പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം ദേശീയ അസംബ്ലിയില്‍ ഇന്ന് പരിഗണിക്കും

പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം ദേശീയ അസംബ്ലിയില്‍ ഇന്ന പരിഗണിക്കും. ഇമ്രാന്‍ ഖാന്റെ പാക്കിസ്ഥാന്‍ തേഹരീക് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തുടരുന്ന ഭരണത്തെ താഴെയിറക്കാനാകും പാക്കിസ്ഥാന്‍ ജനാധിപത്യ സഖ്യത്തിന്റെയും മതമൗലിക സംഘടനകളുടെയും പ്രധാനമായും പാക് സൈന്യത്തിന്റെയും നേതൃത്വത്തില്‍ ശ്രമം നടക്കുക.

നഗരമാലിന്യം തിന്നു കൊഴുക്കുന്ന പന്നിയെലികള്‍ എന്ന് പരസ്പരം പരിഹസിക്കുന്ന ഭരണ പക്ഷവും പ്രതിപക്ഷവും അവിശ്വാസച്ചര്‍ച്ചയില്‍ പോര്‍വിളിക്കും.

സ്വന്തം ടീമംഗങ്ങള്‍ പോലും നഷ്ടപ്പെട്ട പടനായകനായി മാറിയ സാഹചര്യത്തിലാണ് മുന്‍ പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ മറ്റൊരു രാഷ്ട്രീയ മാച്ചിന് ഇറങ്ങുന്നത്. അധികാരം പിടിക്കാന്‍ കൂടെ നിന്ന സൈന്യവും മത മൗലിക വാദികളും ഇന്ന് ശത്രുപക്ഷത്താണ്. ഇസ്ലാമാബാദിലെ കൂറ്റന്‍ ശക്തിപ്രകടനം കരുത്താകില്ലെന്നാണ് ഇമ്രാന്‍ പക്ഷത്തിന്റെ വിലയിരുത്തല്‍.

2007ലെ ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകത്തില്‍ ഇന്നും തുടരുന്ന നിഗൂഡത തന്നെ പാക് രാഷ്ട്രീയത്തില്‍ നിഴലിക്കുന്നു. അഴിമതിയിലും സ്വജന പക്ഷപാതിത്വതിലും കലങ്ങിമറിഞ്ഞ മുന്‍ നേതാക്കളെ പരാജയപ്പെടുത്താന്‍ ഇമ്രാന്‍ ഖാന്‍ കൊണ്ടുവന്ന 2013ലെ നയാ പാക്കിസ്ഥാന്‍ മൂവ്‌മെന്റിന്റെ മുദ്രാവാക്യങ്ങള്‍ ഇന്ന് ഇമ്രാനെ തിരിഞ്ഞുകൊത്തുകയാണ്.

പാക് സൈന്യത്തിന്റെ ചരടുവലികളില്‍ കറങ്ങിത്തിരിയുന്ന കടക്കോലായിരുന്നു എന്നും പാക്കിസ്ഥാന്‍ ഭരണകൂടത്തിന്റെ ജനാധിപത്യ ലേബല്‍. ഭൂട്ടോ കുടുംബവും മുഷറഫും സര്‍ദാരിയും ഒടുക്കം ഇമ്രാന്‍ ഖാനും അതിലെ പലപല പതിറ്റാണ്ടുകളിലെ കഥാപാത്രങ്ങള്‍ മാത്രം.

സൈന്യത്തിന്റെ പ്രീതി നേടിയവര്‍ മാത്രം ഭരണം കയ്യാളിയ കാലത്തിന്റെ കരുവാളിപ്പ് പാക് പതാകയുടെ പച്ചപ്പിലും നിഴലിച്ചിരുന്നു. അതുകൊണ്ട്, പാക്കിസ്ഥാനില്‍ മറ്റൊരു ജനാധിപത്യ സര്‍ക്കാര്‍ കൂടി താഴെ വീണാല്‍ അന്തിമ വിജയം വീണ്ടും സൈന്യത്തിന് തന്നെയാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News