സില്‍വര്‍ ലൈന്‍ സര്‍വ്വെ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

സില്‍വര്‍ ലൈന്‍ വിഷയത്തില്‍ പ്രതിപക്ഷത്തിന് ഹൈക്കോടതിയില്‍ നിന്നും വീണ്ടും തിരിച്ചടി. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭുമി ഏറ്റെടുക്കാനും സര്‍വ്വേ നടത്താനും സര്‍ക്കാരിന് അധികാരമുണ്ടന്ന് കോടതി വ്യക്തമാക്കി. സര്‍വ്വെ തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച രണ്ട് ഹര്‍ജികള്‍ ജസ്റ്റീസ് എന്‍.നഗരേഷ് തള്ളി. സുപ്രീം കോടതി ഉത്തരവ് പ്രകാരം സില്‍വര്‍ ലൈന്‍ പദ്ധതി തടയാനാവില്ലെന് മറ്റൊരു ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും വ്യക്തമാക്കി.

സില്‍വര്‍ ലൈന്‍ പ്രത്യേക പദ്ധതിയാണന്നും ഭൂമി ഏറ്റെടുക്കലിന് കേന്ദ്രാനുമതി വേണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. കേന്ദ്രസര്‍ക്കാരാണ് വിജ്ഞാപനം ഇറക്കേണ്ടതെന്നും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത് നിയമപരമല്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. രണ്ട് വാദങ്ങളും കോടതി തള്ളി. സില്‍വര്‍ ലൈന്‍ പ്രത്യേക പദ്ധതിയല്ലന്ന് വ്യക്തമാക്കിക്കൊണ്ട് സര്‍വ്വെ തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു. ഭൂമി ഏറ്റെടുക്കാനും സര്‍വ്വെ നടത്താനും സര്‍ക്കാരിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ വിജ്ഞാപനവും തുടര്‍ നടപടികളും നിയമപരമാണെന്ന് ജസ്റ്റിസ് നഗരേഷ് വ്യക്തമാക്കി.

സ്ഥലം ഏറ്റെടുക്കലും സര്‍വേയും തടയണമെന്നാവശ്യപ്പെട്ട് കോട്ടയം ഏറ്റുമാനൂര്‍ – നീണ്ടൂര്‍ വില്ലേജുകളിലെ അഞ്ച് സ്ഥലമുടമകളാണ് കോടതിയെ സമീപിച്ചത്. സില്‍വര്‍ ലൈനിന് സര്‍വേക്ക് ഡെപ്യൂട്ടി കലക്ടറേയും സ്‌പെഷ്യല്‍ തഹസീല്‍ദാര്‍മാരേയും ചുമതലപ്പെടുത്തി ഇറക്കിയ ഉത്തരവും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി. സില്‍വര്‍ ലൈന്‍ സംബന്ധിച്ച സര്‍ക്കാര്‍ നടപടികള്‍ ഇന്നലെ സുപ്രീം കോടതി ശരിവച്ചിരുന്നു. സുപ്രീം കോടതി ഉത്തരവാണ് ശരി എന്ന് മറ്റൊരു ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. സുപ്രീം കോടതി ഉത്തരവ് പ്രകാരം പദ്ധതിയില്‍ ഇടപെടാന്‍ ആവില്ല, സര്‍വേയും ആയി മുന്‍പോട്ടു പോകട്ടെ, എന്ത് സംഭവിക്കും എന്ന് നോക്കാം എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വാക്കാല്‍ പരാമര്‍ശിച്ചു.

ഹൈക്കോടതിയിലെ സിംഗിള്‍ ബഞ്ചുകളില്‍ നിന്നും ഡിവിഷന്‍ ബഞ്ചില്‍ നിന്നും സുപ്രീം കോടതിയില്‍ നിന്നും പദ്ധതിക്ക് അനുകൂലമായ ഉത്തരവുണ്ടായതോടെ പ്രതിപക്ഷ സമരം പ്രതിസന്ധിയിലായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News