നര്‍ത്തകി മന്‍സിയയെ കൂടല്‍ മാണിക്യ ക്ഷേത്രത്തിലെ നൃത്തോത്സവത്തില്‍ നിന്ന് ഒഴിവാക്കിയതായി പരാതി

നര്‍ത്തകി മന്‍സിയയെ കൂടല്‍ മാണിക്യ ക്ഷേത്രത്തിലെ നൃത്തോത്സവത്തില്‍ നിന്ന് ഒഴിവാക്കിയതായി പരാതി. അഹിന്ദു ആയതു കൊണ്ടാണ് നൃത്തോത്സവത്തില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് ആരോപണം.

ഇതിനുമുമ്പും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് നര്‍ത്തകി തന്റെ ഫെയ്‌സ്ബുക്ക് കുറുപ്പില്‍ പറയുന്നത്. കൂടല്‍ മാണിക്യ നൃത്തോത്സവ വേദിയില്‍ നിന്ന് ഒഴിവാക്കിയത് നിരാശയുണ്ടാക്കുന്നുവെന്നും സംഘാടകര്‍ തന്റെ മതം ഏതാണെന്ന് ചോദിച്ചെന്നും മന്‍സിയ പറയുന്നു.

വിവാഹ ശേഷം മതം മാറിയോ എന്ന് തന്നോട് അന്വേഷിച്ചു. എന്നാല്‍ തനിക്ക് മതം ഇല്ലെന്നാണ് മറുപടി നല്‍കിയത്. ഇതിന് മുമ്പ് ഗുരുവായൂരില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കലാകാരന്മാര്‍ക്ക് മതേതര വേദികള്‍ കൂടുതല്‍ ലഭ്യമാക്കേണ്ടതുണ്ടെന്നും മന്‍സിയ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

മന്‍സിയയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:

കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള ‘നൃത്തോല്‍സവത്തില്‍’ ഏപ്രില്‍ 21 വൈകിട്ട് 4 മുതല്‍ 5 വരെ ചാര്‍ട്ട് ചെയ്ത എന്റെ പരിപാടി നടത്താന്‍ സാധിക്കില്ല എന്ന വിവരം പറഞ്ഞുകൊണ്ട് ക്ഷേത്രഭാരവാഹികളില്‍ ഒരാള്‍ എന്നെ വിളിച്ചു. അഹിന്ദു ആയതു കാരണം അവിടെ കളിക്കാന്‍ സാധിക്കില്ലത്രേ.

നല്ല നര്‍ത്തകി ആണോ എന്നല്ല മതത്തിന്റെ അടിസ്ഥാനത്തില്‍ ആണ് എല്ലാ വേദികളും. വിവാഹം കഴിഞ്ഞതോടെ ഹിന്ദു മതത്തിലേക്ക് കണ്‍വര്‍ട്ട് ആയോ എന്നൊരു ചോദ്യവും വന്നു കേട്ടോ. ഒരു മതവുമില്ലാത്ത ഞാന്‍ എങ്ങോട്ട് കണ്‍വര്‍ട്ട് ആവാന്‍.. ഇത് പുതിയ അനുഭവം ഒന്നുമല്ല.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുരുവായൂര്‍ ഉത്സവത്തിനോടനുബന്ധിച്ച് എനിക്ക് തന്ന അവസരവും ഇതേ കാരണത്താല്‍ ക്യാന്‍സല്‍ ആയി പോയിരുന്നു. കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോള്‍ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു.മതേതര കേരളം…

NB: ഇതിലും വലിയ മാറ്റിനിര്‍ത്തല്‍ അനുഭവിച്ചു വന്നതാണ്. ഇതെന്നെ സംബന്ധിച്ച് ഒന്നുമല്ല. ഇവിടെ കുറിക്കുന്നത് കാലം ഇനിയും മാറിയില്ല എന്നു മാത്രമല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ് പോക്കെന്ന് സ്വയം ഓര്‍ക്കാന്‍ വേണ്ടി മാത്രം..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel