ഉയരങ്ങള്‍ കീ‍ഴടക്കി “നിഷ് ” വളര്‍ത്തിയ മക്കള്‍ ; ആശംസകള്‍ നേര്‍ന്ന് മന്ത്രി ആര്‍ ബിന്ദു

ജന്മനാ കേൾവിക്കുറവുള്ള, ലക്ഷ്മിയും പാർവ്വതിയും എത്തിച്ചേർന്നത് ഉയരങ്ങളുടെ കൊടുമുടിയിൽ. സംസ്ഥാനത്ത് ഭിന്നശേഷി പുനരധിവാസ മേഖലയിൽ അഭിമാനകരമായി പ്രവർത്തിക്കുന്ന സ്ഥാപനമായ “നിഷ്” ൻറെ ചരിത്രത്തിലെ മറ്റൊരു പൊൻതൂവലാണ് ലക്ഷ്മിയുടേയുടേയും പാർവ്വതിയുടേയും നേട്ടം.

ഈ സഹോദരിമാർക്ക് മന്ത്രി ആർ ബിന്ദു ആശംസകൾ നേർന്നു. ഇനി എത്രയെത്ര പേർക്ക് നിങ്ങളുടെ വിജയം ആത്മവിശ്വാസവും പ്രോത്സാഹനവും നൽകാനിരിക്കുന്നുവെന്ന് മന്ത്രി തൻറെ ഫെയ്സ്ബുക്കിൽ കുറിച്ചു.

ലക്ഷ്മിയും പാർവ്വതിയും. ഇരട്ട സഹോദരിമാർ. ജന്മനാ കേൾവിക്കുറവുള്ളവർ.ദുരിതപർവ്വം കഴിഞ്ഞുവന്നവർ എന്ന് അക്ഷരാർത്ഥത്തിൽ പറയാവുന്നവരാണ് പാർവ്വതിയും ലക്ഷ്മിയും. അമ്മ സീതയ്ക്കും ഭാഗികമായേ കേൾവിശക്തിയുള്ളൂ.

മൂത്ത സഹോദരൻ വിഷ്ണു പിറന്നതും ഇങ്ങനെയാണ്. പിന്നാലെ പിറന്ന ഇരട്ടമക്കൾക്കും ഇതേ പ്രയാസം ഉള്ളത് അറിഞ്ഞതോടെ അച്ഛന് താങ്ങാനായില്ല; അദ്ദേഹം ജീവിതമവസാനിപ്പിച്ചു..നിഷ് (NISH) ആണിവരെ പിന്നീട് വളർത്തിയതെന്നു അഭിമാനത്തോടെ പറയാം. ഒരു വയസ്സും ആറു മാസവുമുള്ളപ്പോൾ ഇരുവർക്കും നിഷിന്റെ പരിചരണത്തിൽ എത്തിച്ചേരാനായി – 1998ൽ.

മൂന്നു കൊല്ലവും ഏഴു മാസവുമെടുത്ത ‘നിഷി’ലെ പരിശീലനം പാർവ്വതിയെയും ലക്ഷ്മിയെയും മറ്റെല്ലാ കുട്ടികളുടെയും നിലയിലെത്തിച്ചു. 2002ൽ തിരുമല അബ്രഹാം സ്മാരക മലയാളം മീഡിയം സ്കൂളിൽ മുഖ്യധാരാ പഠിതാക്കളായി. 2019ൽ തിരുവനന്തപുരം സിഇടിയിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗ് ബിരുദവും 2021ൽ പിജിയും സ്വന്തമാക്കി ഈ മിടുക്കികൾ.

ജലവിഭവ വകുപ്പിൽ അസിസ്റ്റന്റ് എഞ്ചിനീയറാണ് ലക്ഷ്മി. പാർവ്വതി അടുത്തിടെ കേന്ദ്ര പൊതുമരാമത്ത് വകുപ്പിൽ ജൂനിയർ എഞ്ചിനീയറായി നിയമിതയായിരുന്നു.ഇതൊന്നുമല്ല ഇന്നത്തെ സന്തോഷം:

ഇന്ത്യൻ എഞ്ചിനീയറിംഗ് സർവീസസ് (സിവിൽ എഞ്ചിനീയറിംഗ്) പരീക്ഷയിൽ ഇരുവരും ജേതാക്കളായിരിക്കുന്നു.. പാർവ്വതിയ്ക്ക് എഴുപത്തിനാലാം റാങ്കും ലക്ഷ്മിയ്ക്ക് എഴുപത്തഞ്ചാം റാങ്കും..
കൊക്ളിയാർ ഇംപ്ലാന്റേഷനുമില്ല, മറ്റു ആധുനിക ഡിജിറ്റൽ കേൾവിയുപകരണങ്ങളുമില്ല!

സാധാരണ കേൾവിയുപകരണങ്ങളും പിന്നെ കഠിനാധ്വാനവും മാത്രം കൊണ്ടുനേടിയ അസാധാരണ വിജയം! സ്നേഹാശ്ലേഷങ്ങൾ, പ്രിയ കുട്ടികളേ. ഇനി എത്രയെത്ര പേർക്ക് നിങ്ങളുടെ വിജയം ആത്മവിശ്വാസവും പ്രോത്സാഹനവും നൽകാനിരിക്കുന്നു!
ഹൃദയത്തോട് ഏറ്റവും ചേർത്ത് അഭിനന്ദനം, നമ്മുടെ ‘നിഷി’നും..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News