കനത്ത ഹിമപാതം ; പെന്‍സില്‍വാനിയയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു, 5 മരണം

പെന്‍സില്‍വാനിയ പോട്‌സ് വില്ലി മൈനേഴ്‌സ് വില്ല എക്‌സിറ്റില്‍ ഉണ്ടായ കനത്ത ഹിമപാതത്തിലും 40 ല്‍ പരം വാഹനങ്ങള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തിലും 5 പേര്‍ മരിച്ചു. 23 പേര്‍ക്ക് പരുക്കേറ്റു .

രാവിലെ പത്തരയോടെയാണ് കനത്ത ഹിമപാതത്തില്‍പ്പെട്ട് വാഹനങ്ങള്‍ റോഡില്‍ നിന്നും തെന്നിമാറിയും പരസ്പരം കൂട്ടിയിടിച്ചും അപകട പരമ്പരകള്‍ക്ക് തുടക്കം കുറിച്ചത്.

30 മിനിട്ടുകള്‍ക്കു ശേഷം അപകടത്തെക്കുറിച്ചും മരണത്തെക്കുറിച്ചും ഔദ്യോഗികമായി വാര്‍ത്തകള്‍ പുറത്തുവിട്ടു. അപകടത്തെത്തുടര്‍ന്ന് ഇന്റര്‍ സ്റ്റേറ്റ് സൗത്ത് പാതകള്‍ എല്ലാം അടച്ചത് വാഹനഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. കനത്ത ഹിമപാതത്തില്‍ നൂറുകണക്കിന് ആളുകള്‍ക്കാണ് കാറിനകത്ത് മണിക്കൂറുകളോളം കഴിഞ്ഞു കൂടേണ്ടി വന്നത്.

മൂന്ന് ട്രാക്ടര്‍ ടെയ്‌ലറുകളും മറ്റു രണ്ട് വാഹനങ്ങള്‍ക്കും തീപിടിച്ചത് അപകടത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചു. തീയും പുകയും മൂടല്‍ മഞ്ഞും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി.

മരിച്ചവരുടെയും പരുക്കേറ്റവരുടെയും വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംസ്ഥാന പൊലീസും അമേരിക്കന്‍ റെഡ്‌ക്രോസും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here