അനശ്വരതയുടെ കനല്‍മുദ്ര; ഇന്ന് കയ്യൂര്‍ രക്തസാക്ഷി ദിനം

സാമ്രാജ്യത്വത്തിനും ജന്‍മി നാടുവാഴിത്തത്തിനുമെതിരെ പോരാടി തൂക്കിലേറിയ കയ്യൂര്‍ രക്തസാക്ഷികളുടെ സ്മരണ പുതുക്കുകയാണ് നാട്. സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരില്‍ കൊടിയുയരാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് 79 ആം രക്തസാക്ഷി ദിനാചരണം. കയ്യൂര്‍ സഖാക്കള്‍ കൊലമരത്തിലേക്ക് നടന്നു കയറിയതിന് തൊട്ട് പിന്നാലെയായിരുന്നു 4 രക്തസാക്ഷികളുടെ ജ്വലിക്കുന്ന ഓര്‍മകളുമായി ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രഥമ പാര്‍ട്ടി കോണ്‍ഗ്രസ് നടന്നത്.

തേജസ്വിനിയുടെ ഓളങ്ങള്‍ക്കൊപ്പം നാടന്‍ ശീലുകളും താരാട്ടു പാട്ടുമെല്ലായി എട്ട് പതിറ്റാണ്ടിനോടടുക്കുമ്പോഴും പാടുകയാണ് കയ്യൂര്‍ സഖാക്കളുടെ വീരഗാഥ…

1943 മാര്‍ച്ച് 29 …കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പുലരി പതിവിലും ചുവന്നു.. ജയിലറയെയും കൊലക്കയറിനെയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തെയും വിറപ്പിച്ച് മാനവ മോചന മുദ്രാവാക്യം ഉറക്കെയുയര്‍ന്നു…. മഠത്തില്‍ അപ്പു, കോയിത്താറ്റില്‍ ചിരുകണ്ഠന്‍, പള്ളിക്കാല്‍ അബൂബക്കര്‍ , പൊടോര കുഞ്ഞമ്പു നായര്‍… നാല് കമ്യൂണിസ്റ്റ് ധീരര്‍ തലയുയര്‍ത്തി കൊലമരമേറി…

ജന്‍മിത്വത്തിനും നാടുവാഴിത്തത്തിനും ബ്രിട്ടീഷ് സാമ്രാജ്യത്ത്വത്തിനുമെതിരായി 1940 കളില്‍ നടന്ന കര്‍ഷക സമര പോരാട്ടങ്ങളില്‍ മദ്രാസ് പ്രോവിന്‍സിന്റെ ഭാഗമായിരുന്ന കയ്യൂരും പരിസര പ്രദേശങ്ങളും തിളച്ചു മറിഞ്ഞ കാലം. കര്‍ഷക സംഘം ജാഥകള്‍ക്കിടയില്‍പ്പെട്ട് പുഴയില്‍ ചാടിയ സുബ്ബരായന്‍ എന്ന പോലീസുകാരന്‍ മുങ്ങി മരിച്ചു. കേസില്‍ 60 പേരെ പ്രതി ചേര്‍ത്ത് വിചാരണ ചെയ്തു. മൂന്നാം പ്രതിയായിരുന്ന ഇ കെ നായനാരെ പിടികൂടാനാവാത്തതിനാല്‍ കേസില്‍ നിന്നൊഴിവാക്കി. പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ചൂരിക്കാടന്‍ കൃഷ്ണന്‍ നായരുടെ വധ ശിക്ഷ ഒഴിവാക്കി. നാല് പേരെ തൂക്കിലേറ്റിയതിന് പുറമെ പേരെ ശിക്ഷിച്ചു. രണ്ട് മാസത്തിനപ്പുറം ബോംബെയില്‍ നടന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് കയ്യൂരില്‍ നിന്ന് പ്രത്യേകം പ്രതിനിധികളെ ക്ഷണിച്ചത് ചരിത്രം ..

വധ ശിക്ഷ ഒഴിവാക്കാന്‍ ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷ് പാര്‍ലിമെന്റിലെ ഹൗസ് ഓഫ് കോമണ്‍സിലടക്കം നിരന്തരം ഇടപെടല്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല.

ജയിലില്‍ നിന്ന് കയ്യൂര്‍ സഖാക്കള്‍ നല്‍കിയ അവസാന സന്ദേശം ലോകത്താകെയുള്ള വിപ്ലവ പോരാട്ടങ്ങളെ ഇപ്പോഴും കനലൂതി ജ്വലിപ്പിക്കുകയാണ്.

സഖാക്കളേ ഞങ്ങളെ ചൊല്ലി നിങ്ങള്‍ വ്യസനിക്കരുത്. ഞങ്ങളുടെ കടമ നിര്‍വഹിച്ചു കഴിഞ്ഞു എന്നതില്‍ ഞങ്ങള്‍ക്ക് സംതൃപ്തിയുണ്ട്. എന്തു ചെയ്തും നമ്മുടെ പ്രസ്ഥാനം മുന്നേറണമെന്നേ ഞങ്ങള്‍ക്കാഗ്രഹമുള്ളൂ. ലക്ഷ്യത്തിലെത്തുന്നതുവരെ പ്രവര്‍ത്തിച്ചു മുന്നേറുവാന്‍ സഖാക്കളോട് പറയുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News