നമുക്കിനി കെഎസ്ആർടിസി ബസിൽ കയറി ധൈര്യമായി ചായയും കടിയും പറയാം. അതെങ്ങനെയെന്നല്ലേ? മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിൽ പ്രവർത്തനം ആരംഭിച്ച പിങ്ക് കഫേയിൽ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
കുടുംബശ്രീ ഇടുക്കി ജില്ലാ മിഷൻ ദേവികുളം ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് കഫേ തുടങ്ങിയിരിക്കുന്നത്. കെഎസ്ആർടിസിയുടെ ഉപയോഗശൂന്യമായ ബസുകൾ പുനരുപയോഗിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.
അറ്റകുറ്റപ്പണി ചെയ്ത് മോടി പിടിപ്പിച്ച ബസ് ആണ് കഫേയായി ഉപയോഗിക്കുന്നത്. ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുന്ന ഈ ബസിൽ ഒരേസമയം 20 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാം.
കുടുംബശ്രീ വനിതകൾക്കാണ് കഫേയുടെ ചുമതല. 14 പേർക്കാണ് ഇതുവഴി തൊഴിൽ ലഭിച്ചത്.രാവിലെ 5 മുതൽ രാത്രി 11 വരെയാണ് പ്രവർത്തന സമയം. ഉച്ചഭക്ഷണം ഉൾപ്പെടെ ലഭ്യമാണ്.
ഹോം ഡെലിവറിയും ഉദ്ദേശിക്കുന്നുണ്ട്. മന്ത്രി പി.എ.മുഹമ്മദ് റിയാസാണ് പദ്ധതിയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചത്. ഡിപ്പോയിൽ നടന്ന ചടങ്ങിൽ എ.രാജ എംഎൽഎ, സബ്കലക്ടർ രാഹുൽ കൃഷ്ണ ശർമ, പഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാർ, എടിഒ എ.അഭിലാഷ്, ഡിപ്പോ ഇൻചാർജ് സേവി ജോർജ്, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.