അതിഥി തൊഴിലാളിയായെത്തി അഭിമാനത്തോടെ ചെങ്കൊടിയേന്തി ജഗന്നാഥ് മല്ലിക്

അതിഥി തൊഴിലാളിയായി കണ്ണൂരിലെത്തി അഭിമാനത്തോടെ ചെങ്കൊടിയേന്തുകയാണ് ഒഡീഷ സ്വദേശി ജഗന്നാഥ് മല്ലിക്.പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള വളണ്ടിയർ പരേഡിൽ അണിനിരക്കാനുള തയ്യാറെടുപ്പിലാണ് ജഗന്നാഥ്. 2017 മുതൽ സിപിഐ എം അംഗമായ ഒഡീഷക്കാരൻ സഖാവ് തളിപ്പറമ്പിൽ പാർട്ടി പ്രവർത്തനത്തിൽ സജീവമാണ്.

ജഗന്നാഥ് മല്ലിക്
സിപിഐ എം തളിപ്പറമ്പ് ഏരിയാ കമ്മറ്റി ഓഫീസ്
പൂക്കോത്ത് നട
തളിപ്പറമ്പ് പി.ഒ
കണ്ണൂർ

കഴിഞ്ഞ അഞ്ച് വർഷമായി ഒഡീഷ ഭുവനേശ്വർ സ്വദേശി ജഗന്നാഥിന്റെ മേൽവിലാസമിതാണ്.തളിപ്പറമ്പിലെ പാർട്ടി ഓഫീസിലെത്തുന്നവരോടും സുഹൃത്തുക്കളോടും ചിരിയോടെ മുറിഞ്ഞ മലയാളത്തിൽ ജഗന്നാഥ് പറയും. ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി…’

14 വർഷങ്ങൾക്ക് മുമ്പ് ഭുവനേശ്വറിനടുത്തുള്ള കർഷക ഗ്രാമത്തിൽ നിന്നും ജീവിതമാർഗ്ഗം തേടി ജഗന്നാഥ് നടത്തിയ യാത്രയാണ് കണ്ണൂരിലെത്തി നിന്നത്. വിവിധയിടങ്ങളിൽ ജോലി ചെയ്തു. തളിപ്പറമ്പ് സഹകരണാശുപത്രിയിലെ ക്യാന്റീനിൽ ജോലിക്കാരനായതോടെയാണ് ജീവിതത്തിൽ വഴിത്തിരിവുണ്ടാവുന്നത്.

സിപിഐ എം പ്രവർത്തകരെ പരിചയപ്പെട്ടതോടെ പാർട്ടിയെക്കുറിച്ച് അടുത്തറിഞ്ഞു. പാർട്ടിക്കൊപ്പം നടന്നു. ഹൃദയത്തിൽ ചെങ്കൊടിയേറ്റി.

പാർട്ടി കോൺഗ്രസിനായി തിരഞ്ഞെടുക്കപ്പെട്ട 2000 വളണ്ടിയർമാരിൽ ജഗന്നാഥുണ്ട്. പരിശീലനം പൂർത്തിയാക്കി പരേഡിൽ അണിനിരക്കാനുള്ള ഒരുക്കത്തിലാണ്.നിലവിൽ തളിപ്പറമ്പ് ഇന്ത്യൻ കോഫീ ഹൗസ് ജീവനക്കാരനാണ്.പാർട്ടി നേതാക്കളുടെ നിർദേശമനുസരിച്ചാണ് ഓഫീസിലേക്ക് താമസം മാറിയത്.ജോലി കഴിഞ്ഞുള്ള ഒഴിവു വേളകൾ മുഴുവനായി പാർട്ടി പ്രവർത്തനത്തിനായി മാറ്റി വെച്ചിരിക്കുകയാണ്.

സ്വന്തമായി വീട് നിർമിക്കണം. ഭാര്യ കല്‍പന മല്ലികിനെയും മകള്‍ ശ്രീലക്ഷ്മിയും കൊണ്ടു വന്ന് കണ്ണൂരിൽ സ്ഥിര താമസമാകണമെന്നാണ് ജഗന്നാഥിന്റെ ആഗ്രഹം.

കൊടി തോരണങ്ങളും പ്രചാരണ ബോർഡുകളുമെല്ലാമൊരുക്കി പാർട്ടി കോൺഗ്രസ് വിജയിപ്പിക്കുന്നതിന് തളിപ്പറമ്പിലെ പാർട്ടി പ്രവർത്തകരോടൊപ്പം തിരക്കിലാണ് ജഗന്നാഥ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News