പി സി ജോഷിയുടെ ഓര്‍മ്മകളില്‍ പാര്‍ട്ടി കോണ്‍ഗ്രസ്‌

പി സി ജോഷി, കമ്യൂണിസത്തെ മുളയിലേ നുളളാനായി ബ്രിട്ടീഷുകാര്‍ കെട്ടിചമച്ച മീററ്റ് ഗൂഢോലോചന കേസിലെ ഏറ്റവും പ്രായം കുറഞ്ഞപ്രതി. യു പിയിലെ അല്‍മോറ സ്വദേശി. അലഹാബാദ് യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമ ബിരുദം നേടിയ അദ്ദേഹം മീററ്റിലെ തൊഴിലാളികളുടെയും കർഷകരുടെയും പാർട്ടിയിലൂടെയാണ് പൊതുരംഗത്തേക്ക് ഇറങ്ങുന്നത്.

മോത്തിലാല്‍ നെഹ്റുവിനോടൊപ്പം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലും ഭഗത്‌സിങ് സ്ഥാപിച്ച നൌ ജവാന്‍ ഭാരത് സഭയിലും ജവഹര്‍ലാല്‍ നെഹ്റു അദ്ധ്യക്ഷനായിരുന്ന അലഹബാദ് യൂത്ത് ലീഗിലുമെല്ലാം പ്രവര്‍ത്തിച്ചു. 1927ല്‍ ബ്രസല്‍സില്‍ ചേര്‍ന്ന കോളനിവിരുദ്ധ സമ്മേളനത്തിലും സോവിയറ്റ് യൂണിയന്‍ സന്ദര്‍ശനത്തിലുമെല്ലാമുണ്ടായ അനുഭവങ്ങളാണ് പി സി ജോഷിയെ കമ്യൂണിസത്തിലേയ്ക്ക് ആകര്‍ഷിച്ചത്.

തൊഴിലാളികള്‍, കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍ ഇവരെയെല്ലാം സംഘടിപ്പിച്ച് നടന്ന പ്രക്ഷോഭങ്ങളുടെ മുന്‍ നിരയില്‍ ജോഷി ഉണ്ടായിരുന്നു 1929ലെ ട്രേഡ് ഡിസ്പ്യൂട്ട് ആക്ട് പ്രകാരം ബ്രിട്ടീഷ് സര്‍ക്കാര്‍ തൊഴിലാളി സമരങ്ങൾ നിരോധിച്ചു. തൊഴിലാളി നേതാക്കൾ ജയിലിലടക്കപ്പെട്ടു. 1929 മാർച്ച് 20ന് ജോഷിയുൾപ്പെടെ 31 പേരെ പ്രതിചേർത്ത് എടുത്ത കേസാണ് പിന്നീട് മീററ്റ് ഗൂഢാലോചനക്കേസ് എന്ന പേരിൽ പ്രസിദ്ധമായത്.

1943 മെയ് 23 മുതല്‍ ജൂണ്‍ 1 വരെ മുബൈയിൽ നടന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ1ാം പാര്‍ട്ടികോണ്‍ഗ്രസ് സംഘടിപ്പിച്ചതിന്‍റെ നേതൃനിരിയില്‍ പി സി ജോഷി ഉണ്ടായിരുന്നു.ആരായിരിക്കണം പാർട്ടി ജനറല്‍ സെക്രട്ടറി എന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടായില്ല. ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ് പി സി ജോഷിയെ ജനറല്‍സെക്രട്ടറിയായി തെരഞ്ഞെടുത്തു. 1936ൽ 50 അംഗങ്ങളുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയെ 1948ൽ എൺപതിനായിരം അംഗങ്ങളുള്ള പാർട്ടിയാക്കി മാറ്റിയത് ജോഷിയുടെ കഠിന പ്രയത്നം ഒന്നു കൊണ്ടു മാത്രമായിരുന്നു.

ദി കമ്മ്യൂണിസ്റ്റ്,ന്യൂഏജ്,നാഷണല്‍ ഫ്രണ്ട്, പീപ്പിള്‍സ് ഫ്രണ്ട് തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായും പി സി ജോഷി പ്രവർത്തിച്ചിട്ടുണ്ട്.ചിറ്റ്ഗോങ് വിപ്ലവ നായിക കല്‍പനാ ദത്തായിരുന്നു പി സി ജോഷിയുടെ ജീവിത സഖി 1980 നവംബർ 9 ന് ഈ ധീര വിപ്ലവകാരി വിടവാങ്ങി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച പി സി ജോഷിയെ ഓര്‍മ്മിക്കാതെ ഒരു പാര്‍ട്ടി കോണ്‍ഗ്രസ്സും കഴിഞ്ഞു പോകില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here