ആറ്റിങ്ങല്‍ മണ്ഡലത്തിലെ വീടുകളില്‍ കുടിവെള്ളമെത്തിക്കാന്‍ 33.5 കോടിയുടെ പദ്ധതി: മന്ത്രി റോഷി അഗസ്റ്റിന്‍

ആറ്റിങ്ങല്‍ മണ്ഡലത്തിലെ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കാന്‍ 33.5 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി നല്‍കിയതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. നഗരൂര്‍ ഗ്രാമ പഞ്ചായത്തിലെ അങ്ങേവിള, കൊല്ലോണംഗുരുനഗര്‍ കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുദ്ധമായ കുടിവെള്ളം എല്ലാ വീടുകളിലും എത്തിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ജലസ്രോതസ്സുകള്‍ പഴയകാലത്തെ പോലെ സമൃദ്ധമാകാന്‍ വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു.

ഗ്രാമീണമേഖലകളില്‍ ചെറുകിട കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കി ജലക്ഷാമം പരിഹരിക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി ഭൂജലവകുപ്പാണ് അങ്ങേവിള, കൊല്ലോണംഗുരുനഗര്‍ കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കിയത്. ഇതോടെ നഗരൂര്‍ ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വര്‍ഡിലെയും അഞ്ചാം വാര്‍ഡിലെയും 77 കുടുംബങ്ങള്‍ക്ക് നേരിട്ട് ഗാര്‍ഹിക കണക്ഷനുകള്‍ ലഭ്യമാകും. ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്ന് 4.75 ലക്ഷം രൂപയും ഭൂജല വകുപ്പിന്റെ ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതി ഫണ്ടില്‍ ഉള്‍പ്പെടുത്തി 9.25 ലക്ഷം രൂപയും വിനിയോഗിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ഏറെ നാളായി പ്രദേശവാസികള്‍ നേരിട്ട കുടിവെള്ളക്ഷാമത്തിനാണ് ഇതോടെ ശാശ്വത പരിഹാരമായത്.

ഒ.എസ് അംബിക എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി മുരളി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ജി. ജെ ഗിരികൃഷ്ണന്‍, നഗരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി. സ്മിത, വൈസ് പ്രസിഡന്റ് അബി ശ്രീരാജ്, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News