സില്‍വര്‍ ലൈന്‍; സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷം സമരത്തില്‍ നിന്ന് പിന്മാറണം: കോടിയേരി ബാലകൃഷ്ണന്‍

സില്‍വര്‍ ലൈന്‍ പദ്ധതിക്കായുള്ള സാമൂഹ്യാഘാത പഠനവും സര്‍വെയും തുടരാമെന്ന സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷം സമരത്തില്‍ നിന്ന് പിന്മാറണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വികസനവിരുദ്ധ സമരത്തിന്റെ മറവില്‍ നാട്ടില്‍ അരാജകത്വവും കലാപവും സൃഷ്ടിക്കാനാണ് പ്രതിപക്ഷ ശ്രമം. സിപിഐ എം പാര്‍ടി കോണ്‍ഗ്രസ് പതാക ദിനത്തില്‍ കോടിയേരി മുളിയില്‍നട ബ്രാഞ്ചില്‍ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു കോടിയേരി.

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ പണം നല്‍കിയേ ഭൂമി ഏറ്റെടുക്കൂവെന്ന് കോടിയേരി പറഞ്ഞു. ബലംപ്രയോഗിച്ച് ആരുടെ ഭൂമിയും ഏറ്റെടുക്കില്ല. കുടിയൊഴിപ്പിക്കലല്ല, പുനരധിവാസമാണ് നടപ്പാക്കുന്നത്. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് അ്ഞ്ച് സെന്റ് സ്ഥലവും വീടുവെക്കാനുള്ള പണവും നല്‍കും. ഈ പദ്ധതിയുടെ ഭാഗമായി ആരെയും കണ്ണീര് കുടിപ്പിക്കില്ല. സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് തൊഴിലവസരങ്ങളിലും മുന്‍ഗണന നല്‍കും. പാക്കേജ് പ്രഖ്യാപിച്ചാണ് ഭൂമി ഏറ്റെടുക്കുന്നത്.

പ്രകോപനംസൃഷ്ടിച്ച് കലാപമുണ്ടാക്കാനാണ് പ്രതിപക്ഷ കിണഞ്ഞു ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വസതികളില്‍ കയറി കല്ലിട്ടു. കലക്ടറേറ്റിലും കയറി സര്‍വെകുറ്റി സ്ഥാപിച്ചു. അത്യന്തം പ്രകോപനപരമാണിതെല്ലാം. സാധാരണ ഗതിയില്‍ പൊലീസ് നോക്കിനില്‍കുന്നതല്ല ഇതൊന്നും. സംയമനംപാലിക്കാനാണ് പൊലീസിന് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം. ഞങ്ങള്‍ നന്ദിഗ്രാമുണ്ടാക്കും, പൊലീസിനെ കൊണ്ട് വെടിവെപ്പുണ്ടാക്കുമെന്ന് പറഞ്ഞാണ് പ്രതിപക്ഷ സമരം.

കോണ്‍ഗ്രസും ബിജെപിയും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും എസ്യുസിഐയും ചേര്‍ന്നുള്ള മഹാസംഖ്യ എല്‍ഡിഎഫിനെതിരായ പോര്‍മുഖം തുറക്കുകയാണ്. കെ റെയിലിന്റെ പേരില്‍ അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കാനാണ് ശ്രമിക്കുന്നത്. രാഷ്ട്രീയസമരത്തെ ജനങ്ങള്‍ പരാജയപ്പെടുത്തണം. എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ വികസന പദ്ധതികള്‍ അനുവദിക്കില്ലെന്നാണ് പ്രതിപക്ഷ നിലപാട്. വികസിത സംസ്ഥാനമായി കേരളം മാറണം. നവകേരളം സൃഷ്ടിക്കാനുള്ള സര്‍ക്കാറിന്റെ ശ്രമത്തെ പിന്തുണക്കണം-കോടിയേരി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News