മൂലമറ്റം വെടിവെയ്പ്പ്; പ്രതി ആക്രമണത്തിന് ഉപയോഗിച്ച തോക്ക് കണ്ടെടുത്തു

ഇടുക്കി മൂലമറ്റത്ത് തട്ടുകടയിലെ തർക്കത്തെ തുടർന്ന് യുവാവ് നടത്തിയ വെടിവെയ്പ്പിൽ ബസ് കണ്ടക്ടര്‍ക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രിയാണ് മൂലമറ്റം സ്വദേശി ഫിലിപ്പ് മാര്‍ട്ടിന്‍റെ വെടിയേറ്റ് കീരിത്തോട് സ്വദേശി സനല്‍ സാബു മരിച്ചത്. വെടിവെയ്പ്പിൽ ഗുരുതര പരുക്കേറ്റ പ്രദീപ് അപകടനില തരണം ചെയ്തിട്ടില്ല. ഇരട്ടതിര നിറയ്ക്കാന്‍ കഴിയുന്ന വ്യാജ തോക്ക് ഉപയോഗിച്ചായിരുന്നു ആക്രമണം.

കൊലപാതകത്തിനുപയോഗിച്ച തോക്ക് കണ്ടെടുത്തു. തോക്ക് 2014 ൽ കരിങ്കുന്നത്തുള്ള ഇരുമ്പ് പണിക്കാരനെ കൊണ്ട് നിർമിച്ചതാണെന്നാണ് വിവരം. ഇതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് ജില്ലാ പോലീസ് മേധാവി ആർ. കറുപ്പുസ്വാമി അറിയിച്ചു.

തട്ടുകടയില്‍ നിന്നും ആവശ്യപ്പെട്ട ഭക്ഷണം നൽകാത്തതിനെ തുടർന്നുള്ള തര്‍ക്കത്തിനൊടുവിലാണ് നാടിനെ നടുക്കിയ വെടിവയ്പ്പുണ്ടായത്. ഇവിടെ നിന്നും മർദനമേറ്റ് പ്രകോപിതനായി വീട്ടിലേക്ക് പോയ ഫിലിപ്പ് മാര്‍ട്ടിന്‍ തോക്കുമായി തിരിച്ചെത്തിയത് ഇരട്ട തിര നിറയ്ക്കാൻ കഴിയുന്ന തോക്കുമായിട്ടായിരുന്നു. തുടർന്ന് മൂന്നു തവണ അന്തരീക്ഷത്തിലേക്ക് വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്ന് കടയുടമ സൗമ്യ പറഞ്ഞു.

ഇവിടെ നിന്നും പോയ പ്രതി ഹൈസ്കൂൾ ജംക്ഷനിലെത്തിയപ്പോൾ സംഘം ചേർന്ന് ആളുകൾ ഇയാളുടെ കാർ തടഞ്ഞു നിർത്തി. കാറിലിരുന്ന് തന്നെ ആൾക്കൂട്ടത്തിനിടയിലേക്ക് അഞ്ചു തവണയിൽ കടുതല്‍ വെടിയുതിര്‍ത്തയായി ദൃക്സാക്ഷി പറഞ്ഞു. ഇതിനിടെയാണ് സ്കൂട്ടറിലെത്തിയ സനല്‍ ബാബുവിനും കൂട്ടുകാരനും വെടിയേറ്റത്. സംഭവവുമായി ഇവർക്ക് ബന്ധമില്ലായിരുന്നുവെന്ന് നാട്ടുകാർ വ്യക്തമാക്കി. വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഫിലിപ്പിനെ മുട്ടത്തുവെച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ മേയിൽ ഇസ്രയേലിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മാതൃ സഹോദര പുത്രനാണ് കൊല്ലപ്പെട്ട സനല്‍. കിടപ്പുരോഗിയായ അച്ഛന്റെയും അമ്മയുടെയും ഏക ആശ്രയമായിരുന്നു മുപ്പത്തി നാലുകാരനായ സനൽ. അതേ സമയം വെടിവെയ്പ്പിൽ ഗുരുതര പരുക്കേറ്റ പ്രദീപ് ഇപ്പോഴും വെൻ്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ തുടരുകയാണ്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം പ്രദീപിൽ നിന്ന് കൂടുതൽ വിശദാംശങ്ങൾ ചോദിച്ചറിയാനാണ് പോലീസിൻ്റെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News