എളമരം കരീമിനെതിരായ ആക്രമണാഹ്വാനം; ഏഷ്യാനെറ്റ് ഓഫീസിന് മുന്നിലേയ്ക്ക് തൊഴിലാളി മാർച്ച്‌

എളമരം കരീം എം.പിയെ ആക്രമിക്കാൻ ആഹ്വാനം നൽകിയ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലിന്റെ നടപടിക്കെതിരെ സംയുക്ത തൊഴിലാളി യൂണിയന്റെ പ്രതിഷേധ മാർച്ച്‌. എളമരത്തെ ആക്രമിക്കാൻ ആഹ്വാനം നൽകുകയും പണിമുടക്കിയ തൊഴിലാളികളെ ആക്ഷേപിക്കുകയും ചെയ്‌ത അവതാരകൻ വിനു വി ജോണിന്റെ നടപടിയിൽ പ്രതിഷേധിച്ച്‌ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഓഫീസുകളിലേക്ക്‌ നടത്തിയ മാർച്ചിൽ നൂറുകണക്കിന്‌ തൊഴിലാളികൾ പങ്കെടുത്തു.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ ഓഫീസുകളിലേക്കാണ്‌ മാർച്ച്‌ നടത്തിയത്‌.ഇന്ന്‌ സമരങ്ങളെ തകർക്കാൻ ശ്രമിക്കുന്ന മാധ്യമ പ്രവർത്തകരടക്കം മുഴുവൻ തൊളിലാളികളും ഈ പോരാട്ടത്തിൽ അണിചേരേണ്ടിവരുമെന്ന്‌ സമരം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.

വിനു വി ജോണിന്റെ ആഹ്വാനത്തിൽ ഏഷ്യാനെറ്റ്‌ ന്യൂസ്‌ നടപടിയെടുക്കണം. ഈ രീതിയിൽ മുന്നോട്ടുപോകാനാണ്‌ തീരുമാനമെങ്കിൽ തൊഴിലാളികളുടെ പ്രതിഷേധം വീണ്ടും ശക്തമാകുമെന്ന് ആനത്തലവട്ടം പറഞ്ഞു.

ഒരു മാധ്യമ പ്രവർത്തകന്റെ നിലവാരം അത്ര അധപതിച്ച കാഴ്‌ചയാണ് കണ്ടതെന്ന്‌ ഐഎൻടിയുസി നേതാവ്‌ ആർ ചന്ദ്രശേഖരൻ പറഞ്ഞു. ഇത് തൊഴിലാളിവർഗത്തോടുള്ള വെല്ലുവിളിയാണ്. എളമരം കരീമിനെപ്പോലെ ഉന്നത സ്ഥാനീയനായ ഒരു തൊഴിലാളി നേതാവിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കം വച്ചു പൊറുപ്പിക്കാനില്ല.

അഞ്ചു മാസക്കാലമായി അതി വിപുലമായ പ്രചരണം പണിമുടക്കിന്റെ സന്ദേശം ജനങ്ങളിൽ എത്തിക്കുവാൻ കഴിഞ്ഞിട്ടുണ്ട്.യാത്രകൾ ഒഴിവാക്കിയും കടകൾ അടച്ചും പണിമുടക്കിയുo സഹകരിക്കണമെന്ന് തൊഴിലാളികൾ മുക്കിലും മൂലയിലും പോയി പ്രചരിപ്പിച്ചു.

എല്ലാ ജില്ലകളിലും പത്രസമ്മേളനം നടത്തി. എന്നിട്ടും തൊഴിലാളി പണിമുടക്കിന് ഒരു ചരമ കോളത്തിന്റെ പ്രാധാന്യം പോലും നൽകാതിരുന്ന മാധ്യമങ്ങളുടെ അജണ്ടയെ പ്രസംഗ മധ്യേ പരാമർശിച്ചതിനാണ് വിനു ജോൺ തന്റെ മ്ളേച്ഛമായ ഭാഷ ഉപയോഗിച്ച് ആക്ഷേപിച്ചത്. ജനാധിപത്യ വിരുദ്ധമായ ഒരു മാടമ്പി ഭാഷയിലാണ് ഏഷ്യാനെറ്റ് ചാനൽ അപമാനിച്ചത്. ഏഷ്യാനെറ്റിന്റെ ഈ നടപടിയിൽ സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here