ലണ്ടനിൽനിന്ന്‌ രണ്ട്‌ മണിക്കൂർ കൊണ്ട്‌ പാരീസെത്തി; ഈ രാജ്യങ്ങളെ കണ്ടു പഠിക്കണം; പി കെ ഫിറോസിന്റെ പോസ്‌റ്റ്‌ കുത്തിപ്പൊക്കി സോഷ്യൽമീഡിയ

“ലണ്ടനിൽനിന്ന്‌ അതിവേഗ പാതയിൽ രണ്ട്‌ മണിക്കൂർ കൊണ്ട്‌ പാരീസ്‌ എത്തി. നമ്മുടെ നാട്ടിൽ ഇത്തരത്തിലുള്ള അതിവേഗ പാതയുടെ പഠനം തുടങ്ങിയത്‌ ഈ അടുത്ത കാലത്താണ്‌. ഈ രാജ്യങ്ങളിലെ പബ്ലിക്‌ ട്രാൻസ്പോർട്ട്‌ സംവിധാനം കണ്ടു പഠിക്കേണ്ടതാണ്‌…’

ലോകം മുഴുവൻ വേഗത്തിൽ കുതിക്കുമ്പോൾ നമ്മുടെ നാട്‌ അതിനൊപ്പമെത്തുന്നില്ല എന്ന വിമർശനം മറ്റാരുടേയുമല്ല, യൂത്ത്‌ ലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി സാക്ഷാൽ പി കെ ഫിറോസിന്റേതാണ്‌.

ഇപ്പോഴത്തേതല്ല, അഞ്ച്‌ വർഷം മുമ്പേ 2016 – ൽ ഫിറോസ്‌ ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ച യു.കെ യാത്രാനുഭവത്തിലാണ്‌ വേഗത്തിലുള്ള പൊതുഗതാഗതത്തിന്റെ ഗുണങ്ങളെപ്പറ്റി പറയുന്നത്‌.

കേരളത്തിൽ അതിവേഗത്തിൽ സഞ്ചരിക്കാനുള്ള സിൽവർലൈൻ പദ്ധതിയുടെ കല്ല്‌ പിഴുതെടുക്കാൻ നേതൃത്വം നൽകുന്ന ഫിറോസിന്‌ ഇപ്പോൾ രണ്ട്‌ മണിക്കൂർകൊണ്ട്‌ എവിടെയും എത്തേണ്ടതില്ലേ എന്നാണ്‌ സമൂഹമാധ്യമങ്ങളിലെ ചോദ്യം. ഫിറോസിന്റെ പഴയപോസ്‌റ്റിലെ ഓരോ വരികളും എടുത്താണ്‌ സമൂഹമാധ്യമങ്ങളിലെ വിമർശനം.

പോസ്‌റ്റ്‌ വായിക്കാം:

ലണ്ടനിൽ നിന്നും പാരീസിലേക്കുള്ള യാത്ര അതിവേഗ പാതയിലെ ട്യൂബിലൂടെയായിരുന്നു. മെട്രോ പോലെയുള്ള ട്രെയിൻ. രണ്ട്‌ മണിക്കൂർ കൊണ്ട്‌ ലണ്ടനിൽ നിന്നും പാരീസ്‌ എത്തി. നമ്മുടെ നാട്ടിൽ ഇത്തരത്തിലുള്ള അതിവേഗ പാതയുടെ പഠനം തുടങ്ങിയത്‌ ഈ അടുത്ത കാലത്താണു. ഈ രാജ്യങ്ങളിലെ പബ്ബ്ലിക്ക്‌ ട്രാൻസ്പോർട്ട്‌ സംവിധാനവും കണ്ടു പഠിക്കേണ്ടതാണു.

പാരീസ്‌ നഗരത്തിലെ റോഡിനു നടുവിലൂടെയുള്ള ഡിവൈഡറിലാണു ‘ട്രാം’ ഒരുക്കിയിട്ടുള്ളത്‌. ഇന്ത്യയിൽ ട്രാം ഉള്ള ഏക സ്ഥലമായ കൊൽക്കത്തയിലെ ട്രാമുമായി താരതമ്യം പോലും ചെയ്യാനാവില്ല പാരീസിലേത്‌. അത്രക്ക്‌ ആധുനികമാണു പാരീസ്‌ ട്രാം.

സഞ്ചാരികളുടെ സ്വർഗ്ഗമാണു പാരീസ്‌. ലോകത്തിൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ ഏത്തുന്ന നാട്‌. ഈഫൽ ടവറും, നാന്നൂറും അഞ്ഞൂറും വർഷം പഴക്കമുള്ള മ്യൂസിയങ്ങളും, എട്ട്‌-ഒമ്പത്‌ നൂറ്റണ്ടുകൾ പഴക്കമുള്ള കത്തീഡ്രലും സഞ്ചാരികളുടെ ആകർഷണ കേന്ദ്രങ്ങളാണു. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ വായിക്കപ്പെട്ട ഡാൻ ബ്രൗൺ എഴുതിയ ‘ഡാവിഞ്ചി കോഡ്‌’ -ലെ രഹസ്യങ്ങളുള്ള ‘ലോറെ’ മ്യൂസിയം ഇതിൽ പ്രധാനപ്പെട്ടതാണു.

തെരുവുകളിലെ കലാകാർൻന്മാരുടെ വിവിധ പരിപാടികളും നഗര ഭംഗി ആസ്വദിച്ചുകൊണ്ടുള്ള സെയിൻ നദിയിലൂടെയുള്ള യാത്രയും മനോഹരമായ അനുഭവങ്ങളാണു. ഈഫൽ ടവറിന്റെ ഏറ്റവും മുകളിൽ കയറി താഴോട്ടു നോക്കിയാൽ പാരീസ്‌ മുഴുവൻ കാണാനാവും.

വർണ്ണ പ്രഭയിൽ കുളിച്ചു നിൽക്കുന്ന പാരീസിന്റെ ഭംഗി ഒന്നു കാണേണ്ടത്‌ തന്നെയാണു. വാൽക്കഷ്‌ണം: പാരീസ്‌ നഗരത്തിലൂടെ അലഞ്ഞ്‌ നടന്നിട്ടും നമ്മുടെ നാട്ടിൽ സുപരിചിതമായ ഫ്രഞ്ച്‌ താടി എവിടെയും കണ്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here