പക്ഷാഘാതം: അപകടസാധ്യത ആര്‍ക്കൊക്കെ? ലക്ഷണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം

നമ്മുടെ തലച്ചോറിന് സുഗമമായി പ്രവര്‍ത്തിക്കാന്‍ തുടര്‍ച്ചയായി ഉള്ള ഓക്സിജന്‍ വിതരണവും പോഷകവും ആവശ്യമാണ്. ഇവയുടെ വിതരണം തടസപ്പെടുകയോ നിലയ്ക്കുകയോ ചെയ്യുമ്പോള്‍ തലച്ചോറിലെ കോശങ്ങള്‍ നശിച്ചു തുടങ്ങുന്നു. ഇതാണ്് പക്ഷാഘാതത്തിലേക്ക് നയിക്കുന്നത്.

പക്ഷാഘാതം പ്രധാനമായും രണ്ട് തരത്തിലാണുള്ളത്. ഒന്നാമത്തേത് ഇസ്‌കീമിക് സ്ട്രോക്. 85 ശതമാനത്തില്‍ അധികം സ്ട്രോക്കുകളും ഈ വിഭാഗത്തില്‍പ്പെടുന്നു. തലച്ചോറിലേക്കുള്ള രക്തധമനികള്‍ ചുരുങ്ങുകയോ രക്തം കട്ടപിടിച്ച് രക്തത്തിന്റെ ഒഴുക്ക് തടസപ്പെടുകയോ ചെയ്യുന്നതിനെയാണ് ഇസ്‌കീമിക് സ്ട്രോക്ക് എന്ന് പറയുന്നത്.

രണ്ടാമത്തേത് ഹെമറാജിക് സ്ട്രോക്. തലച്ചോറിലെ രക്തക്കുഴല്‍ പൊട്ടി രക്തസ്രാവമുണ്ടാകുന്നതാണ് ഹെമറാജിക് സ്ട്രോക്ക് എന്ന് പറയുന്നത്. ഇവ കൂടാതെ വളരെ കുറച്ചുസമയത്തേക്ക് മാത്രം ലക്ഷണങ്ങള്‍ പ്രകടമാക്കുന്ന മിനി സ്ട്രോക് /ട്രാന്‍സിയന്റ് ഇസ്‌കീമിക് അറ്റാക് എന്ന മറ്റൊരവസ്ഥയും കണ്ടു വരുന്നു. ഈ അവസ്ഥയെ അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണുകയും ശരിയായ ചികിത്സ എടുക്കേണ്ടതും അത്യാവശ്യമാണ്.

നടക്കുമ്പോള്‍ ബാലന്‍സ് തെറ്റുക, കാഴ്ചപ്രശ്നം, മുഖം ഒരു വശത്തേക്ക് കോടുകയോ സംവേദമില്ലാതെയോ ആകുക, കൈകള്‍ ഉയര്‍ത്താനുള്ള ശേഷി നഷ്ടമാകുക, സംസാരിക്കാനുള്ള ബുദ്ധിമുട്ട്, ആശയക്കുഴപ്പം, മറ്റുള്ളവര്‍ പറയുന്നത് മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട്, കടുത്ത തലവേദന, തലകറക്കം എന്നിവയാണ് പക്ഷാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.

ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്ട്രോള്‍, അമിതവണ്ണം, ഹൃദ്രോഗം, ഹൃദയവാല്‍വുകള്‍ക്ക് പ്രശ്നം, സിക്കിള്‍ സെല്‍ രോഗം, പ്രമേഹം, രക്തം കട്ട പിടിക്കുന്ന രോഗം, പേറ്റന്റ് ഫൊറാമെന്‍ ഒവേല്‍ തുടങ്ങിയവ ഉള്ളവര്‍ക്ക് പക്ഷാഘാത സാധ്യത അധികമാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

അലസമായ ജീവിതശൈലി, അമിതമായ മദ്യപാനം, പുകവലി, ഉപ്പിന്റെയും അനാരോഗ്യകരമായ കൊഴുപ്പിന്റെയും അമിത ഉപയോഗം തുടങ്ങിയവും പക്ഷാഘാതത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഒരു തവണ പക്ഷാഘാതം വന്നവര്‍ക്കും പിന്നീട് ഇത് ആവര്‍ത്തിക്കാന്‍ സാധ്യത കൂടുതലാണ്.

സാധാരണ ഗതിയില്‍ പ്രായം ചെന്നവര്‍ക്കാണ് പക്ഷാഘാതം ഉണ്ടാകുന്നതെങ്കിലും യുവാക്കളിലും ഇതിന്റെ സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല. പക്ഷാഘാത കേസുകളില്‍ 15 ശതമാനം 18നും 55നും ഇടയില്‍ പ്രായമുള്ളവരിലാണ് ഉണ്ടാകുന്നതെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here