പാചകവാതക സബ്സിഡി വിതരണം ഗണ്യമായി വെട്ടിക്കുറച്ചതിനെതിരേ ജോൺ ബ്രിട്ടാസ് എം പി

സാധാരണക്കാരായ ഗാർഹിക ഉപയോക്താക്കൾക്ക് ആശ്വാസമായിരുന്ന പാചകവാതക സബ്സിഡി വിതരണം മൂന്നു വർഷക്കാലമായി ഗണ്യമായി കുറച്ചു എന്ന വസ്തുതയെ സംബന്ധിച്ചുള്ള ജോൺ ബ്രിട്ടാസ് എം പിയുടെ ചോദ്യത്തിന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി രേഖാമൂലം മറുപടി നൽകി.

പ്രത്യേക ഉത്തരവോ കാരണമോ ഇല്ലാതെ കേന്ദ്രം പാചകവാതക സബ്സിഡി പൊടുന്നനെ കുറയ്ക്കുകയായിരുന്നു.അതിനു മുമ്പുതന്നെ അനേകം കുടുംബങ്ങൾക്ക് ആനുകൂല്യം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായിരുന്നു. സബ്സിഡി ആനുകൂല്യത്തിൽ ആശ്വാസം കണ്ടിരുന്ന വലിയ വിഭാഗം ജനങ്ങൾക്ക് അത് ഇരുട്ടടിയായി. സബ്‌സിഡി വിതരണം ഗണ്യമായി കുറച്ചതോടെ സർക്കാർ പാവങ്ങളിൽ നിന്നും കൊള്ളയടിച്ചത് കോടിക്കണക്കിന് രൂപയാണ്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ പാചകവാതക വിലയിലെ പ്രതിമാസ വർധനയുടെ വിശദാംശങ്ങൾ സംസ്ഥാനാടിസ്ഥാനത്തിൽ വ്യക്തമാക്കണമെന്ന് ജോൺ ബ്രിട്ടാസ് എം പി ആവശ്യപ്പെട്ടു.

കഴിഞ്ഞ അഞ്ച് വർഷമായി വിവിധ സംസ്ഥാനങ്ങളിലെ എൽപിജി സബ്‌സിഡിയുടെ ഗുണഭോക്താക്കളുടെ വിശദാംശങ്ങൾ വ്യക്തമാക്കണമെന്നും കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ എൽപിജി സബ്‌സിഡിയായി വിതരണം ചെയ്ത തുക സംസ്ഥാനം വർഷം എന്നിവ തിരിച്ചും നൽകണമെന്നായിരുന്നു ജോൺ ബ്രിട്ടാസ് എം പിയുടെ ആവശ്യം.ഇതിന് രേഖാമൂലമാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി മറുപടി നൽകിയത്.മറുപടിയിൽ തന്നെ കേന്ദ്രസർക്കാർ നടത്തുന്ന പകൽകൊള്ള വ്യക്തമാണ്.

2018 -2019 ഇൽ 31,539 കോടി രൂപയാണ് സബ്സിഡിയിനത്തിൽ നൽകിയിരുന്നത്.അത് വെറും 3,658 കോടിയായി കുറഞ്ഞു. എന്ന് മാത്രമല്ല വില വർദ്ധനവ് കണക്കിലെടുക്കുമ്പോൾ സബ്സിഡിയിലെ കുറവ് മൂലമുണ്ടായ ആഘാതം പല മടങ്ങായി വർധിക്കുകയും ചെയ്യും .

ഉദാഹരണമായി രാജ്യസഭയിൽ ജോൺബ്രിട്ടാസ് എം പി ക്ക് രേഖാമൂലം നൽകിയ മറുപടിയിൽ കണക്കുകൾ പരിശോധിക്കുമ്പോൾ 2019ൽ മുംബൈയിലെ പാചക വാതക സിലിണ്ടറിന്റെ തുക 678 രൂപയായിരുന്നത് ഇപ്പോൾ 949 രൂപയാണ്.നാൽപ്പത് ശതമാനത്തോളം വിലയിൽ വർദ്ധനവ് ഉണ്ടാകുകയും സബ്‌സിഡി പത്തിലൊന്നായി കുറയുകയുമാണ് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here