എല്‍ഐസി സ്വകാര്യവല്‍ക്കരണം; പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി സംരക്ഷണസമിതി

എല്‍ഐസി സ്വകാര്യവല്‍ക്കരണത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി എല്‍ഐസി സംരക്ഷണസമിതി. സംസ്ഥാനത്തെ 140 മണ്ഡലങ്ങളില്‍ 10,000 ജനസഭകള്‍ വിളിച്ചുചേര്‍ക്കാന്‍ ആലുവയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി, സംരക്ഷണസമിതി ചെയര്‍മാന്‍ ഡോ. ടി എം തോമസ് ഐസക്, ജനറല്‍ കണ്‍വീനര്‍ പി പി കൃഷ്ണന്‍, കെ എന്‍ ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു.

മെയ്ദിനം സംസ്ഥാന വ്യാപകമായി എല്‍ഐസി സ്വകാര്യവല്‍ക്കരണ വിരുദ്ധദിനമായി ആചരിക്കും. സംസ്ഥാനമെമ്പാടും സ്വകാര്യവല്‍ക്കരണ വിരുദ്ധ പ്രതിജ്ഞ ചൊല്ലും. ജില്ലകളില്‍ പ്രത്യേകം സ്‌ക്വാഡുകള്‍ രൂപീകരിച്ച് പൗരപ്രമുഖരെയും രാഷ്ട്രീയ നേതാക്കളെയും ജനപ്രതിനിധികളെയും പ്രൊഫഷണലുകളെയും കണ്ട് ലഘുലേഖ നല്‍കി പിന്തുണ അഭ്യര്‍ഥിക്കും. ജില്ലകളില്‍ കണ്‍വന്‍ഷനുകള്‍ ചേര്‍ന്ന് ജില്ലാ സംരക്ഷണസമിതി രൂപീകരിക്കും.

ഏപ്രില്‍ -11ന് ഇടുക്കി, പാലക്കാട്, തൃശൂര്‍ ജില്ലകളിലും -12ന് മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലും -19ന് കോട്ടയം, എറണാകുളം, കൊല്ലം, കണ്ണൂര്‍ ജില്ലകളിലും 30ന് തിരുവനന്തപുരം, ആലപ്പുഴ, കാസര്‍കോട്, വയനാട് ജില്ലകളിലും കണ്‍വന്‍ഷന്‍ ചേരും. 140 മണ്ഡലങ്ങളിലും സംഘാടകസമിതികള്‍ രൂപീകരിക്കും. വായനശാലകള്‍, ക്ലബ്ബുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ ജനസഭകള്‍ ചേര്‍ന്ന് എല്‍ഐസി സ്വകാര്യവല്‍ക്കരണത്തിന്റെ പ്രത്യാഘാതങ്ങള്‍ വിശദീകരിച്ച് പോളിസി ഉടമകളുടെ ഒപ്പ് ശേഖരിക്കും.

ജനസഭയ്ക്കുമുമ്പായി സ്വകാര്യവല്‍ക്കരണ വിരുദ്ധ കലാ അവതരണങ്ങള്‍ നടത്തും. ജനസഭകളില്‍ സംസാരിക്കുന്നവര്‍ക്ക് ജില്ലകളില്‍ പരിശീലന ക്ലാസ് നടത്തും. സംസ്ഥാന പരിശീലകര്‍ക്കുവേണ്ടി നെയ്യാര്‍ രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രണ്ടുദിവസത്തെ പരിശീലനം മെയ് 21, 22 തീയതികളില്‍ സംഘടിപ്പിക്കും. ‘എല്‍ഐസി സംരക്ഷിക്കാന്‍ കേരളം ഒറ്റക്കെട്ട്’ എന്ന മുദ്രാവാക്യമുയര്‍ത്തി ലോഗോ തയ്യാറാക്കാനും ‘സേവ് എല്‍ഐസി കേരളം’ എന്ന പേരില്‍ ഫെയ്‌സ്ബുക്ക് പേജും വാട്‌സാപ് ഗ്രൂപ്പുകളും ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ആരംഭിക്കാനും തീരുമാനിച്ചു. സമിതിയുടെ കേന്ദ്ര ഓഫീസായി എല്‍ഐസി എംപ്ലോയീസ് യൂണിയന്റെ എറണാകുളം കാരിക്കാമുറിയിലെ എന്‍എംഎസ് ഭവന്‍ പ്രവര്‍ത്തിക്കാനും യോഗം തീരുമാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News