മൂലമറ്റത്ത് വെടിവച്ചു കൊന്ന കേസ്; പ്രതി ഉപയോഗിച്ചത് ലൈസന്‍സ് ഇല്ലാത്ത തോക്കെന്ന് പൊലീസ്

മൂലമറ്റത്ത് ബസ് കണ്ടക്ടര്‍ സനല്‍ സാബുവിനെ വെടിവച്ചു കൊന്ന കേസില്‍ പ്രതി ഫിലിപ്പ് മാര്‍ട്ടിന്‍ ഉപയോഗിച്ച തോക്ക് ലൈസന്‍സില്ലാത്തതെന്ന് പൊലീസ്. വിദഗ്ദ പരിശോധനയില്‍ നാടന്‍ തോക്കല്ലെന്നും കമ്പനി നിര്‍മിതമാണെന്നും കണ്ടെത്തി. തോക്ക് ഫിലിപ്പ് മാര്‍ട്ടിന്‍ 2014 ല്‍ കരിങ്കുന്നം സ്വദേശിയായ ഇരുമ്പുപണിക്കാരനില്‍ നിന്നും 1 ലക്ഷം രൂപയ്ക്ക് വാങ്ങിയതാണെന്നാണ് പൊലീസിനു മൊഴി നല്‍കിയിരിക്കുന്നത്.

പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കരിങ്കുന്നം പ്ലാന്റേഷനിലെ ഇരുമ്പുപണിക്കാരനെ കുറിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇയാള്‍ രണ്ടുവര്‍ഷം മുന്‍പ് മരിച്ചുവെന്നാണ് പൊലീസിന്റെ സ്ഥിരീകരണം. ഒരേ സമയം രണ്ടു തിരകള്‍ നിറയ്ക്കാന്‍ കഴിയുന്ന ഡബിള്‍ ബാരല്‍ വിഭാഗത്തില്‍ പെട്ട തോക്കാണ് ഇരുമ്പുപണിക്കാരന്‍ നല്‍കിയത്. പ്രതിക്ക് തോക്കില്‍ നിറയ്ക്കാനുള്ള തിരകള്‍ ലഭിച്ചതടക്കമുള്ള കാര്യങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്.

മുട്ടത്തുവച്ച് ഫിലിപ്പിനെ കസ്റ്റഡിയിലെടുക്കുമ്പോള്‍ തോക്കിനുള്ളില്‍ 2 തിരകളും വാഹനത്തില്‍ നിന്നും ഒരു തിരയും കണ്ടെത്തി. ഇതിന്റെ ഉറവിടത്തെ കുറിച്ചും അന്വേഷണം നടത്തും. അറക്കുളത്തുള്ള തട്ടുകടയുടെ മുന്‍വശത്തും എകെജി കവലയിലും വച്ച് പ്രതി വെടിയുതിര്‍ത്തിരുന്നു. കൂടുതല്‍ തിരകള്‍ പ്രതി സൂക്ഷിച്ചിട്ടുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്. ഒരു തവണ വെടിയുതിര്‍ക്കുമ്പോള്‍ ഒട്ടേറെ ചില്ലുകള്‍ തെറിക്കുന്ന രീതിയിലുള്ളതാണ് കണ്ടെത്തിയിരിക്കുന്ന തോക്ക്.

ജനക്കൂട്ടത്തിനിടയിലേക്ക് വെടിയുതിര്‍ത്താല്‍ ഒട്ടേറെ പേര്‍ക്ക് അപകടം ഉണ്ടാകാന്‍ സാധ്യതുള്ളയിനം തോക്കാണെന്നാണ് വിശദ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. വൈദ്യ പരിശോധനകള്‍ക്കു ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here