മാറനല്ലൂര്‍ ക്ഷീരസംഘത്തിലെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ക്ഷീര വികസന ഡയറക്ടര്‍ നല്‍കണം; മനുഷ്യാവകാശ കമ്മീഷന്‍

മാറനല്ലൂര്‍ ക്ഷീര വ്യവസായ സഹകരണ സംഘത്തില്‍ 26ലധികം വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും നിക്ഷേപ തുകകളും നല്‍കാന്‍ ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ ഉടന്‍ നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

നഷ്ടത്തിലായ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന ക്ഷീര വികസന ഡയറക്ടറുടെ റിപ്പോര്‍ട്ട് ലജ്ജയോടെയും വേദനയോടെയുമാണ് വായിച്ചതെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ പറഞ്ഞു.

നിശ്ചയിക്കപ്പെട്ട ശമ്പളം കുറച്ച് കൊടുത്ത ശേഷം മുഴുവന്‍ ശമ്പളവും നല്‍കിയതായി ജീവനക്കാരില്‍ നിന്ന് ഒപ്പിട്ട് വാങ്ങുന്ന പ്രവണത മാറനല്ലൂര്‍ സംഘത്തിലുള്ളതായി ക്ഷീര വികസന ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചു. ഇതില്‍ നിന്ന് സംഘത്തില്‍ ക്രമക്കേട് നടന്നിരുന്നുവെന്ന് വ്യക്തമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. സംഘത്തിലെ ക്രമക്കേടും പിടിപ്പുകേടും കാരണമാണ് ജീവനക്കാര്‍ക്ക് പി.എഫ് വിഹിതം നല്‍കാന്‍ കഴിയാത്തതെന്ന് കമ്മീഷന്‍ സൂചന നല്‍കി.

സംഘത്തിന്റെ ആസ്തികള്‍ പണയപ്പെടുത്തി വന്‍ തുകകള്‍ വായ്പയെടുത്തതായും ക്ഷീര വികസന ഡയറക്ടര്‍ അറിയിച്ചു. 2006- 07ന് ശേഷം സംഘത്തില്‍ ഓഡിറ്റ് നടന്നിട്ടില്ല. സംഘത്തിന്റെ നഷ്ടത്തിനും സാമ്പത്തിക ക്രമക്കേടിനും ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നതായി കമ്മീഷന്‍ സംശയം പ്രകടിപ്പിച്ചു. സംഘം ക്ഷീര വികസന വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കണം.

സംഘങ്ങളെ നിരീക്ഷിക്കേണ്ട ഡയറക്ടര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറിയതായി കമ്മീഷന്‍ വിലയിരുത്തി. എന്ത് കാരണത്തിന്റെ പേരിലായാലും ജോലി ചെയ്ത കാലത്തെ ശമ്പളം കൊടുക്കാതിരിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു. ലേബര്‍ കോടതിയില്‍ പരാതി കൊടുത്തവര്‍ക്ക് കേസ് തീര്‍ന്ന ശേഷം ആനുകൂല്യം നല്‍കാമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. സനില കുമാരി എസ് ആര്‍ നല്‍കിയ പരാതിയിലാണ് നടപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News