ഭരണത്തിൽ മാത്രമല്ല കലയിലും മിടുക്കിയാണ് ഈ കളക്ടർ; നിറഞ്ഞ കൈയടിയോടെ സദസ്സ്

കഥകളിയുടെ അരങ്ങില് ദമയന്തിയായി വയനാട് ജില്ലാ കളക്ടര് എ ഗീത. നളചരിതം ഒന്നാം ദിവസത്തില് ഉദ്യാനത്തില് തോഴിമാരുമായി സംവദിക്കുന്ന ദമയന്തിയുടെ വേഷവുമായാണ് വള്ളിയൂർക്കാവ് ഉത്സവത്തിൽ കളക്ടറെത്തിയത്.നൃത്തവേദിയിൽ മുൻ പരിചയമുള്ള കളക്ടറുടെ കഥകളിയിലെ അരങ്ങേറ്റം കൂടിയായിരുന്നു ഇത്.

നീട്ടിയെഴുതിയ ദമയന്തിയുടെ കണ്ണുകളിൽ ഭാവങ്ങളുടെ തിരയിളക്കങ്ങൾ. മുഖത്ത് മിന്നായംപോലെ നവരസങ്ങളുടെ വിഭിന്നഭാവങ്ങൾ. കഥകൾക്കുള്ളിലെ കഥ പറഞ്ഞ് നളചരിതം. തിരക്കൊഴിയാത്ത ഔദ്യോഗിക ചുമതലകളുടെ ഇടയിൽനിന്ന്‌ കഥകളിയുടെ അരങ്ങിൽ ദമയന്തിയായി വയനാട് കളക്ടർ എ. ഗീതയെത്തിയപ്പോൾ വള്ളിയൂർക്കാവ് ഉത്സവവേദിക്കും ഇതൊരു വേറിട്ട മുഹൂർത്തമായി.

ആട്ടക്കഥകളിൽ പ്രധാനപ്പെട്ട നളചരിതം ഒന്നാംദിവസത്തിൽ ഉദ്യാനത്തിൽ തോഴിമാരുമായി സംവദിക്കുന്ന ദമയന്തിയുടെ വേഷമാണ് കളക്ടറെ തേടിയെത്തിയത്. നളചരിതം ആട്ടക്കഥയിലെ നൃത്യ, നാട്യ ആംഗികപ്രധാനമായ ദമയന്തിയെ തികഞ്ഞ വഴക്കത്തോടെയും ഭാവങ്ങളോടെയുമാണ് അരങ്ങേറ്റത്തിന്റെ ആശങ്കകളില്ലാതെ കളക്ടർ അവതരിപ്പിച്ചത്. കഥയാടി തീർന്നപ്പോൾ നിറഞ്ഞ കൈയടിയോടെ സദസ്സ് ദമയന്തിയെയും കൂട്ടരെയും അഭിനന്ദിച്ചു.

കളക്ടറെന്ന ചുമതലകൾ ഏറ്റെടുക്കുന്നതിനും എത്രയോ കാലം മുമ്പേ കഥകളി അവതരിപ്പിക്കാനുള്ള തീവ്രമായ അഭിലാഷം മനസ്സിലുണ്ടായിരുന്നു. ഈ പൂർത്തീകരണംകൂടിയാണ് എ. ഗീതയെ നിയോഗംപോലെ വള്ളിയൂർക്കാവിന്റെ സന്നിധിയിലെത്തിച്ചത്. ക്ഷേത്രകലകളുടെ സംഗമവേദികൂടിയായ മേലക്കാവിലെ അങ്കണത്തിൽ അവസരമൊരുങ്ങിയതോടെ കഥകളി പരിശീലനം ദിവസങ്ങൾക്കുമുമ്പേ ഗൗരവമായെടുത്തു. കഥകളി ആചാര്യനായ കോട്ടയ്ക്കൽ സി.എം. ഉണ്ണിക്കൃഷ്ണന്റെ ശിഷ്യത്വം സ്വീകരിച്ചു. ജോലിപരമായ തിരക്കുകളിൽനിന്ന്‌ അധികസമയം കണ്ടെത്തിയായിരുന്നു പരിശീലനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News