ഇത് അരാഷ്ട്രീയം  പുലമ്പാനുള്ള സമയമാണോ?

കോർപറേറ്റ്‌ വർഗീയ കൂട്ടുകെട്ടിന്റെ തേർവാഴ്‌ചയിൽനിന്ന്‌ രാജ്യത്തെ രക്ഷിക്കാൻ  രണ്ട് ദിവസങ്ങളിലായി നീണ്ടു നിന്ന സമരം അവസാനിച്ചിരിക്കുകയാണ്. സംയുക്ത ട്രേഡ് യൂണിയൻ സമിതി നടത്തിയ സമരത്തെ അതിന്റെ  ഗൗരവം മനസിലാക്കി പിന്തുണയിക്കുന്നതിന് പകരം തരംതാഴ്ന്ന രീതിയിൽ വിമർശിച്ച രാഷ്ട്രീയ  പ്രമുഖരും  മാധ്യമപ്രവർത്തകരുമടങ്ങിയ അരാഷ്ട്രീയവാദികളെയും ഇക്കഴിഞ്ഞ ദിവസങ്ങളിൽ കേരളം കണ്ടു.

കേരളം വലഞ്ഞു,വലഞ്ഞ് ജനങ്ങൾ,ജനങ്ങൾ വലഞ്ഞു; പട്ടിണിയിലായി….
എന്നിങ്ങനെയാണ് ദേശിയ പ്രക്ഷോഭത്തെ കൈകാര്യം ചെയ്ത കേരളത്തിലെ മാധ്യമങ്ങൾ പറഞ്ഞത്. സർക്കാർ ജീവനക്കാർ സമരം ചെയ്യാൻ പാടില്ലെന്ന് ഹൈക്കോടതിയും പറഞ്ഞു. ഇത് ജനങ്ങളിൽ കൂടുതൽ തെറ്റിദ്ധാരണയുണ്ടാക്കിട്ടുണ്ട്. ശരിക്കും   സമരം എന്തിനാണെന്നും  പുതിയ സമര രീതികൾ കൊണ്ടുവരണമെന്നും പറയുന്നവരോട്  ഒരു കാര്യം, നാമിന്ന് അനുഭവിക്കുന്ന  പല അവകാശങ്ങളും എവിടെ നിന്ന് കിട്ടി എങ്ങനെ വന്നുവെന്ന്  ചിന്തിച്ചിട്ടുണ്ടോ?

പണ്ട് ഒരു നിശ്ചിത തൊഴിൽ സമയം ക്ലിപ്തപ്പെടുത്തിയിട്ടില്ലായിരുന്നു, അതുകൊണ്ട് പാവം  തൊഴിലാളികൾ അതിരാവിലെ തന്നെ ജോലിയിൽ പ്രവേശിച്ച്  രാത്രി വളരെ വൈകും വരെ ജോലി ചെയ്തിരുന്നു . മുതലാളിമാർ പറയുന്നതെന്തും  അച്ചട്ടുപോലെ അനുസരിക്കണം. വിസമ്മതിക്കുകയോ പ്രതിഷേധിക്കുകയോ ചെയ്താൽ ശിക്ഷ കഠിനമായിരുന്നു.  നിസ്സാരകുറ്റങ്ങൾക്കുപോലും വലിയ തുക പിഴയിടുകയോ ശാരീരിക പീഡനമേൽപ്പിക്കുകയോ ചെയ്യുമായിരുന്നു. തൊഴിലാളികൾ നല്ല വസ്ത്രം ധരിക്കാൻ പാടില്ലായിരുന്നു. ഈ അവസ്ഥയിലൂടെയെല്ലാം കടന്നുപോയ കേരള പരിസരത്തെ ഇന്നത്തെ സ്ഥിതിയിലേക്ക് എത്തിച്ചത് ട്രേഡ് യുണിയനുകളാണ്, അവരുടെ സമരങ്ങളാണ്…

കാലങ്ങൾ മുൻപേ രാജ്യത്ത് കൊടികുത്തി വാണിരുന്ന  അയിത്തം അവസാനിപ്പിക്കാനും  നിർബന്ധിത പ്രാഥമിക വിദ്യാഭ്യാസം ഏർപ്പെടുത്താനും , പ്രായപൂർത്തി വോട്ടവകാശം നടപ്പിലാക്കാനും  തുടങ്ങി പ്രധാനപെട്ട അവകാശങ്ങൾ എല്ലാം നേടിയെടുത്തതിന് പിന്നിൽ,  കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഏറ്റവും കൂടുതൽ വിമശനവും തെറി അഭിഷേകവും കേട്ട തൊഴിലാളി വർഗമാണ്, അവരുടെ നിശ്ചയദാർഢ്യമാണ്…

തൊഴിലാളികൾ സംഘടിത സമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുകയാണ് കേന്ദ്ര സർക്കാർ. രാജ്യത്ത് ട്രേഡ് യൂണിയൻ പ്രസ്ഥാനത്തെ കുഴിച്ചുമൂടാനുള്ള വ്യഗ്രതയിലാണ് കേന്ദ്രം. ഇതിനെതിരെയുള്ള ചെറുത്തുനിൽപ്പാണ്  പണിമുടക്ക് എന്ന് ഞാനും നിങ്ങളുമടങ്ങുന്ന സമൂഹം ഇനിയും മനസിലാക്കേണ്ടതുണ്ട് .

രാജ്യത്തെ ഏറ്റവും കരുത്തുറ്റ വിഭാഗമാണ് തൊഴിലാളികൾ. അവരെ ഉന്മൂലനം ചെയ്യാൻ കേന്ദ്രം  സ്വീകരിച്ച ഒറ്റമൂലി പ്രയോഗമാണ് തൊഴിലാളികളുടെ സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശങ്ങളെ അടിച്ചമർത്തുന്ന നിയമങ്ങൾ അടിച്ചേൽപ്പിക്കുക എന്നത്.അതിന്റെ ഭാഗമായി  പ്രതിപക്ഷത്തിന്റെ അഭാവത്തിൽ പുതിയ നാല് ലേബർ കോഡിന്റെ ബില്ല് മോദിയും കൂട്ടരും  അവതരിപ്പിച്ചു.

ഇതോടെകോർപ്പറേറ്റുകളുടെ പത്തായപ്പുരകളിലേക്കും  അടിമക്കൂടാരത്തിലേക്കും വാമൂടികെട്ടി    തൊഴിലാളികളെ എറിഞ്ഞു കൊടുക്കുക, ഇതാണ്  ലേബർ കോഡിന്റെ ലക്ഷ്യം. തൊഴിലാളികൾക്ക് വേണ്ടിയല്ല; മാനേജ്മെന്റുകൾക്കാണ് ലേബർ കോ‌‌ഡ് സംരക്ഷണം നല്‍കുന്നത്. ലേബർകോഡ് നിലവിൽ വരുന്നതോടെ  1926-ലെ ട്രേഡ് യൂണിയൻ നിയമം  റദ്ദാക്കപ്പെടും .സംഘടിക്കാനും, കൂട്ടായ വിലപേശലിനുമുള്ള നിലവിലെ അവകാശങ്ങൾ  മാറും  സമരങ്ങളും പണിമുടക്കങ്ങളും ക്രിമിനൽ കുറ്റമാകും.

അതായത് ഇന്ന കാര്യത്തിൽ എനിക്ക് വിയോജിപ്പ് ഉണ്ടെന്ന് പറഞ്ഞ് നാളെ നമുക്ക് പ്രതിഷേധിക്കാനാവില്ല. പകരം കേന്ദ്രത്തിന്റെ അനുസരണയുള്ള അടിമകളാവണം.  ഇത്തരമൊരു രാഷ്ട്രീയ സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. സ്വതന്ത്ര ഭാരതം ഒരിക്കലും നേരിടാത്ത ആഴമേറിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ഈ അവസരത്തിലാണ് പൊതുപണിമുടക്കിന് പ്രസക്തിയേറുന്നത്. അതിനാൽ ഇനിയെങ്കിലും ചിന്തിക്കൂ…  ഇത് അരാഷ്ട്രീയം   പുലമ്പാനുള്ള സമയമാണോ?

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here