വിപ്ലവ വീര്യത്തിന്റെ കഥ; ധീര സ്മരണയായി പുന്നപ്ര-വയലാർ

രാജവാഴ്ചയ്ക്കും ദിവാൻ ഭരണത്തിനുമെതിരെ അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന് ഉറക്കെ പ്രഖ്യാപിച്ച് സർ സിപിയുടെ പട്ടാളത്തെ സധൈര്യം നേരിട്ട ധീര സ്മരണയാണ് പുന്നപ്ര-വയലാർ. 1946 ഒക്ടോബറിൽ നൂറുകണക്കിന് രക്തസാക്ഷികളുടെ പോരാട്ടവീര്യത്തിനാണ് സമരം സാക്ഷ്യം വഹിച്ചത്.

‘ഞങ്ങൾക്ക് എന്നപോലെ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും വേണ്ടിയാണ് ഞങ്ങൾ ഈ സമരം ചെയ്യുന്നത്, ഞങ്ങളെ കൊന്നാലേ നിങ്ങൾക്ക് ജീവിക്കുവാൻ സാധിക്കൂ എങ്കിൽ നിങ്ങൾ ഞങ്ങളെ വെടിവെക്കൂ.’

മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ട വയലാറിലെ സമര ക്യാമ്പിൽ നിന്നായിരുന്നു ഈ ശബ്ദം, മാനവ മോചന പ്രത്യയശാസ്ത്രം നെഞ്ചിലേറ്റി ചെങ്കൊടികൂറയിൽ നിന്നുയർന്ന ഈ ശബ്ദം ഡി എസ് പി വൈദ്യനാഥന്റെ പട്ടാളക്കാരുടെ തോക്കിനു മുൻപിൽ നിശബ്ദമായി.

തോക്കുകൾക്ക് വിശപ്പ് അറിയില്ലായിരുന്നു, സർ സി പി യുടെ ഭീകരവാഴ്ചയെക്കുറിച്ച് അറിയില്ലായിരുന്നു, മുണ്ടു മുറുക്കിയുടുത്ത മനുഷ്യന്റെ അവസാന പ്രതീക്ഷകളെ കുറിച്ച് അറിയില്ലായിരുന്നു, അത് തുടരെ തീയുണ്ടകൾ വർഷിച്ചു.

പുന്നപ്രയിലും വയലാറിലും നൂറുകണക്കിന് ജീവനുകൾ അറ്റു വീണു മാരാരിക്കുളത്തും മേനാശ്ശേരിയിലും ഒളത്തലയിലും ചെറുത്തുനിൽപ്പുകൾ രക്തരൂക്ഷിതമായി. പുന്നപ്ര-വയലാർ അഥവാ കേരളത്തിലെ പാരീസ് കമ്മ്യൂൺ.

1946ലെ ഒക്ടോബറിൽ വാരി കുന്തവും അരിവാളും ഏന്തിയ ഒരുപറ്റം മനുഷ്യരെ സർ സി പിയുടെ പട്ടാളം തോക്കിനിരയാക്കിയിടാത്ത് തുടങ്ങുന്നതതോ അവസാനിക്കുന്നതോ അല്ല പുന്നപ്ര-വയലാർ സമരം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തെലങ്കാനയിലും തേഭാഗയിലും നയിച്ച സാമ്രാജ്യത്വവിരുദ്ധ -സ്വാതന്ത്രസമര പ്രക്ഷോഭങ്ങളുടെ ഭാഗമായിരുന്നു പുന്നപ്ര-വയലാർ.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ രാജവാഴ്ച്ചയുടെയും സവർണ്ണ ജന്മിത്വത്തെയും കാൽ കീഴിൽ ഞെരിഞ്ഞമർന്നു ജീവിക്കുകയായിരുന്നു ആലപ്പുഴയിലെ ഭൂരിഭാഗം ജനവിഭാഗങ്ങളും, സാമൂഹിക മുന്നേറ്റങ്ങളുടെ ഭാഗമായി നവോത്ഥാനത്തിന്റെ ശുദ്ധവായു ശ്വസിക്കാൻ തുടങ്ങിയ സമൂഹം വർഗ്ഗ ബോധത്തിലേക്ക് ചുവടുവയ്ക്കുന്ന കാലം കൂടിയായിരുന്നു അത്.

കയർ ഫാക്ടറികളുടെ വളർച്ച ആലപ്പുഴയുടെ മണ്ണിൽ 1922 ൽ കേരളത്തിലെ ആദ്യത്തെ തൊഴിലാളി സംഘടനയ്ക്ക് ജന്മം നൽകി, ‘തിരുവിതാംകൂർ ലേബർ അസോസിയേഷൻ’.

രാവന്തിയോളം പണിയെടുത്തും, കൂലിയില്ലാതെ മർദ്ദനമേറ്റും കഴിഞ്ഞിരുന്ന കയർ ഫാക്ടറി തൊഴിലാളികൾ സംഘടനയ്ക്ക് പിന്നിൽ അണിനിരന്നു. ഒട്ടനവധി പോരാട്ടങ്ങളുടെ അഗ്നിജ്വാലകളിലൂടെ കടന്നുപോയ തൊഴിലാളിവർഗ്ഗം അടിച്ചമർത്തലുകൾക്കും സ്വാതന്ത്ര്യ നിഷേധത്തിനുമെതിരെ സന്ധിയില്ലാ സമരത്തിന് തയ്യാറായി. ജീവിക്കാനുള്ള അവകാശത്തിനായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ അവർ ഉയിർത്തെഴുന്നേറ്റു.

അമേരിക്കൻ മോഡൽ പിൻവലിക്കുക, ദിവാൻ ഭരണം അവസാനിപ്പിക്കുക, ഉത്തരവാദ ഭരണവും പ്രായപൂർത്തി വോട്ടവകാശവും തുടങ്ങി 26 ആവശ്യങ്ങളുന്നയിച്ച് തൊഴിലാളികൾ പണിമുടക്കിലേക്ക് നീങ്ങി.
പണിമുടക്കിനെ പോലീസ് ക്രൂരമായി നേരിട്ടു പാർട്ടി ഓഫീസുകളും തൊഴിലാളികളുടെ വീടുകളും തല്ലിത്തകർത്തു.

ജാഥകൾക്ക് നേരെ ലാത്തിച്ചാർജും വെടിവെപ്പും നടത്തി നിരവധി പേർ മരിച്ചുവീണു, തിരിച്ചടിക്കാൻ തന്നെ തൊഴിലാളികൾ നിശ്ചയിച്ചു. പലസ്ഥലങ്ങളിലും തൊഴിലാളികൾ പോലീസും പട്ടാളവുമായി ഏറ്റുമുട്ടി, ഒടുവിൽ പുന്നപ്ര പട്ടാള ക്യാമ്പിലേക്ക് തൊഴിലാളികൾ മാർച്ച് ചെയ്തു.

വയലാറിലെ സമര ക്യാമ്പിനെ ബോട്ടിൽ എത്തിയ പോലീസ് തോക്കിനിരയാക്കി. നൂറുകണക്കിന് പേർ പിടഞ്ഞു വീണു. ചൊരിമണൽ ഗ്രാമങ്ങൾക്ക് ചരിത്രപുസ്തകത്തിൽ പുതിയ പേര് വീണു രക്തസാക്ഷി ഗ്രാമങ്ങൾ. യന്ത്രതോക്കുകളെ വാരികുന്തവുമായി നേരിട്ട ധീരതയുടെ പേരാണ് പുന്നപ്ര-വയലാർ.

ഇനിയൊരു നൂറു കൊല്ലത്തേക്ക് ഈ മണ്ണിൽ കമ്മ്യൂണിസ്റ്റുകാർ ഉണ്ടാവില്ല എന്നട്ടഹസിച്ച സർ സിപി തിരുവിതാംകൂർ വിട്ടു. ഇതിഹാസ സമരത്തിന്റെ പത്താണ്ട് തികഞ്ഞപ്പോൾ കേരളം പിറവികൊണ്ടു അടുത്തവർഷം ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി കമ്യൂണിസ്റ്റുകാർ ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലേറി. തിരുവിതാംകൂറിലെ മർദ്ദിത മനുഷ്യർ ചരിത്രത്തിന്റെ ഭിത്തിയിലെഴുതിയ ഇതിഹാസമാണ് പുന്നപ്ര-വയലാർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News