ഇന്ത്യയിലെ ഏറ്റവും ആഴമേറിയ തുറമുഖമായിക്കൊണ്ടിരിക്കുന്ന വിഴിഞ്ഞം ഇപ്പോഴും ‘നോണ്‍ മേജര്‍ കാറ്റഗറി ‘ആയി തുടരുന്നു എന്ന് ജോണ്‍ ബ്രിട്ടാസ് എം പി

സംസ്ഥാനത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് പുത്തന്‍ ചിറകുകള്‍ നല്കാന്‍ കഴിയുന്ന ഒന്നാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഇതിനായി ഒട്ടേറെ മുന്നൊരുക്കങ്ങള്‍ കേരള സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. പക്ഷെ ഇന്ത്യയിലെ ഏറ്റവും ആഴമേറിയ തുറമുഖമായി മാറിക്കൊണ്ടിരിക്കുന്ന വിഴിഞ്ഞം തുറമുഖം ഇപ്പോഴും ‘നോണ്‍ മേജര്‍ കാറ്റഗറി ‘ ആയി തന്നെ തുടരുന്നു എന്ന് ജോണ്‍ ബ്രിട്ടാസ് എം പി സഭയില്‍ ചൂണ്ടികാട്ടി.

ഏറ്റവും വലിയ ചരക്ക് കപ്പലുകള്‍ വരെ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള,ഇന്ത്യയിലെ തന്നെ ഏറ്റവും ആഴമേറിയ തുറമുഖം കൂടിയായിരിക്കും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഇന്ത്യയുടെ വിഭവശേഷിയും ഇന്ത്യന്‍ ചരക്കുകളും ഇന്ത്യയില്‍ തന്നെ കൈകാര്യം ചെയ്യുന്ന തരത്തില്‍ മേജര്‍ തുറമുഖമായി വിഴിഞ്ഞത്തെ വികസിപ്പിക്കണമെന്ന ആവശ്യമാണ് ഇന്ന് സഭയില്‍ ജോണ്‍ ബ്രിട്ടാസ് എം പി നടത്തിയത്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയെ ദേശീയ റെയില്‍പ്പാതയുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഏജന്‍സി വിശദമായപ്രോജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍) കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു.കൃത്യമായ കാരണങ്ങള്‍ ഇല്ലാതെ ചിലവ് ഇരട്ടിയോളം വര്‍ദ്ധിപ്പിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ അത് അംഗീകരിച്ചത് എന്നും ജോണ്‍ ബ്രിട്ടാസ് എം പി ചൂണ്ടിക്കാട്ടി.1053 കോടി രൂപ ചെലവ് 2104 കോടി ആയി വര്ധിപ്പിക്കുകയായിരുന്നു.ഭൂഗര്‍ഭ തുരങ്കങ്ങള്‍ക്ക് മുകളിലൂടെയുള്ള വസ്തു അവകാശം സ്വന്തമാക്കണമെന്ന വ്യവസ്ഥയും പറയുന്നുണ്ട്.ഡിപിആറിലെ ഈ നിലപാട് പുനഃപരിശോധിക്കാനും ,വിഴിഞ്ഞം തുറമുഖത്തെ സാഗര്‍ മാല പോലെയുള്ള പദ്ധതികളില്‍ ഉള്‍പ്പെടുത്തി സാമ്പത്തിക സഹായം നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം എന്നും ജോണ്‍ ബ്രിട്ടാസ് എം പി ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here