ഐപിഎല്‍; മുംബൈക്ക് തുടക്കത്തില്‍ തന്നെ തോല്‍വി, ഡല്‍ഹിക്ക് നാലു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

ഐപിഎല്ലില്‍ ഡല്‍ഹിക്കെതിരെ മുംബൈക്ക് തോല്‍വി. നാല് വിക്കറ്റിനാണ് ഡല്‍ഹി മുംബൈയെ തകര്‍ത്തത്. 72 ന് അഞ്ച് എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ഡല്‍ഹിയെ വാലറ്റത്ത് ലളിത് യാദവും അക്‌സര്‍ പട്ടേലും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് തകര്‍പ്പന്‍ വിജയത്തിലെത്തിച്ചത്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ലളിത് യാദവും അക്‌സര്‍ പട്ടേലും ഒരോവറും നാല് പന്തും ശേഷിക്കെ ഡല്‍ഹിയെ വിജയതീരമണച്ചു. ലളിത് യാദവ് 38 പന്തില്‍ രണ്ട് സിക്‌സറുകളുടേയും നാല് ഫോറുകളുടേയും അകമ്പടിയില്‍ 48 റണ്‍സെടുത്തപ്പോള്‍ അക്‌സര്‍ പട്ടേല്‍ മൂന്ന് സിക്‌സുകളുടെ അകമ്പടിയില്‍ 38 റണ്‍സെടുത്തു.

മലയാളി താരം ബേസില്‍ തമ്പി നാലോവറില്‍ 35 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. 38 റണ്‍സെടുത്ത് അര്‍ധ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ഓപ്പണര്‍ പൃഥ്വി ഷായുടേതടക്കം നിര്‍ണായകമായ മൂന്ന് വിക്കറ്റുകളാണ് ബേസില്‍ വീഴ്ത്തിയത്.

ആദ്യം ബാറ്റ് ചെയ്ത മുംബൈ അര്‍ധസെഞ്ചറി നേടിയ ഇഷാന്‍ കിഷന്റെ മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തു. ഇഷാന്‍ കിഷന്‍ 48 പന്തില്‍ രണ്ട് സിക്സറുകളുടേയും 11 ഫോറുകളുടേയും അകമ്പടിയില്‍ 81 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ 41 റണ്‍സെടുത്തു. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ചേര്‍ന്ന് 67 റണ്‍സിന്റെ കൂട്ടുകെട്ടാണ് മുംബൈക്കായി പടുത്തുയര്‍ത്തിയത്. തിലക് വര്‍മ 22 റണ്‍സെടുത്തപ്പോള്‍ ടിം ഡേവിഡ് 12 റണ്‍സെടുത്ത് പുറത്തായി. കീറോണ്‍ പൊള്ളാര്‍ഡ് മൂന്ന് റണ്‍സും അന്‍മോല്‍പ്രീത് സിങ് എട്ട് റണ്‍സുമെടുത്ത് പുറത്തായി.

ഡല്‍ഹിക്കായി കുല്‍ദീപ് യാദവ് നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. രോഹിത് ശര്‍മയുടേയും പൊള്ളാര്‍ഡിന്റേയും അന്‍മോല്‍പ്രീത് സിങ്ങിന്റേയും വിക്കറ്റുകള്‍ കുല്‍ദീപിനാണ്. ഖലീല്‍ അഹ്മദ് നാലോവറില്‍ 27 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here