അഫ്ഗാനിസ്താനിൽ ഹയര്‍സെക്കന്ററി സ്‌കൂളുകളിലേക്കുള്ള പെൺകുട്ടികളുടെ പ്രവേശനം വീണ്ടും തടസ്സപ്പെടുത്തിയ താലിബാന്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഖത്തര്‍. സ്‌കൂളുകള്‍ ഇപ്പോള്‍ തുറക്കേണ്ടെന്ന താലിബാന്റെ തീരുമാനം നിരാശാജനകവും ആശങ്കയുണ്ടാക്കുന്നതുമാണെന്ന് ഖത്തര്‍ പ്രതികരിച്ചു.
‘വിദ്യാഭ്യാസമുള്‍പ്പെടെയുള്ള എല്ലാ അവകാശങ്ങളും സ്ത്രീകള്‍ക്ക് നല്‍കുന്ന മുസ്ലിം രാജ്യമെന്ന നിലയില്‍ അഫ്ഗാനിസ്താന്റെ നിയുക്ത സര്‍ക്കാര്‍ ഇസ്ലാമിലെ സ്ത്രീകളുടെ അവകാശങ്ങള്‍ മനസ്സിലാക്കി തീരുമാനം പുനപരിശോധിക്കണം’, ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അഫ്ഗാന്‍ വിഷയത്തില്‍ സ്വാധീന ശക്തിയുള്ള ഖത്തര്‍ നേരത്തെയും താലിബാന്റെ സ്ത്രീകള്‍ക്കെതിരായ നടപടികള്‍ പുനപരിശോധിക്കണമെന്ന് താലിബാനോട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ മാസം ജിസിസിയിലെ ആറ് അംഗരാജ്യങ്ങള്‍ സ്ത്രീകളുടെ അവകാശം ഉറപ്പാക്കുന്നത് സംബന്ധിച്ച് ദോഹയിലുള്ള താലിബാന്റെ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഖത്തറിനു പുറമെ ബഹ്‌റിന്‍, യുഎഇ, ഒമാന്‍, സൗദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങളുടെ പ്രതിനിധികളായിരുന്നു ചര്‍ച്ച നടത്തിയത്.
കഴിഞ്ഞ ദിവസമാണ് അഫ്ഗാനിസ്താനിൽ മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ പെൺകുട്ടികൾക്ക് ഹയർ സെക്കന്ററി സ്കൂളുകളിലേക്ക് തിരികെ വരാമെന്ന് താലിബാൻ വ്യക്തമാക്കിയത്. അടുത്തയാഴ്ച സ്കൂൾ തുറക്കുമ്പോൾ പെൺകുട്ടികൾക്ക് പ്രവേശനാനുമതി ലഭിക്കുമെന്ന് താലിബാൻ ഭരണകൂടം വ്യക്തമാക്കിയിരുന്നു. അറിയിപ്പ് പ്രകാരം ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ തിരികെ സ്‌കൂളുകളിലേക്കെത്തി. എന്നാല്‍ അവസാന നിമിഷം തീരുമാനം പിന്‍വലിക്കുകയാണെന്ന് താലിബാന്‍ പ്രഖ്യാപിച്ചു.
എന്നാൽ തൊട്ടു പിന്നാലെ തീരുമാനം പുനപരിശോധിക്കുകയാണെന്ന് താലിബാൻ പ്രഖ്യാപിച്ചു. പെൺകുട്ടികളുടെ യൂണിഫോം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തീരുമാനമെടുക്കേണ്ടതുണ്ടെന്ന് പറഞ്ഞായിരുന്നു മലക്കം മറിച്ചിൽ. പെൺകുട്ടികളുടെ പഠനം താലിബാൻ ഔദ്യോഗികമായി വിലക്കിയിരുന്നില്ലെങ്കിലും രാജ്യത്തെ ഹയർ സെക്കന്ററി സ്കൂളുകൾ താലിബാൻ അംഗങ്ങൾ അടച്ചു പൂട്ടിയിരുന്നു.
അതേസമയം, കഴിഞ്ഞ വർഷം താലിബാൻ അധികാരത്തിലേറിയതിന് ശേഷം അഫ്ഗാനിലെ ഭൂരിഭാഗം സ്ഥലങ്ങളിലും ഏഴാം ക്ലാസ് വരെയുള്ള പെൺകുട്ടികളെ മാത്രമേ സ്കൂളിൽ പ്രവേശിക്കാനനുവദിച്ചിരുന്നുള്ളൂ.അഫ്ഗാൻ പെൺകുട്ടികൾക്ക് വിദ്യാഭാസം നിഷേധിക്കരുതെന്നായിരുന്നു താലിബാനോടുള്ള ആഗോള രാജ്യങ്ങളുടെ പ്രധാന ആവശ്യം. 1996-2001 കാലത്തെ താലിബാന്റെ ആദ്യ ഭരണകാലത്ത് രാജ്യത്ത് സ്ത്രീകൾക്ക് വലിയ തോതിൽ അവകാശ നിഷേധമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ആഗസ്റ്റിൽ വീണ്ടും അധികാരത്തിലേറിയപ്പോൾ ഈ നയത്തിൽ നിന്നും മാറ്റമുണ്ടാവുമെന്ന് താലിബാൻ വ്യക്തമാക്കിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.