94-ാമത് ഓസ്കർ അവാർഡ് വേദിയില്‍ ലോക സിനിമയുടെ തിരിച്ചുവരവ്

കൊവിഡ് കാലത്തെ അതിജീവിച്ച് 94-ാമത് ഓസ്കർ അവാർഡ് വേദിയില്‍ ലോക സിനിമയുടെ തിരിച്ചുവരവ്. മികച്ച ചിത്രം ബധിരരുടെ കഥ പറഞ്ഞ കോഡ. അന്താരാഷ്ട്ര ചിത്രം ഡ്രൈവ് മൈ കാര്‍. മികച്ച നടൻ വില്‍സ്മിത്ത്; നടി ജെസീക്ക ചാസ്റ്റൈയ്ൻ. മികച്ച സംവിധാനത്തിന് ജെയിന്‍ കാംപിയണിന് പുരസ്കാരം.സയന്‍സ് ഫിക്ഷന്‍ ചിത്രം ഡ്യൂണ്‍ ആറ് പുരസ്കാരങ്ങള് വാരിക്കൂട്ടി‍.

കൊവിഡ് പ്രതിസന്ധി മറികടന്നതിന് ശേഷമുള്ള ആദ്യ പുരസ്കാര പ്രഖ്യാപനം എന്ന നിലയില്‍ 94-ാം ഓസ്കാര്‍ അവാര്‍ഡ് പ്രഖ്യാപന വേദി പുരസ്കാരപ്രഭ കൊണ്ടും സംഘാടനം കൊണ്ടും ഒട്ടേറെ പുതുമകള്‍ നിറഞ്ഞതായിരുന്നു.

2014ല്‍ പുറത്തിറങ്ങിയ ലാ ഫമിലി ബരിയര്‍ എന്ന ഫ്രഞ്ച് ചിത്രത്തിന്‍റെ പുനരാഖ്യാനവും ബധിരരുടെ കഥ പറയുന്നതുമായ ചൈല്‍ഡ് ഓഫ് ഡഫ് അഡള്‍ട്ട്സ് എന്ന കോഡയാണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. ബെല്‍ഫാസ്റ്റും ഡോണ്ട് ലുക്കപ്പും പവര്‍ ഓഫ് ഡോഗും വെസ്റ്റ് സൈഡ് സ്റ്റോറിയുമുള്‍പ്പെടെ ഒരുപിടി ചിത്രങ്ങളെ പിന്തള്ളിയാണ് കോഡയുടെ പുരസ്കാരനേട്ടം.

കോഡയിലൂടെ ട്രോയ് കോട്സർ മികച്ച സഹനടനുള്ള പുരസ്കാരം സ്വന്തമാക്കി. ഓസ്കാർ സ്വന്തമാക്കുന്ന ആദ്യ ബധിരനായ അഭിനേതാവ് കൂടിയാണ് അദ്ദേഹം. 1986ല്‍ ആദ്യമായി മികച്ച നടിക്കു‍ള്ള പുരസ്കാരം നേടിയ ബധിരയായ മാര്‍ലീ മാറ്റ്ലിനും ചിത്രത്തില്‍ സ്വന്തം എക്സ്പ്രഷനുകളെ സന്നിവേശിപ്പിച്ചു. മികച്ച അവലംബിത തിരക്കഥക്ക് ഷാന്‍ ഹെഡറിലൂടെ കോഡ പുരസ്കാരം ഏറ്റുവാങ്ങി.

മികച്ച നടിയായി ഐസ് ഓഫ് ടാമി ഫെയിലൂടെ അമേരിക്കന്‍ അഭിനേത്രി ജസീക്ക ചാസ്റ്റെയ്ന്‍ തെരഞ്ഞെടുക്കപ്പെട്ടു. ടാമി ഫെയ് ബേക്കര്‍ എന്ന ടെലിവിഷന്‍ സുവിശേഷകയുടെ ജീവിതം അഭ്രപാളിയില്‍ പകര്‍ന്നാടിയതിനാണ് ജസീക്കയുടെ പുരസ്കാര ലബ്ധി.

ദ ഐസ് ഓഫ് ടാമി ഫൈയിലെ കേശാലങ്കാരത്തിനും വസ്ത്രാലങ്കാരത്തിനുമായി ലിന്‍ഡ ഡൗഡ്സും സ്റ്റെഫാനി ഇന്‍ഗ്രാമും ജസ്റ്റിന്‍ റാലെയും സ്വന്തം പേരുകള്‍ ഓസ്കാര്‍ ചരിത്രത്തില്‍ തുന്നിച്ചേര്‍ത്തു.

വില്യംസ് സഹോദരിമാരുടെ കഥ പറയുന്ന കിങ് റിച്ചാര്‍ഡിലെ യഥാതഥമായ അഭിനയത്തിലൂടെ വില്‍ സ്മിത്ത് വാങ്ങിയെടുത്തു. മുമ്പും നിരവധി തവണ നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും വില്‍ സമിത്തിന്‍റെ അഭിനയ കരവിരുത് ഇതാദ്യമായാണ് ഓസ്കാര്‍ വേദിയില്‍ അംഗീകരിക്കപ്പെടുന്നത്.

റയിസുകെ ഹമാഗുച്ചിയുടെ ഡ്രൈവ് മൈ കാര്‍ എന്ന ചിത്രത്തിലൂടെ മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള പുരസ്കാരം ഇതാദ്യമായി ജാപ്പനീസ് സിനിമയുടെ ഷോക്കേസിലെത്തി.

പ്രമുഖ സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ഉള്‍പ്പെടെ വന്‍ താരനിരയെ വകഞ്ഞുമാറ്റിയാണ് മികച്ച സംവിധായികക്കുള്ള പുരസ്കാരം ദ പവര്‍ ഓഫ് ഡോഗ് ഒരുക്കിയ ജെയ്ന്‍ കാംപിയന്‍ പിടിച്ചെടുത്തത്. മികച്ച സഹ അഭിനേത്രിയായി വെസ്റ്റ് സൈഡ് സ്റ്റോറിയിലെ പ്രകടനത്തിന് അരിയാന ഡിബോസും തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച സംവിധാനത്തിന് പുരസ്കാരം നഷ്ടപ്പെട്ടെങ്കിലും ബെല്‍ഫാസ്റ്റിലൂടെ മികച്ച തിരക്കഥക്ക് പുരസ്കാരം ലഭിച്ചത് കെന്നത് ബ്രാണക്ക് ആശ്വാസമായി.

ഇത്തവണത്തെ ഓസ്കാര്‍ വേദിയില്‍ വിസ്മയമായത് അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ചിത്രമായ ഡ്യൂണാണ്. മികച്ച ഒറിജിനല്‍ സ്കോറും ശബ്ദവിന്യാസത്തിനും പ്രൊഡക്ഷന്‍ ഡിസൈനും ഛായാഗ്രഹണത്തിനും ദൃശ്യമിശ്രണത്തിനും വിഷ്വല്‍ എഫക്റ്റ്സിനുമുള്‍പ്പെടെ സാങ്കേതിക പുരസ്കാരങ്ങള്‍ മിക്കവാറും ഡ്യൂണ്‍ പിടിച്ചെടുത്തു. 12 അവാര്‍ഡ് നോമിനേഷനുകളിലുണ്ടായിരുന്ന ദ പവര്‍ ഓഫ് ഡോഗിനെയും കടത്തിവെട്ടിയാണ് ഡ്യൂണിന്‍റെ പടയോട്ടം.

മികച്ച അനിമേറ്റഡ് ഫീച്ചറായി എന്‍കാന്‍റോ തെരഞ്ഞെടുക്കപ്പെട്ടു. റിന്റു തോമസ് എന്ന ഡൽഹി മലയാളിയും സുഷ്മിത് ഘോഷും ചേർന്നു നിർമിച്ച ‘റൈറ്റിങ് വിത്ത് ഫയർ’ എന്ന ഡോക്യുമെന്ററിയും ഇത്തവണ നോമിനേഷനിൽ ഇടംപിടിച്ചിരുന്നു. എന്നാല്‍, ഇന്ത്യന്‍ വംശജനായ ജോസഫ് പട്ടേല്‍ നിര്‍മിച്ച സമ്മര്‍ ഓഫ് സോൾ ആണ് മികച്ച ഡോക്യുമെന്‍ററി ഫീച്ചറിനുള്ള പുരസ്‌കാരം നേടിയത്.

മികച്ച ഷോര്‍ട്ട് സബ്ജെക്റ്റ് ഡോക്യുമെന്‍ററിയായി ദ ക്യൂന്‍ ഓഫ് ബാസ്കറ്റ്ബോള്‍ തെരഞ്ഞെടുക്കപ്പെട്ടു. ലൈവ് ആക്ഷന്‍ ഷോര്‍ട്ട്ഫിലിമായി ദ ലോങ് ഗുഡ്ബൈയും അനിമേറ്റഡ് ഷോര്‍ട്ട്ഫിലാമായി വിന്‍ഡ്ഷീല്‍ഡ് വൈപ്പറും പുരസ്കൃതമായി. മികച്ച കോസ്റ്റ്യൂം ഡിസൈനുള്ള പുരസ്കാരം ക്രുവല്ലയിലൂടെ ജെന്നി ബീവൻ നേടി. മികച്ച ഗാനം നോ ടൈം ടു ഡൈ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News