തട്ടുപൊളിപ്പന്‍ ബാറ്റിംഗിലൂടെ ക്രിക്കറ്റ് പ്രേമികളെ ആവേശത്തേരിലേറ്റി സഞ്ജു സാംസണ്‍

ഐ പി എല്ലില്‍ മുന്നില്‍ നിന്ന് നയിക്കുന്ന മലയാളി ക്യാപ്ടനാണ് രാജസ്ഥാന്‍ റോയല്‍സിന്റെ കരുത്ത്. സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരായ തട്ടുപൊളിപ്പന്‍ ബാറ്റിംഗിലൂടെ അതിവേഗ ക്രിക്കറ്റ് പ്രേമികളെ ആവേശത്തേരേറ്റുകയായിരുന്നു സഞ്ജു സാംസണ്‍.

സ്വതസിദ്ധമായ ശൈലിയിലുള്ള ബാറ്റിംഗാണ് സഞ്ജുവിന്റെ പ്ലസ് പോയിന്റ് . പുള്‍ ഷോട്ടുകളിലൂടെയും കട്ട് ഷോട്ടുകളിലൂടെയും ബാക്ക് ഫൂട്ട് ഷോട്ടുകളിലൂടെയും ബോളര്‍മാര്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ച് അടിച്ചു തിമിര്‍ക്കുന്ന സഞ്ജുവിന്റെ കില്ലര്‍ ഇന്നിംഗ്‌സിനാണ് എം.സി എ സ്റ്റേഡിയം വേദിയായത്. ആദ്യാവസാനം ആക്രമണം അഴിച്ചു വിട്ട സഞ്ജു വെറും 27 പന്തില്‍ 3 ഫോറും 5 സിക്‌സറും സഹിതം നേടിയത് 55 റണ്‍സാണ്.

രാജസ്ഥാന്‍ 61 റണ്‍സിന് വിജയിച്ച മത്സരത്തില്‍ ഏറെ പ്രശംസിക്കപ്പെട്ടതും സഞ്ജുവിന്റെ ഈ മാസ്മരിക ഇന്നിംഗ്‌സും സൂപ്പര്‍ ക്യാപ്ടന്‍സിയുമാണ്. നിങ്ങളുടെ ബാറ്റിംഗില്‍ നിന്ന് എനിക്ക് കണ്ണെടുക്കാനേ തോന്നുന്നില്ലെന്നായിരുന്നു മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ കൃഷ്ണമാചാരി ശ്രീകാന്ത് സഞ്ജുവിന്റെ ബാറ്റിംഗിനെ പുകഴ്ത്തി ട്വിറ്ററില്‍ കുറിച്ചത്. രവി ശാസ്ത്രി, ഇര്‍ഫാന്‍ പത്താന്‍, ഹര്‍ഭജന്‍ സിംഗ് തുടങ്ങിയ മുന്‍ താരങ്ങളും കേരളത്തിന്റെ ഈ അഭിമാനതാരത്തെ വാനോളം പ്രശംസിച്ച് രംഗത്തെത്തി.

രാജസ്ഥാന് വേണ്ടി ഏറ്റവും അധികം സിക്‌സര്‍ നേടുന്ന താരമെന്ന ബഹുമതിയും അത്യുഗ്രന്‍ ബാറ്റിംഗിലൂടെ മലയാളി നായകന്‍ പേരിലാക്കി. രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സിനെതിരെ ഏപ്രില്‍ 2 നാണ് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സിന്റെ അടുത്ത മത്സരം. IPL ല്‍ 122 മത്സരങ്ങളില്‍ നിന്നായി 3 സെഞ്ചുറികളുടെയും 16 അര്‍ധ സെഞ്ചുറികളുടെയും അകമ്പടിയോടെ 3123 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. ഇന്ത്യന്‍ കുപ്പായത്തില്‍ 13 ട്വന്റി – 20 മത്സരങ്ങളും ഒരു ഏകദിനവും സഞ്ജു കളിച്ചിട്ടുണ്ട്. നടപ്പ് സീസണ്‍ IPL ല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത് ഒരിടവേളക്ക് ശേഷം രാജസ്ഥാന് കിരീടം സമ്മാനിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഈ തിരുവനന്തപുരത്തുകാരന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News