥാനാരോഹണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഭരണഘടനയുടെ ആത്മാവിനെയും അന്തസ്സിനെയും തകര്‍ക്കുന്ന തരത്തിലുളള നീക്കങ്ങള്‍ ഉത്തരവാദിത്വപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നുണ്ടാകുന്നത് ഖേദകരമാണ്. വൈദേശിക ശക്തികളോട് നിരന്തരം പൊരുതിയ ഒരുവിഭാഗം മൗലീകാവകാശങ്ങള്‍ക്കും മത സ്വാതന്ത്ര്യത്തിനും വേണ്ടി ഇന്നും സമരം ചെയ്യേണ്ടി വരുന്നു. മതേതരത്വവുംഭരണഘടനയും സംരക്ഷിക്കുന്നതിന് മത ന്യൂനപക്ഷങ്ങള്‍ നടത്തുന്ന സമാധാനപരമായ പ്രക്ഷോഭങ്ങളെ നാളെയുടെ ചരിത്രം ആദരപൂര്‍വ്വം വീക്ഷിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വലിയ ഖാസി വി.എം അബ്ദുല്ലാഹ് മൗലവിക്ക് ദക്ഷിണകേരളാ ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന പ്രസിഡന്റ് കെ.പി അബൂബക്കര്‍ ഹസ്രത്ത് തലപ്പാവണിയിച്ചു. പ്രഥമ വലിയഖാസി ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്‌റാ മൗലവിയുടെ അനുസ്മരണ സമ്മേളനം കെ.മുരളീധരന്‍ M .P ഉദ്ഘാടനം ചെയ്തു. ഭരണഘടനയും നിയമസംഹിതയും കടുത്ത ഭീഷണി നേരിടുന്ന കാലഘട്ടത്തില്‍ പണ്ഡിത പ്രതിഭയായിരുന്ന ചേലക്കുളം അബുല്‍ബുഷ്‌റാ മൗലവിയുടെ വിയോഗം കേരളത്തിന് കനത്ത നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

വലിയ ഖാസി നയപ്രഖ്യാപന പ്രസംഗം നടത്തി. ഹാഫിസ് പി.എച്ച് അബ്ദുല്‍ ഗഫാര്‍ മൗലവി മുഖ്യപ്രഭാഷണം നടത്തി,സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി പാനിപ്ര ഇബ്‌റാഹീം മൗലവി, പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി , എന്‍.കെ അബ്ദുല്‍ മജീദ് മൗലവി, കുറ്റിച്ചല്‍ ഹസന്‍ ബസരി മൗലവി, ഖാസി എ. ആബിദ് മൗലവി, മൗലവി നവാസ് മന്നാനി പനവൂര്‍, നസീര്‍ഖാന്‍ ഫൈസി, എസ് .മന്‍സൂറുദ്ദീന്‍ റഷാദി, സയ്യിദ് മുത്തുക്കോയ തങ്ങള്‍, സയ്യിദ് പൂക്കോയാ തങ്ങള്‍, അബൂറബീഅ് സ്വദഖത്തുല്ലാഹ് മൗലവി, മുഹമ്മദ് ജാബിര്‍ മൗലവി ചേലക്കുളം, ഡി.എം മുഹമ്മദ് മൗലവി വടുതല, മോഡേണ്‍ അബ്ദുല്‍ ഖാദര്‍ ഹാജി, എം. അബ്ദുറഷീദ് ഹാജി, കടുവയില്‍ ഷാജഹാന്‍ മൗലവി, പി. എം അബ്ദുല്‍ ജലീല്‍ മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News